International
വാഷിംഗ്ടണ്‍ ഡിസി: ഗാസയുടെ പുനര്‍നിര്‍മാണത്തിനായി രൂപവത്കരിച്ച അന്താരാഷ്ട്ര സംഘടനയായ ബോര്‍ഡ് ഓഫ് പീസിലേക്ക് അമേരിക്ക പത്തു ബില്യണ്‍ (1000 കോടി) ഡോളറിന്റെ സഹായം നല്‍കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ചൈനയെയും റഷ്യയെയും ബോര്‍ഡില്‍ ചേരാന്‍ ട്രംപ് ക്ഷണിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡിസിയില്‍ നടന്ന ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു വളരെ ചെറിയ സംഖ്യയാണ്- ട്രംപ് കൂട്ടിച്ചേര്‍ത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ വിഷയത്തിൽ ചർച്ചയും ഭീഷണിയുമെന്ന ഇരട്ട നില തുടർന്ന് അമേരിക്ക.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ കടലിലേക്കയച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പലാണ് കരീബിയൻ കടലിൽനിന്നു പശ്ചിമേഷ്യയിലേക്കു നീങ്ങിത്തുടങ്ങിയത്.
ഇറാനെതിരേ സൈനിക നടപടി ട്രംപ് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു പുതിയ നീക്കം. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും രണ്ടാഴ്ച മുമ്പ് പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് ജെറാൾഡ് ആർ. ഫോർഡ്കൂടി ചേരുക. ഇക്കാര്യം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള യുദ്ധവിമാനങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിൽ പങ്കെടുത്തത്.
അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽനിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രയേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.
International
ലണ്ടൻ: ബിബിസിക്കെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അടുത്ത വർഷം വിചാരണ ആരംഭിക്കും.
ബിബിസി നൽകിയ സ്റ്റേ ഹർജി തള്ളിക്കൊണ്ടാണു വിചാരണ ആരംഭിക്കാൻ കോടതി തീയതി കുറിച്ചത്. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതി ജഡ്ജി റോയ് കെ. ആൾട്ട്മാനാണു കേസ് കേൾക്കുന്നത്. 2027 ഫെബ്രുവരിയിൽ വിചാരണ ആരംഭിക്കും.
ട്രംപിന്റെ വ്യത്യസ്ത പ്രസംഗങ്ങൾ വെട്ടിയൊട്ടിച്ച് ബിബിസി സംപ്രേഷണം ചെയ്തെന്നാണ് ആരോപണം. ബിബിസി ചെയർപേഴ്സൺ സമീർ ഷാ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് പാർലമെന്ററി ഉപസമിതിക്കു മുന്നിൽ മാപ്പപേക്ഷിച്ചെങ്കിലും ട്രംപ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു.
തനിക്കുണ്ടായ മാനനഷ്ടത്തിന് അഞ്ചു ബില്യൺ ഡോളറും മാധ്യമ കമ്പനിയുടെ തെറ്റായ നടപടികൾക്ക് അഞ്ച് ബില്യൺ ഡോളറും നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളിൽ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. സംഭവത്തിൽ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജിവച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമതൊരു വിമാനവാഹിനിക്കപ്പൽ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇസ്രേലി മാധ്യമങ്ങളായ ചാനൽ 12നും ആക്സിയോസിനും നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അമേരിക്ക വളരെ കഠിനമായ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ വീണ്ടുമൊരു സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ചർച്ചകൾ പുനരാരംഭിക്കാൻ തയാറെടുക്കവെ ട്രംപ് നടത്തിയ പ്രസ്താവന അഭ്യൂഹങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ കഴിഞ്ഞയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തിയിരുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെയും ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഇറാനിൽ അമേരിക്ക ഏതുസമയവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക പരത്തിയെങ്കിലും ഇറാൻ ചർച്ചയ്ക്കു തയാറാകുകയും ഒമാനിൽ ഇറാൻ-അമേരിക്ക ചർച്ച നടക്കുകയും ചെയ്തതോടെ സംഘർഷഭീതി ഒഴിവായിരുന്നു. ഇതിനിടയിലാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുവന്നിട്ടുള്ളത്.
അതേസമയം, ഇറാൻ- യുഎസ് സംഘർഷത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിലെത്തി. രാത്രി വൈകി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. യുഎസ്- ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും തടയുന്നതിനൊപ്പം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്ന കരാറിനായി ആ രാജ്യത്തിനുമേൽ സമ്മർദം ചെലുത്തുകയെന്നതാണ് ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കു പിന്നിലെ പ്രധാന അജൻഡ.
International
വാഷിംഗ്ണ് ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്‍ഡി ഹോവ് ഇന്റര്‍നാഷനല്‍ പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കാനഡ പൂര്‍ണമായും ധനസഹായം നല്കി നിര്‍മിച്ച ഈ പാലം തുറന്നുനല്കുന്നതിനു മുന്‍പായി അതിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
കാനഡ അമേരിക്കയെ വ്യാപാരപരമായി ചൂഷണം ചെയ്യുകയാണെന്നും പകരമായി ഈ പാലത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ആവശ്യമുയര്‍ത്തി. സംഭവത്തില്‍ കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്.
പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.
അയത്തൊള്ള അലി ഖമനയ്യുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്നു ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
കൂട്ടക്കൊല
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടുവെന്ന് ഹമീദി വെളിപ്പെടുത്തുന്നു. 40,000ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഹമീദി അവകാശപ്പെടുന്നത്. "ഇവിടെ ജനിച്ചതിൽ എനിക്കു ചിരി വരുന്നു, ഭാവിയില്ലാത്ത ഒരിടം. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല...' എന്നിങ്ങനെ തന്റെ നിരാശയും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂർണമായും ഒറ്റപ്പെട്ടുപോയ ഒരവസ്ഥയിലാണ് ഇറാനിലെ ജനങ്ങളെന്നും അവർ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഹമീദി വീഡിയോ അവസാനിപ്പിക്കുന്നത്.
ഇറാനിൽ അറസ്റ്റ് തുടരുന്നു
ഇറാൻ ഭരണകൂടം രാജ്യത്ത് അടിച്ചമർത്തലുകൾ ശക്തമാക്കുന്നതിനിടയിലാണ് ഹമീദിയുടെ ആത്മഹത്യ. വീഡിയോ ലോകനേതാക്കൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഉൾപ്പെടെയുള്ള പ്രമുഖർക്കു കൂടുതൽ ജയിൽ ശിക്ഷ നൽകുകയും പ്രതിപക്ഷ നേതാക്കളുടെ തുറുങ്കിലടയ്ക്കുന്നതു തുടരുകയുമാണ്. അതേസമയം, മറുവശത്ത് ഒമാൻ വഴി അമേരിക്കയുമായി ആണവ ചർച്ചകൾ തുടരാനും ഇറാൻ ശ്രമിക്കുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ആണവചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ തീരുവയും ഉപരോധവും വർധിപ്പിച്ച് അമേരിക്ക. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ വർധിപ്പിക്കുന്ന ഉത്തരവ് പ്രസിഡന്റ ്ട്രംപ് പുറപ്പെടുവിച്ചു.
ഇറേനിയൻ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളാണ് നടപടി നേരിടുക. തീരുവ എത്ര ശതമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 25 ശതമാനം ആയിരിക്കുമെന്ന് അദ്ദേഹം മുന്‍പ് സൂചിപ്പിച്ചിരുന്നു.
ഇറേനിയൻ ഭരണകൂടത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ തടയുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനു പുറമേ ഇറാനെതിരായ ഉപരോധം വർധിപ്പിക്കുന്നതായും അമേരിക്ക അറിയിച്ചു. ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന 15 സ്ഥാപനങ്ങൾ, 14 ടാങ്കർ കപ്പലുകൾ എന്നിവയ്ക്കെതിരേയാണ് ഉപരോധങ്ങൾ.
