ദുബായ്: ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പലവിധ പദ്ധതികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനായി നേതാക്കളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യമിട്ടുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭരണമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനാണു ട്രംപ് ആഗ്രഹിക്കുന്നതെന്ന് ഇതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനായി, ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ കമാൻഡർമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തും.ഇതിലൂടെ വീണ്ടും പ്രക്ഷോഭം നടത്താനുള്ള ധൈര്യം ജനങ്ങൾക്കു ലഭിക്കും. ജനകീയ പ്രക്ഷോഭത്തിൽ സർക്കാരും സുരക്ഷാ സംവിധാനങ്ങളും അട്ടിമറിക്കപ്പെടാം.
പ്രത്യാഘാതം ദീർഘകാലം നീളുന്ന വൻ ആക്രമണവും പരിഗണനയിലുണ്ട്. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ടായിരിക്കും ഈ ആക്രമണം.
ഇറാനിലെ സൈനിക നടപടി വേണോ എന്നതിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കൻ ആക്രമണം നേരിടേണ്ടിവരുമെന്നു ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ട്രംപ് തീരുമാനമെടുത്താൽ അത് ഉടനടി നടപ്പാക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
ഇതിനിടെ, അമേരിക്കൻ വ്യോമാക്രമണം കൊണ്ടുമാത്രം ഇറാനിലെ ഭരണകൂടം വീഴില്ലെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ജനകീയ പ്രക്ഷോഭത്തിൽ ഭരണകൂടം ദുർബലമായെങ്കിലും പിടി അയഞ്ഞിട്ടില്ല.
ഇറേനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യെ യുഎസ് വധിച്ചാലും മറ്റൊരു നേതാവ് തത്സ്ഥാനത്തെത്തും. ജനകീയ പ്രക്ഷോഭം ശക്തമായാലേ ഭരണകൂടം ദുർബലമാകൂ. ഇതോടൊപ്പം ഇറാനുമേൽ പുറത്തുനിന്നും സമ്മർദം ചെലുത്തണമെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബ്രസൽസ്: ഇറാനിലെ വിപ്ലവഗാർഡ് സേനയെ യൂറോപ്യൻ യൂണിയൻ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തി. ഇതിനു പുറമേ ഇറാനേതിരെ പുതിയ ഉപരോധങ്ങൾ ചുമത്താനും തീരുമാനിച്ചു.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ പേരിലാണ് നടപടികൾ. വിപ്ലവഗാർഡുകളാണ് തെരുവിൽ പ്രക്ഷോഭകരെ നേരിട്ടത്.
അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ സംഘടനകളാണ് യൂറോപ്യൻ യൂണിയന്റെ ഭീകരവാദ പട്ടികയിലുള്ളത്.
ഇറാനോടുള്ള യൂറോപ്യൻ യൂണിയൻ സമീപനത്തിൽ കാതലായ മാറ്റമുണ്ടായി എന്നാ ണ് ഈ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.