International
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവച്ച ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക വിമര്‍ശനം.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍, വിഷയത്തില്‍ മാപ്പ് പറയില്ലെന്നാണ് ട്രംപിന്റെ നിലപാട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ ഖേദപ്രകടനത്തിന് സാഹചര്യമില്ലെന്നുമാണ് ട്രംപിന്റെ വിശദീകരണം. ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് വിഷയത്തില്‍ വൈറ്റ് ഹൗസ് നല്കുന്ന വിശദീകരണം. പിന്നാലെയാണ് മാപ്പ് പറയാന്‍ തയാറല്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.
വീഡിയോയുടെ അവസാന ഭാഗത്തുള്ള ആക്ഷേപകരമായ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ച തരത്തിലുള്ളത്.
International
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റിലെ' കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി.
രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു.
മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി.
ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ കണ്ടുകെട്ടുകയും അമേരിക്കക്കാരുമായോ അമേരിക്കൻ ബാങ്കുകളുമായോ ഇടപാട് നടത്തുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ എണ്ണ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളും ഈ ഉപരോധത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ഇറാന്റെ സാമ്പത്തിക അടിത്തറയെ തകർക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് തടയാനുമുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഉപരോധത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
International
ടോക്കിയോ: നാളെ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചിക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ ട്രംപ്. പ്രധാനമന്ത്രി തകായിച്ചിക്ക് കരുത്തുറ്റ പിന്തുണ വേണമെന്നും അതു നല്കുന്നതു ബഹുമതിയായി താൻ പരിഗണിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.
തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്ന തകായിച്ചിക്കു ട്രംപിന്റെ പിന്തുണ കൂടുതൽ കരുത്തു പകരും. തകായിച്ചിയും അവരുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നല്കുന്ന സഖ്യവും 465 അംഗ പാർലമെന്റിൽ 300 സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പ്രവചനം. നിലവിൽ നാമമാത്ര ഭൂരിപക്ഷമാണുള്ളത്.
ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി അധികാരത്തിലേറി മാസങ്ങൾക്കകം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അഭിപ്രായ സർവേകളിലെ ജനപിന്തുണ വോട്ടാക്കി മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. സമീപകാലത്ത് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വൻ പരാജയങ്ങൾ നേരിട്ടിരുന്നു.
ഇതിനിടെ, ട്രംപ് വിദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കുന്ന ഹംഗറിയിലെ പ്രധാനമന്ത്രി വിക്തർ ഓർബാനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യാഴാഴ്ച അറിയിച്ചിരുന്നു.
ട്രംപും തകായിച്ചിയും തമ്മിലുള്ള നല്ല ബന്ധത്തെ ജാപ്പനീസ് നിക്ഷേപ, വ്യവസായസമൂഹം പോസിറ്റീവായാണു കാണുന്നത്.
NRI
ഫ്ലോറിഡ: 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തിന് (59) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബിൽ വച്ചായിരുന്നു റൗത്തിന്റെ വധശ്രമം.
ഗോൾഫ് കോഴ്സിലെ കുറ്റിക്കാട്ടിൽ തോക്കുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്റ് കണ്ടെത്തുകയും വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുനിന്നും പിടികൂടുകയായിരുന്നു.
മാസങ്ങളോളം നീണ്ട ആസൂത്രണം, പശ്ചാത്താപമില്ലായ്മ, ആരെയും കൊല്ലാനുള്ള മനോഭാവം എന്നിവ കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി വന്നതിന് പിന്നാലെ കോടതിയിൽ വച്ച് ഇയാൾ സ്വയം കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
ഇയാൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് സ്കോപ്പുള്ള റൈഫിളും ട്രംപിന്റെ യാത്രാ വിവരങ്ങളടങ്ങിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു. 2024ൽ ട്രംപിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്.
നേരത്തെ ജൂലൈയിൽ പെൻസിൽവേനിയയിൽ നടന്ന റാലിക്കിടെയും അദ്ദേഹത്തിന് നേരെ വെടിവയ്പ് നടന്നിരുന്നു.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
കാർഷികമേഖലയ്ക്കു സംരക്ഷണമെന്ന്
അതേസമയം, അമേരിക്കയുമായുള്ള പുതിയ കരാറിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ കൃഷി, ക്ഷീര വ്യവസായം എന്നിവയ്ക്കു പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഈ മേഖലകളുടെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കും. അതേസമയം, തങ്ങൾക്ക് ഇതേപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു റഷ്യൻ വൃത്തങ്ങളുടെ പ്രതികരണം.
National
ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി വിപണി തുറന്നുനൽകണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിന് ആഭ്യന്തര കാർഷിക-ക്ഷീര കർഷകരുടെ താത്പര്യങ്ങൾ മാനിച്ചായിരുന്നു ഇന്ത്യ മുഖം തിരിച്ചിരുന്നത്.
ഇന്ത്യയുടെ പ്രാദേശിക വിളകളുടെ ആവശ്യത്തിനും നിലനില്പിനും ഭീഷണിയാകുന്ന ജിഎം വിളകളുടെ കടന്നുവരവും ഇന്ത്യയിലെ പാലുത്പന്നങ്ങളിൽ 15 ശതമാനത്തോളം വിലക്കുറവിന് കാരണമാകുന്ന ക്ഷീര മേഖലയുടെ തുറന്നുനൽകലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതാണ്.
റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യ അതിശക്തമായി സംരക്ഷണം നൽകിയിരുന്ന കാർഷികമേഖല ഭാഗികമായി തുറന്നുനൽകി തെരഞ്ഞെടുത്ത ചില കാർഷികോത്പന്നങ്ങൾക്ക് തീരുവ കുറച്ചിട്ടുണ്ട്.
ഔദ്യോഗികരേഖകൾ അന്തിമമാകുന്നതേയുള്ളൂവെന്നും കാർഷിക-ക്ഷീര മേഖലകൾക്കു സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണ മേഖലകൾക്ക് വലിയ ഊർജമേകുന്ന കരാറിൽ ധാരണയിലെത്തുന്നതിന് രാജ്യത്തെ കാർഷികമേഖലയെ ബലിയാടാക്കിയോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
International
വാഷിംഗ്ടൺ: ഇറാനിൽനിന്ന് ക്രൂഡ് ഒായിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിൽനിന്ന് ഫ്ളോറിഡയിലേക്കു പോകുന്ന വേളയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങും- ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനിടെ, ഇറാനുമായി ചർച്ചയ്ക്കു പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയമോ സന്ദർഭമോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇറാനുമായി ചർച്ച സാധ്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “എനിക്ക് അങ്ങനയൊരു ആലോചനയുണ്ട്’’ എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ വന്പൻ കപ്പൽപ്പട ഇറാനെ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആക്രമണം ഒഴിവാക്കാൻ കഴിഞ്ഞാൽ നല്ലതാണ്.
സൈനിക നടപടി ഒഴിവാക്കാൻ രണ്ടു കാര്യങ്ങൾ ചെയ്യണമെന്ന് ഇറാനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ആണവപദ്ധതികൾ ഉപേക്ഷിക്കണം എന്നതാണ് ഒന്നാമത്തേത്. പ്രതിഷേധക്കാരെ കൊല്ലുന്നതു നിർത്തണം എന്നതാണ് രണ്ടാമത്തേത്. ആയിരക്കണക്കിനു പേരെയാണ് ഇറാൻ കൊല്ലുന്നത്. ആണവ വിഷയത്തിൽ ഇറാൻ ഉടൻ ചർച്ചാമേശയിലെത്തുമെന്നു ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ ട്രംപ് പരിശോധിച്ചുവരികയാണെങ്കിലും ആക്രമണം നടത്താനുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നു പറയുന്നതിനിടെയും ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഇറാൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലെത്തി. ഇതിനു പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഇടപെടലിനു തുർക്കി തയാറാണെന്ന് എർദോഗൻ അറിയിച്ചു.
യുഎസ് യുദ്ധക്കപ്പൽ ഇസ്രയേലിൽ
ടെൽ അവീവ്: അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ ഇസ്രയേലിലെ ഐലാത്ത് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ട്. ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ഇസ്രയേലോ യുഎസോ തയാറായില്ല. ഇസ്രയേൽ-യുഎസ് സൈനിക സഹകരണത്തിന്റെ ഭാഗമായി നേരത്തേ എടുത്ത തീരുമാനപ്രകാരമാണു കപ്പൽ എത്തിയതെന്നു പറയുന്നു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നടപ്പാക്കാൻ തയാറാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ലോക സന്പദ് വ്യവസ്ഥയെ ബാധിക്കുന്ന സുപ്രധാന നയതീരുമാനങ്ങളെടുക്കുന്ന അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി സാന്പത്തിക വിദഗ്ധൻ കെവിൻ വാർഷിനെ നാമനിർദേശം ചെയ്യുമെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇപ്പോഴത്തെ ഫെഡ് മേധാവി ജറോം പവലിന്റെ കാലാവധി മേയിൽ അവസാനിക്കും.
ഫെഡിനെ നയിക്കുന്ന ഏഴംഗ ഗവർണർ സമിതിയിൽ 2006 മുതൽ 2011 വരെ അംഗമായിരുന്നു വാർഷ്. അന്‍പത്തഞ്ചുകാരനായ അദ്ദേഹം ഫെഡിന്റെ പല നയങ്ങൾക്കും എതിരാണ്. ഫെഡ് പലിശനിരക്ക് താഴ്ത്തണം എന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം ഇതിലൊന്നാണ്.
ഇപ്പോഴത്തെ ഫെഡ് മേധാവി ജറോം പവലും ട്രംപ് ഭരണകൂടവും തമ്മിൽ പലിശനിരക്കിന്റെ പേരിൽ അഭിപ്രായവ്യത്യാസമുണ്ട്. പലിശനിരക്ക് താഴ്ത്തണമെന്ന ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിക്കാൻ പവൽ വൈകുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം, വെട്ടിത്തുറന്നു വിമർശനം നടത്തുന്ന കെവിൻ വാർഷ് പ്രസിഡന്റ് ട്രംപിനെയോ നിക്ഷേപസമൂഹത്തെയോ തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുമോ എന്നതിൽ വ്യക്തതയില്ല. ഫെഡ് ഗവർണറായി പ്രവർത്തിക്കവേ പണപ്പെരുപ്പത്തിനെതിരേ സ്വീകരിച്ച കർശന സമീപനം അദ്ദേഹത്തിന്റെ പ്രായോഗികതയ്ക്കു തെളിവാണെന്നു നിക്ഷേപസമൂഹത്തിലെ ചിലർ ചൂണ്ടിക്കാട്ടി.
International
ദുബായ്: ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പലവിധ പദ്ധതികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനായി നേതാക്കളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യമിട്ടുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭരണമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനാണു ട്രംപ് ആഗ്രഹിക്കുന്നതെന്ന് ഇതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനായി, ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ കമാൻഡർമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തും.ഇതിലൂടെ വീണ്ടും പ്രക്ഷോഭം നടത്താനുള്ള ധൈര്യം ജനങ്ങൾക്കു ലഭിക്കും. ജനകീയ പ്രക്ഷോഭത്തിൽ സർക്കാരും സുരക്ഷാ സംവിധാനങ്ങളും അട്ടിമറിക്കപ്പെടാം.
പ്രത്യാഘാതം ദീർഘകാലം നീളുന്ന വൻ ആക്രമണവും പരിഗണനയിലുണ്ട്. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ടായിരിക്കും ഈ ആക്രമണം.
ഇറാനിലെ സൈനിക നടപടി വേണോ എന്നതിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കൻ ആക്രമണം നേരിടേണ്ടിവരുമെന്നു ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ട്രംപ് തീരുമാനമെടുത്താൽ അത് ഉടനടി നടപ്പാക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
ഇതിനിടെ, അമേരിക്കൻ വ്യോമാക്രമണം കൊണ്ടുമാത്രം ഇറാനിലെ ഭരണകൂടം വീഴില്ലെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ജനകീയ പ്രക്ഷോഭത്തിൽ ഭരണകൂടം ദുർബലമായെങ്കിലും പിടി അയഞ്ഞിട്ടില്ല.
ഇറേനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യെ യുഎസ് വധിച്ചാലും മറ്റൊരു നേതാവ് തത്സ്ഥാനത്തെത്തും. ജനകീയ പ്രക്ഷോഭം ശക്തമായാലേ ഭരണകൂടം ദുർബലമാകൂ. ഇതോടൊപ്പം ഇറാനുമേൽ പുറത്തുനിന്നും സമ്മർദം ചെലുത്തണമെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബ്രസൽസ്: ഇറാനിലെ വിപ്ലവഗാർഡ് സേനയെ യൂറോപ്യൻ യൂണിയൻ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തി. ഇതിനു പുറമേ ഇറാനേതിരെ പുതിയ ഉപരോധങ്ങൾ ചുമത്താനും തീരുമാനിച്ചു.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ പേരിലാണ് നടപടികൾ. വിപ്ലവഗാർഡുകളാണ് തെരുവിൽ പ്രക്ഷോഭകരെ നേരിട്ടത്.
അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ സംഘടനകളാണ് യൂറോപ്യൻ യൂണിയന്റെ ഭീകരവാദ പട്ടികയിലുള്ളത്.
ഇറാനോടുള്ള യൂറോപ്യൻ യൂണിയൻ സമീപനത്തിൽ കാതലായ മാറ്റമുണ്ടായി എന്നാ ണ് ഈ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും എന്നാൽ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.
ഇതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാൽ, യുദ്ധത്തിലേക്കു തള്ളിവിട്ടാൽ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങൾ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ നാവിക സേനയാണ് ഗൾഫ് മേഖലയിലേക്ക് അയച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താൽ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോൾ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.
അതു വീണ്ടും സംഭവിക്കാൻ അനുവദിക്കരുതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. മാലിക്കിയുടെ ഭ്രാന്തൻ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക ഇറാക്കിനെ മേലിൽ സഹായിക്കില്ല. സഹായിക്കാൻ തങ്ങളില്ലെങ്കിൽ ഇറാക്കിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. ‘മേക്ക് ഇറാക്ക് ഗ്രേറ്റ് എഗെയ്ൻ’ – ട്രംപ് പറഞ്ഞു.
National
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും സ്വതന്ത്ര വ്യാപാര കരാർ.
അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ- ഇയു നയതന്ത്ര ബന്ധം സഹായകമാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ളതടക്കം ട്രംപിന്റെ നടപടികളാണ് ഇന്ത്യ-ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദന മേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിൽ അമേരിക്ക വിഭാവനം ചെയ്ത "ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിക്കെതിരേ നിലപാടെടുത്ത കാനഡയ്ക്കെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നൽകുന്ന സുരക്ഷാ കവചത്തേക്കാൾ ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിന് കാനഡ മുൻഗണന നൽകുന്നത് അപകടകരമാണെന്നും ഒരു വർഷത്തിനുള്ളിൽ ചൈന കാനഡയെ "വിഴുങ്ങുമെന്നും' ട്രംപിന്റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരേ ആഞ്ഞടിച്ചത്. കാനഡയെക്കൂടി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് "ഗോൾഡൻ ഡോം' പദ്ധതിയെന്നും എന്നാലതു നിരസിച്ച് ചൈനയുമായുള്ള വ്യപാരബന്ധത്തിനാണ് അവർക്കു താത്പര്യമെന്നും ട്രംപ് പരിഹസിച്ചു.
ഗ്രീൻലാൻഡും മിസൈൽ പ്രതിരോധവും
ഗ്രീൻലാൻഡ് കേന്ദ്രീകരിച്ച് അമേരിക്ക നടപ്പാക്കാൻ ലക്ഷ്യമിടുന്ന ബൃഹത്തായ മിസൈൽ പ്രതിരോധ സംവിധാനമാണ് "ഗോൾഡൻ ഡോം'. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ പദ്ധതിയെ എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎസ് സ്വീകരിക്കുന്ന കർശനമായ വ്യാപാര നയങ്ങളെ കാർണി വിമർശിച്ചിരുന്നു.
ഇതിനു മറുപടിയായി, അമേരിക്ക നൽകുന്ന സൗജന്യ സുരക്ഷാസൗകര്യങ്ങൾക്ക് കാനഡ നന്ദിയുള്ളവരായിരിക്കണമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന് കാർണി മറക്കരുതെന്നും ട്രംപ് ഓർമിപ്പിച്ചു.
ചൈന-കാനഡ വ്യാപാര കരാർ
അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ഏഴ് ബില്യൺ ഡോളറിന്റെ പുതിയ വ്യാപാര കരാറിൽ കാനഡ ഒപ്പുവച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100 ശതമാനം നികുതി വെട്ടിക്കുറയ്ക്കാനും പകരം കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചൈന ഇളവു നൽകാനും ധാരണയായി. അമേരിക്കയേക്കാൾ വിശ്വസിക്കാവുന്ന പങ്കാളിയാണ് നിലവിൽ ചൈനയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അഭിപ്രായപ്പെട്ടു.
യുഎസ് കാനഡയ്ക്കു മേൽ 35 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡ ചൈനയുമായി അടുക്കുന്നത്. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കു ചൈനയുമായുള്ള സഹകരണം അനിവാര്യമാണെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
വാഷിംഗ്ടൺ: ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസ്' സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിലേക്ക് കാനഡയെ ആദ്യം ക്ഷണിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ചില നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ട്രംപ് ഈ ക്ഷണം ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.
ഇസ്രയേൽ-പലസ്തീന് വിഷയത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന സൂചന. ഗാസ പുനര്‍നിര്‍മ്മാണത്തിലും സമാധാന ശ്രമങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോൾ, കാനഡ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്.
അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മാത്രമേ ഈ നിര്‍ണായക സമിതിയില്‍ സ്ഥാനമുണ്ടാകൂ എന്ന് ട്രംപ് വ്യക്തമാക്കി. കാനഡയുടെ പങ്കാളിത്തം സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി അഞ്ച് വയസ്സുകാരനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ വലിയ പ്രതിഷേധം. അഞ്ചു വയസ്സുകാരനായ ലിയാം കൊനേജോ റാമോസിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തതിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി.
അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ലിയാമിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. എന്നാല്‍ ഒരു കൊച്ചു കുട്ടിയെ ഇത്തരത്തില്‍ തടങ്കലില്‍ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമര്‍ശനം.
'അവനൊരു പൈതലാണ്' എന്ന് കുറിച്ചുകൊണ്ടാണ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതും അവരെ തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുന്നതും അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കമലാ ഹാരിസ് പറഞ്ഞു. ലിയാമിന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
International
ദാവോസ്: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനായി സൈന്യത്തെ ഇറക്കിയാൽ ആർക്കും തടയാനാവില്ലെന്നും എന്നാൽ അതു ചെയ്യില്ലെന്നും പ്രസിഡന്റ് ട്രംപ്. അതിനാൽ ഗ്രീൻലാൻഡ് വിഷയത്തിൽ ഉടൻ ചർച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. “ബലം പ്രയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നതുവരെ ഞങ്ങൾക്കൊന്നും കിട്ടില്ലെന്നാണ് തോന്നുന്നത്. അങ്ങനെ സംഭവിച്ചാൽ ഞങ്ങളെ ആർക്കും തടയാനാവില്ല. പക്ഷേ ഞാനതു ചെയ്യില്ല. ബലപ്രയോഗത്തിന് എനിക്കു താത്പര്യമില്ല ”- ട്രംപ് പറഞ്ഞു.
ഗ്രീൻലാൻഡിനെ അമേരിക്ക ഏറ്റെടുക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയ്ക്കു തിരിച്ചടിയാകില്ലെന്ന് ട്രംപ് പറഞ്ഞു. നാറ്റോയിൽ അമേരിക്കയ്ക്കു വേണ്ട പരിഗണന ലഭിക്കുന്നില്ല. നാറ്റോയ്ക്ക് അമേരിക്ക ഒരുപാട് നല്കി, പക്ഷേ, തിരിച്ചുകിട്ടിയത് വളരെ കുറച്ചാണ്.
അമേരിക്ക ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കാൻ നാറ്റോയും യൂറോപ്പും തയാറാകുന്നില്ല. അമേരിക്ക ശക്തിപ്പെടുന്പോൾ നാറ്റോയും ശക്തിപ്പെടുകയാണ് ചെയ്യുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണം. ഗ്രീൻലാൻഡ് മുഴുവൻ റഷ്യയുടെയും ചൈനയുടെയും കപ്പലുകളാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ഉച്ചകോടി പ്രസംഗത്തിന് 20 മിനിട്ടാണ് ട്രംപിന് അനുവദിച്ചിരുന്നത്. എന്നാൽ ഒരു മണിക്കൂറിലേറെ നീണ്ടു. ഭൂരിഭാഗം സമയവും ഗ്രീൻലാൻഡ് മോഹത്തെക്കുറിച്ചാണ് സംസാരിച്ചത്.
International
സ്ട്രാസ്ബര്‍ഗ്: ഡെന്മാര്ക്ക് സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം കടുക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിൽ നടന്ന ചര്‍ച്ചയ്ക്കിടെ ഡാനിഷ് എംപി ആന്‍ഡേഴ്സ് വിസ്റ്റിസെന്‍ ട്രംപിനെതിരെ അത്യന്തം മോശമായ ഭാഷയില്‍ പ്രതികരിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
ഗ്രീന്‍ലാന്‍ഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ആവര്‍ത്തിച്ച വിസ്റ്റിസെന്‍, ട്രംപിനു മനസിലാകുന്ന ഭാഷയില്‍ പറയാം എന്നു സൂചിപ്പിച്ചുകൊണ്ടാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഡെന്മാര്ക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ട്രംപ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രീന്‍ലാന്‍ഡ് കഴിഞ്ഞ 800 വര്‍ഷമായി ഡെന്മാര്ക്കിന്റെ ഭാഗമാണെന്നും അമേരിക്ക രൂപീകൃതമായതിനേക്കാള്‍ ഇരട്ടി കാലം ഗ്രീൻലാന്‍ഡ് ഡെന്മാര്‍ക്കിനൊപ്പമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിസ്റ്റിസെന്റെ മോശം ഭാഷാ പ്രയോഗത്തിനെതിരെ യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് രംഗത്തെത്തി. ട്രംപിനോട് എന്തു വിയോജിപ്പുണ്ടെങ്കിലും ഇത്തരം വാക്കുകള്‍ സഭയില്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വിസ്റ്റിസെനില്‍നിന്നു പിഴ ഈടാക്കിയേക്കും. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡെന്മാര്ക്കും മറ്റ് എട്ട് യൂറോപ്യന്‍ രാജ്യങ്ങളും വഴങ്ങാത്ത പക്ഷം കടുത്ത വ്യാപാര നികുതി ഏര്‍പ്പെടുത്തുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡാനിഷ് പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്. ഗ്രീന്‍ലാന്‍ഡ് തങ്ങളുടെ അഭിമാനമാണെന്നും അതു വിട്ടുനല്‍കാന്‍ തയാറല്ലെന്നുമാണ് ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും പ്രഖ്യാപിച്ചത്. ട്രംപിന്റെ ഇത്തരം നീക്കങ്ങള്‍ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗമായ നാറ്റോ സംഘടനയിൽ വലിയ പ്രതിസന്ധിയായി രൂപപ്പെടുകയാണെന്നാണ് വിലയിരുത്തുന്നത്.
International
വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
2025 മേയ് മാസത്തില്‍ 'ഓപ്പറേഷന് സിന്ദൂര്‍' എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് മാറുന്നത് തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.
യുദ്ധവിരാമ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
International
വാഷിംഗ്ടൺ ഡിസി: ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരി ക്ക പിന്തിരിയണമെന്ന് കർദിനാൾമാർ.
ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള യുഎസ് വിദേശനയത്തിലേക്കു മടങ്ങാനും ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ലു. ടോബിൻ എന്നിവർ ആവശ്യപ്പെട്ടു. ട്രംപിന്റെ പേര് പരാമർശിക്കാതെയാണ് അമേരിക്കയിലെ പ്രമുഖ കർദിനാൾമാരുടെ സംയുക്ത പ്രസ്താവന.
ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ഇടുങ്ങിയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളായി യുദ്ധങ്ങളെ കാണുന്നത് അംഗീകരിക്കാനാകില്ലെന്നും കർദിനാൾമാർ ചൂണ്ടിക്കാട്ടി.
അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം. അല്ലാതെ, ലോകത്തിനു ഭീഷണിയാകരുത്. അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയനയമായി സ്വീകരിക്കണം. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്. മനുഷ്യജീവനെയും ജീവിക്കാനുള്ള അവകാശത്തെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ബഹുമാനിക്കുന്നതും സാമ്പത്തിക സഹായത്തിലൂടെ മനുഷ്യന്റെ അന്തസ് വർധിപ്പിക്കുന്നതുമായ വിദേശനയമാണു വേണ്ടത്.
സുവിശേഷത്തിൽ ഈശോമിശിഹാ പ്രഖ്യാപിച്ചതുപോലെ ശാശ്വത സമാധാനം കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും കർദിനാൾമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി ഈ വർഷം ലോകത്ത് അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യം ചെയ്യപ്പെടുകയാണെന്ന് കർദിനാൾമാർ ചൂണ്ടിക്കാട്ടി.
വെനസ്വേല, യുക്രെയ്ൻ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ സൈനികശക്തിയുടെ ഉപയോഗത്തെക്കുറിച്ചും സമാധാനത്തിന്റെ അർഥത്തെക്കുറിച്ചും അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു. സ്വയംഭരണാധികാരത്തിനുള്ള രാജ്യങ്ങളുടെ അവകാശങ്ങൾ മാനിക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും -കർദിനാൾമാർ മുന്നറിയിപ്പ് നൽകി.
വെനസ്വേലയിലെയും ഗ്രീൻലാൻഡിലെയും ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലുകൾ ലോകസമാധാനത്തിനു ഭീഷണി സൃഷ്ടിക്കുകയും അമേരിക്ക-യൂറോപ്പ് ബന്ധം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ കർദിനാൾമാർ രംഗത്തെത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാൻ വിസമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ; മറുപടിയായി ഫ്രാൻസിലെ വീഞ്ഞ് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
ഗാസയ്ക്കു പുറത്തുള്ള വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന സമാധാന ബോർഡ് ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് മക്രോൺ ക്ഷണം നിരസിച്ചതെന്നു പറയുന്നു. ബോർഡിൽ അംഗമാകാൻ 60 രാജ്യത്തലവന്മാർക്ക് ട്രംപ് ക്ഷണക്കത്ത് അയച്ചതായിട്ടാണു റിപ്പോർട്ട്. ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കാൻ 100 കോടി ഡോളർ ഫീസും നല്കണമത്രേ!
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായിട്ടാണ് ബോർഡ് രൂപവത്കരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് ബോർഡിലെ കുറച്ച് അംഗങ്ങളെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ട്രംപാണ് ചെയർമാൻ. ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മരുമകൻ ജാരദ് കുഷ്നർ, മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥർ, ശതകോടീശ്വരന്മാർ തുടങ്ങിയ അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്.
ബോർഡിൽ അംഗമാകാൻ ക്ഷണക്കത്ത് ലഭിച്ചതിൽ ഇന്ത്യ, റഷ്യ, ബലാറൂസ്, പാക്കിസ്ഥാൻ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു.
ഗാസയ്ക്കു പുറമേ മറ്റ് ആഗോള വിഷയങ്ങളും ബോർഡ് മുഖാന്തിരം കൈകാര്യം ചെയ്യാൻ ട്രംപ് ഉദ്ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കു പകരമുള്ള ഒരു സംവിധാനമായി ഇതു മാറാം. ഇതിനു പുറമേ 100 കോടി ഡോളർ ഫീസും വലിയ ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് മക്രോൺ ബോർഡ് അംഗത്വം നിരസിച്ചതെന്നു ഫ്രഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയിൽ അടുത്ത വർഷം കാലാവധി തീരുന്ന മക്രോണിനെ ആർക്കും വേണ്ടെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. ഫ്രാൻസിലെ വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200 ശതമാനം നികുതി ഞാൻ ചുമത്തും. അപ്പോൾ മാക്രോൺ ബോർഡിൽ ചേർന്നോളുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിനു വിട്ടുനല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനം മണ്ടത്തരമായിരുന്നുവെന്ന് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ്-ബ്രിട്ടീഷ് സൈനികതാവളം പ്രവർത്തിക്കുന്ന ദ്വീപുകൾ തിരിച്ചുകൊടുത്തത് ബ്രിട്ടന്റെ ദൗർബല്യം വ്യക്തമാക്കുന്നു. അമേരിക്ക ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിന്റെ അനുമതിയോടെ ആയിരുന്നു ബ്രിട്ടൻ ചേഗോസ് ദ്വീപുകൾ മൗറീഷ്യസിനു മടക്കി നല്‍കിയത്. ആഫ്രിക്കയിലെ അവസാന കോളനി എന്നാണ് ചേഗോസ് ദ്വീപുകൾ അറിയപ്പെട്ടിരുന്നത്.
ദ്വീപുകൾ മൗറീഷ്യസിനു മടക്കിനല്കാനുള്ള തീരുമാനം 2024ൽ ബ്രിട്ടൻ എടുത്തതാണ്. എന്നാൽ, ട്രംപ് 2025ൽ അമേരിക്കാൻ പ്രസിഡന്റായി അധികാരമേറ്റ് അനുമതി നല്‍കിയശേഷമാണ് ഈ തീരുമാനം ബ്രിട്ടൻ നടപ്പാക്കിയത്.
ചേഗോസിന്റെ ഭാഗമായ ഡിയേഗോ ഗാർസ്യയിലെ യുഎസ്-ബ്രിട്ടീഷ് വ്യോമതാവളം 99 വർഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം ബ്രിട്ടൻ നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതികളെ ആക്രമിക്കാനും ഗാസയിൽ സഹായം വിതരണം ചെയ്യാനും ഡിയേഗോ ഗാർസ്യ താവളം ഉപയോഗിച്ചിരുന്നു.
ഗ്രീൻലാൻഡ് വിഷയത്തിൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പരിഹാസ്യവാക്കുകൾ. ഗ്രീൻലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തെ ബ്രിട്ടൻ അനുകൂലിക്കുന്നില്ല. ഇതിൽ പ്രകോപിതനായ ട്രംപ് ബ്രിട്ടനടക്കം എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയിരുന്നു.
International
വാഷിംഗ്ടണ്‍: ഡെന്മാര്ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിൽ. നാറ്റോ സഖ്യകക്ഷികളെ പരിഹസിക്കുന്ന രീതിയില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ യുഎസ് ഭൂപടം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
യുഎസ് ഭൂപടത്തിന്റെ വടക്കുഭാഗത്ത് ഗ്രീന്‍ലാന്‍ഡിനെ കൂടി ചേര്‍ത്തുകൊണ്ടുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാണെന്ന തന്റെ നിലപാട് അദ്ദേഹം ഇതിലൂടെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
ട്രംപിന്റെ ഈ നടപടി നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇതിനോട് യൂറോപ്യന്‍ യൂണിയന് കടുത്ത രീതിയില്‍ പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളെ വെറും പരിഹാസമായോ പ്രകോപനമായോ മാത്രം കാണാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നത്.
2026 ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നേരത്തെ നടത്തിയിരുന്നു. അല്ലാത്തപക്ഷം ഡെന്മാര്ക്കിന് മേല്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. റഷ്യയും ചൈനയും ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നത് തടയാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
അതേസമയം 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാടില്‍ ഡെന്മാര്ക്കും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. ഒരു നാറ്റോ സഖ്യകക്ഷിയോട് അമേരിക്ക സ്വീകരിക്കുന്ന ഈ സമീപനം നാറ്റോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ആര്‍ട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളും തന്ത്രപരമായ സ്ഥാനവും ലക്ഷ്യമിട്ടാണ് ട്രംപ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് രാജ്യാന്തര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.
International
വാഷിംഗ്ടൺ: സമാധാന നൊബേൽ പുരസ്കാരം നിഷേധിച്ചതുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാർ ടൂറയ്ക്കു കത്തെഴുതി.
എട്ടിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാന പുരസ്കാരം നൽകേണ്ടതില്ലെന്ന് നോർവേ തീരുമാനിച്ചതിനാൽ സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല- ട്രംപ് എഴുതി.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ വാഷിംഗ്ടൺ ഡിസിയിലെ യൂറോപ്യൻ അംബാസഡർമാർക്കും കത്ത് കൈമാറി. ഇനിയങ്ങോട്ട് സമാധാനത്തെക്കുറിച്ചു ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്റെ രാജ്യത്തിന് ആവശ്യമായതിനെക്കുറിച്ചു മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രീൻലൻഡിനെക്കുറിച്ചുള്ള അവകാശവാദങ്ങളും സമാധാന നൊബേൽ കിട്ടാത്തതുമായി ട്രംപ് ബന്ധിപ്പിച്ചു. ഗ്രീൻലൻഡ് ദ്വീപിനുമേൽ ഡെന്മാർക്കിന് അവകാശമില്ല.
റഷ്യയിൽനിന്നോ ചൈനയിൽനിന്നോ ആ ഭൂമിയെ സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ല, അല്ലെങ്കിലും അവർക്ക് എങ്ങനെയാണ് അവകാശം ലഭിക്കുന്നത്? രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.
നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങി എന്നതിനപ്പുറം അവർക്ക് ഗ്രീൻലാൻഡിൽ അവകാശമൊന്നുമില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളുടെ ബോട്ടുകളും അവിടെ എത്തിയിട്ടുണ്ട്- ട്രംപ് കത്തിൽ പറയുന്നു.
International
ബ്രസൽസ്: ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു.
ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരം ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രസൽസിൽ നടന്ന അടിയന്തര യോഗത്തിനുശേഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയെൻ വ്യക്തമാക്കി.
ഗ്രീൻലാൻഡ് വിഷയം നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രിയെഡ്രിച് മെർസ് എന്നിവരുമായി ചർച്ച ചെയ്തെന്നും ഉർസുല വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അതിന്റെ തന്ത്രപ്രധാനമായ സാന്പത്തിക-സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കും. വെല്ലുവിളികളെ ഒറ്റക്കെട്ടായും നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും നേരിടും. നാറ്റോ സൈനിക സഖ്യത്തിലെ അംഗങ്ങൾ എന്ന നിലയിൽ ആർട്ടിക് ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉർസുല വ്യക്തമാക്കി.
ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നതിനെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുള്ളത്.
International
വാഷിംഗ്ടൺ: ഇറാനെതിരേ ആക്രമണം നടത്താതെ അമേരിക്ക പിൻവലിഞ്ഞത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർഥനയെത്തുടർന്നെന്ന് റിപ്പോർട്ട്.
യുദ്ധം നേരിടാൻ ഇസ്രയേൽ പൂർണമായും സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നെതന്യാഹുവിന്റെ അഭ്യർഥന. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ മേഖലയിൽ ഇസ്രയേൽ ആശ്രയിച്ചിരുന്ന അമേരിക്കൻ സൈനികരുടെ അഭാവമാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ തടയാൻ ഒരുങ്ങിയിട്ടില്ലെന്ന് നെതന്യാഹു അമേരിക്കയെ ധരിപ്പിച്ചു. ഇറാൻ ഡ്രോണുകളെയും മിസൈലുകളെയും തടയാൻ മേഖലയിൽ മതിയായ യുഎസ് സൈനികരില്ലെന്ന് ട്രംപിനോട് നെതന്യാഹു പറഞ്ഞു. കൂടാതെ, നിലവിലെ യുഎസ് പദ്ധതി വേണ്ടത്ര ഫലപ്രദമല്ലെന്നും ഉദ്ദേശിച്ച ഫലം നൽകില്ലെന്നും നെതന്യാഹു വിശ്വസിക്കുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഇറാനെതിരേ വ്യോമാക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജനുവരി 14നാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. യുദ്ധം പാടില്ലെന്ന ഗൾഫ് രാജ്യങ്ങളുടെ നിലപാടും ഇറാനെതിരായ നടപടിയിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചു. യുഎസ് ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ മോഹത്തിന് എതിരു നിൽക്കുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതിച്ചുങ്കം ചുമത്തേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ ഒരു യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഏതൊക്കെ രാജ്യങ്ങളായിരിക്കും നടപടി നേരിടേണ്ടിവരുകയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്ക പിടിച്ചെടുക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.
ഇതിനിടെ ട്രംപിന്റെ നീക്കങ്ങളിൽ അമേരിക്കയിലെ ഒരു വിഭാഗം ജനപ്രതിനികൾക്കും എതിർപ്പുണ്ട്. കഴിഞ്ഞദിവസം 11 അംഗ കോൺഗ്രസ് സമിതി ഗ്രീൻലാൻഡ് സന്ദർശിച്ചു. ട്രംപിന്റെ നീക്കങ്ങളോടുള്ള എതിർപ്പും ഗ്രീൻലാൻഡിനുള്ള പിന്തുണയും സമിതി അറിയിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും സമതിയിലുണ്ടായിരുന്നു.
ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എന്നിവരുമായി സമിതി ചർച്ച നടത്തി.
International
കോപ്പൻഹേഗൻ: ഏതുവിധേനയും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരേ ഡെന്മാർക്കിലുടനീളം വൻ പ്രതിഷേധം. വിവിധ നഗരങ്ങളിൽ നടന്ന റാലികളിൽ ആയിരങ്ങൾ പങ്കെടുത്തു.
തലസ്ഥാനമായ കോപ്പൻഗേഹനിൽ യുഎസ് എംബസിക്കുമുന്നിലാണ് പ്രകടനം നടന്നത്. ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്കിലും അതികഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് നൂറുകണക്കിനുപേർ പങ്കെടുത്ത പ്രതിഷേധറാലി അരങ്ങേറി. “ഗ്രീൻലാൻഡ് അമേരിക്കക്കാരാകാൻ ആഗ്രഹിക്കുന്നില്ല”, “ഗ്രീൻലാൻഡ് വില്പനയ്ക്കില്ല”എന്നിങ്ങനെയെഴുതിയ ബാനറുകളും വഹിച്ചായിരുന്നു പ്രകടനം.
അമേരിക്കയ്ക്കു വ്യക്തമായ സന്ദേശം നൽകാനായിരുന്നു പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.
ഗ്രീൻലാൻഡിനെ ജനങ്ങളിൽ പലരും വളരെയധികം ഉത്കണ്ഠാകുലരാണെന്നും ഉറങ്ങാൻ കഴിയാത്ത നിരവധി ഗ്രീൻലാൻഡുകാരുണ്ടെന്നും പ്രതിഷേധപരിപാടിയുടെ പ്രധാന സംഘാടകരിൽ ഒരാളായ ഡെന്മാർക്കിലെ ഗ്രീൻലാൻഡേഴ്സിനായുള്ള ദേശീയ സംഘടനയുടെ ചെയർപേഴ്സൺ ജൂലി റാഡെമാക്കർ പറഞ്ഞു.
അതേസമയം, ഗ്രീൻലാൻഡിൽ നാറ്റോ സഖ്യസേന പരിശീലനം ആരംഭിച്ചു. തങ്ങളുടെ നീക്കം അമേരിക്കയ്ക്കെതിരേയല്ലെന്നും റഷ്യയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും നാറ്റോ അറിയിച്ചു.
ഗ്രീൻലാൻഡിലെ നാറ്റോ സൈനിക നീക്കത്തിൽ ആശങ്കയുണ്ടെന്ന് റഷ്യ പ്രതികരിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഗാസയുടെ ഇടക്കാലഭരണത്തിന്റെ മേൽനോട്ടച്ചുമതലയ്ക്ക് ഉദ്ദേശിച്ചുള്ള ‘സമാധാന ബോർഡ്’ അംഗങ്ങളെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചുതുടങ്ങി. പ്രസിഡന്റ് ട്രംപാണ് സമിതിയുടെ ചെയർമാൻ.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ശതകോടീശ്വരൻ മാർക്ക് റോവൻ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ. മുൻ യുഎൻ പശ്ചിമേഷ്യാ പ്രതിനിധി നിക്കോളായ് മ്ലാദനോവ് ഗാസയുടെ ഉന്നത പ്രതിനിധിയായി പ്രവർത്തിക്കും. സമിതിയിൽ പലസ്തീൻകാർ ഇല്ല. സമിതി അംഗങ്ങളുടെ ചുമതലകൾ വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. വരുന്ന ആഴ്ചകളിൽ കൂടുതൽ അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പ്രകാരമാണ് സമാധാന ബോർഡ് രൂപീകരിക്കുന്നത്. യുഎൻ രക്ഷാസമിതി ഒക്ടോബറിൽ ബോർഡിന് അംഗീകാരം നല്‍കിയിരുന്നു. ഗാസ ഭരണത്തിനുള്ള 15 അംഗ വിദഗ്ധ സമിതിയുടെ മേൽനോട്ടച്ചുമതലയാണ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്വം. പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയും സിവിൽ എൻജിനിയറുമായ ഡോ. അലി ഷാത്ത് നേതൃത്വം നല്കുന്ന വിദഗ്ധ സമിതി അടുത്തിടെയാണ് ചുമതലയേറ്റത്.
സമാധാന ബോർഡിന് പുറമേ 11 അംഗ ഗാസ എക്സിക്യൂട്ടീവ് ബോർഡും വൈറ്റ് ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു. തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, യുഎഇ മന്ത്രി റീം അൽ ഹാഷിമി, ഇസ്രേലി ശതകോടീശ്വരൻ യാക്കിർ ഗാബേ തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ. ഗാസ ഉന്നത പ്രതിനിധി നിക്കോളാസ് മ്ലാദനോവിനും ഗാസ വിദഗ്ധ സമിതിക്കും വേണ്ട സഹായം നല്‍കാനാണ് എക്സിക്യൂട്ടീവ് ബോർഡ്.
ഗാസയുടെ പുനരുദ്ധാരണം, ഹമാസ് അടക്കമുള്ള ഭീകര സംഘടനകളുടെ നിരായുധീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈ സമിതികളെല്ലാം ചേർന്നു നിർവഹിക്കേണ്ടത്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെ ആക്രമിക്കുന്നതിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പിന്തിരിപ്പിച്ചത് അറബിരാജ്യങ്ങളെന്നു റിപ്പോർട്ട്. ഈജിപ്ത്, ഒമാൻ, സൗദി, ഖത്തർ തുടങ്ങിയ അമേരിക്കൻ സഖ്യകക്ഷികളാണു വിഷയത്തിൽ ഊർജിതമായി ഇടപെട്ടത്.
അമേരിക്കൻ സൈനികനടപടി പശ്ചിമേഷ്യയിലെ സ്ഥിതിവിശേഷം രൂക്ഷമാക്കുന്നതിലുപരി ആഗോള സാന്പത്തികമേഖലയെ അസ്ഥിരപ്പെടുത്തുമെന്നും അറബി നേതാക്കൾ ട്രംപിനെ അറിയിച്ചതായി പറയുന്നു.
ഇറാനെ ആക്രമിക്കുന്നതിൽനിന്നു ട്രംപ് പിന്തിരിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇറാൻ വിഷയത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും ട്രംപിന്റെ പരിഗണനയിൽ ഇപ്പോഴുമുണ്ടെന്നാണു വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചത്. എന്താണു ചെയ്യാൻ പോകുന്നതെന്നു പ്രസിഡന്റ് ട്രംപിനു മാത്രമേ അറിയൂ എന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇറാൻ വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗത്തിലും അമേരിക്ക സമാന നിലപാട് വ്യക്തമാക്കി. ട്രംപ് കാര്യങ്ങൾ ചെയ്യുന്നയാളാണെന്നും വാചകമടിക്കാരനല്ലെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്സ് രക്ഷാസമിതിയിൽ ഇറാനു മുന്നറിയിപ്പു നല്കി.
ഇതിനിടെ, അറബിരാജ്യങ്ങൾ ഇറേനിയൻ നേതൃത്വവുമായും ബന്ധപ്പെട്ടതായാണു റിപ്പോർട്ട്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്ന് അറബി നേതാക്കൾ ഇറാനോട് ആവശ്യപ്പെട്ടു.
അമേരിക്കൻ ആക്രമണമുണ്ടാകുന്ന പക്ഷം ഇറാൻ തിരിച്ചടിക്കു മുതിർന്നാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നല്കി. അമേരിക്ക ആക്രമിച്ചാൽ അറബിരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തേ പറഞ്ഞിരുന്നു.
International
ടെഹ്റാൻ: പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വിരണ്ട് ഇറാൻ ഭരണകൂടം. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകാനുള്ള നീക്കത്തിൽനിന്നു ഇറാൻ ഭരണകൂടം പിന്നോട്ടുപോയതായി റിപ്പോർട്ട്. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ഇർഫാൻ സുൽത്താനി(26)യെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് നേരത്തെ ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വിചാരണകൂടാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങൾക്കു വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൂക്കിലേറ്റാൻ അധികൃതർ തീരുമാനിച്ചതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, യുഎസിന്റെ കടുത്ത മുന്നറിയിപ്പ് വന്നതോടെ വധശിക്ഷാ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയുകയായിരുന്നെന്നു പറയുന്നു.
18,000 പേർ അറസ്റ്റിൽ
അറസ്റ്റിലായ പ്രക്ഷോഭകരെ വധശിക്ഷയ്ക്കു വിധേയരാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. 18,000 പേരാണ് ഏതാനും ദിവസത്തിനിടെ അറസ്റ്റിലായത്.
ബുധനാഴ്ച സുൽത്താനിയെ തൂക്കിലേറ്റുമെന്നായിരുന്നു റിപ്പോർട്ട്. ലോകത്തു ചൈന കഴിഞ്ഞാൽ ഏറ്റവും അധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ഇറാൻ. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് ഇറാൻ അവസാനിപ്പിച്ചെന്ന് ഇന്നലെ ട്രംപ് പറഞ്ഞു. ഇറാനിൽ ഇതുവരെ 2,615 പേർ കൊല്ലപ്പെട്ടുവെന്നു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലു മണിക്കൂർ ഇറാൻ വ്യോമപാത അടച്ചെങ്കിലും പിന്നീടു തുറന്നു. വ്യോമപാത അടച്ചതോടെ അമേരിക്കയിലെ ന്യൂയോർക്കിലേക്കുള്ള മൂന്നു വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള സർവീസുകൾ വൈകി. വ്യോമപാത അടച്ചതു ചില സർവീസുകളെ ബാധിച്ചതായി സ് പൈസ് ജെറ്റ് അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചു.
ഒഴിപ്പിക്കൽ തുടരുന്നു
ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഇറാൻ വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നല്കി.
ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരുക്കം തുടങ്ങിയിട്ടുണ്ട്.
യാത്രാവിമാനമോ സൈനിക വിമാനമോ ഉപയോഗിച്ചാകും ഒഴിപ്പിക്കാൽ. വിദ്യാർഥികളടക്കം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ള ഇന്ത്യക്കാർ ഏതു വിധേനയും ഇറാൻ വിട്ടുപോകാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച നിർദേശം നല്‍കിയിരുന്നു. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ഊർജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് പി. മേത്ത വിധിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഫെഡറൽ ഫണ്ടിംഗിനെ ഉപയോഗിക്കുന്നത് ഭരണഘടന നൽകുന്ന തുല്യ സംരക്ഷണത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഈ മാസം 12ന് പുറപ്പെടുവിച്ച വിധിയിൽ അദ്ദേഹം വ്യക്തമാക്കി.
2024ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളെ (ബ്ലൂ സ്റ്റേറ്റ്സ്) ലക്ഷ്യം വച്ചാണ് ഗ്രാന്റുകൾ റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. എട്ട് ബില്യൺ ഡോളറിന്റെ ഊർജ്ജകാലാവസ്ഥാ ഗ്രാന്റുകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടിരുന്നത്.
ഫെഡറൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിലോ തടയുന്നതിലോ വിവേചനം കാണിക്കാൻ സർക്കാരിന് അധികാരമില്ല. അഞ്ചാം ഭേദഗതി പ്രകാരമുള്ള തുല്യ സംരക്ഷണ ഉറപ്പിന്റെ ലംഘനമാണിതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
റദ്ദാക്കിയ പദ്ധതികളിൽ ഉൾപ്പെട്ട 27.6 ദശലക്ഷം ഡോളറിന്റെ ഏഴ് പ്രധാന ഗ്രാന്റുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ഊർജ വകുപ്പിനോട് കോടതി ഉത്തരവിട്ടു. മിനസോട്ടയിലെ സെന്റ് പോൾ നഗരവും വിവിധ പരിസ്ഥിതി സംഘടനകളും നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി.
റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനങ്ങളിലെ സമാന പദ്ധതികൾക്ക് ഫണ്ട് നൽകുകയും ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളിലെ ഫണ്ട് തടയുകയും ചെയ്തതിലൂടെ സർക്കാർ രാഷ്ട്രീയ ആയുധമായി ഫണ്ടിംഗിനെ മാറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ അവസാന ഷായുടെ മകനായ റേസാ പഹ്ലവിയുടെ ജനപിന്തുണയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ റേസാ പഹ്ലവിയുടെ പേര് ഉയർന്നുകേൾക്കുന്നതിനിടെയാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
റേസാ പഹ്ലവി നല്ല മനുഷ്യനാണെന്നാണു തോന്നുന്നതെന്നു ട്രംപ് പറഞ്ഞു. പക്ഷേ, പ്രവാസത്തിൽ കഴിയുന്ന റേസായുടെ നേതൃത്വം ഇറേനിയൻ ജനത അംഗീകരിക്കുമോ എന്നതിൽ സംശയമുണ്ട്. ഇറേനിയൻ ജനത അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ എനിക്കു പ്രശ്നമില്ല.
ജനകീയ പ്രക്ഷോഭത്തിൽ ഇറേനിയൻ ഭരണകൂടം വീഴാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയം ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ് റേസാ പഹ്ലവിയുടെ മകനാണ് റേസാ. പിതാവിനു മുന്‍പേ ഇറാൻ വിട്ട അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണു താമസം. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
“യുക്രെയ്നിൽ സമാധാനത്തിനു തടസം സെലൻസ്കി”
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിനു തടസം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആണെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിൻ സമാധാന ധാരണയ്ക്കു തയാറാണെന്ന് പുടിൻ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്റെ നിയമസാധുത സംബന്ധിച്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാതെ യുഎസ് സുപ്രീം കോടതി.
കേസിൽ മൂന്ന് വിധികൾ പുറപ്പെടുവിച്ച കോടതി അന്തിമ വിധി പറഞ്ഞില്ല. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.
ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്റേത്.
Leader Page
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയ്ക്കും യൂറോപ്പിനുമിടയിൽ വലിയൊരു തർക്കവിഷയമായിരിക്കുന്നു. ഈ ദ്വീപ് മേഖല ഏതുവിധേനയും പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനവും, തങ്ങളുടെ അധീനതയിലുള്ള സ്വയംഭരണ പ്രവിശ്യ ആർക്കും വിട്ടുകൊടുക്കില്ലെന്ന ഡെന്മാർക്കിന്റെ നിലപാടുമാണ് തർക്കത്തിനും യൂറോപ്പ്-അമേരിക്ക ബന്ധത്തിലെ ഉലച്ചിലുകൾക്കും കാരണമായിരിക്കുന്നത്. ഗ്രീൻലാൻഡിനെ അമേരിക്ക കീഴടക്കിയാൽ അത് നാറ്റോ സഖ്യത്തിലെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാകും. ഇതോടെ സഖ്യംതന്നെ ഇല്ലാതാകും. ഇക്കാര്യം നാറ്റോ മേധാവി മാർക്ക് റൂട്ടെയും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും വ്യക്തമാക്കിക്കഴിഞ്ഞു.
രണ്ടാം ലോകയുദ്ധത്തിനുശേഷം സോവ്യറ്റ് യൂണിയന്റെ ഭീഷണിയെ പ്രതിരോധിക്കാനായി രൂപീകരിച്ച നാറ്റോ സഖ്യത്തിന്റെ അടിസ്ഥാനതത്വം തന്നെ ഏതെങ്കിലുമൊരു അംഗരാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ചാൽ അത് സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കുമെതിരേയുള്ള ആക്രമണമായി കാണുമെന്നാണ്.
ട്രംപിന്റെ മോഹത്തിന് അമേരിക്കൻ ജനതയുടെ പിന്തുണയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രീൻലാൻഡിനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കാനുള്ള ട്രംപിന്റെ നിർദേശം സൈനികമേധാവികൾ തള്ളിക്കളഞ്ഞത് ഇതിന്റെ സൂചനയാണ്. ഗ്രീൻലാൻഡിന്റെ ഒരു ഭാഗം തത്കാലത്തേക്ക് അമേരിക്കയ്ക്കു സൈനിക ആവശ്യത്തിനായി ലീസിനു നൽകി സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
ട്രംപിന്റെ ന്യായം
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കേണ്ടത് അനിവാര്യമാണെന്നാണു ട്രംപ് ആവർത്തിക്കുന്നത്. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർധിക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ട്രംപ് വാദിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ഈ മോഹം ട്രംപ് പങ്കുവയ്ക്കുന്നുണ്ട്. വെറുമൊരു കരാറോ പാട്ടമോകൊണ്ടു കാര്യമില്ലെന്നും ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശംതന്നെ അമേരിക്കയ്ക്കു വേണമെന്നുമാണ് ട്രംപിന്റെ നിലപാട്. ബലപ്രയോഗമില്ലാതെ പ്രദേശം കൈക്കലാക്കാൻ ജനങ്ങൾക്ക് ഒരു ലക്ഷം ഡോളർവരെ കൊടുക്കാമെന്നും അതല്ല, വേണമെങ്കിൽ ഡെന്മാർക്കിൽനിന്നു വിലകൊടുത്തു വാങ്ങാൻവരെ തയാറാണെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
അമേരിക്കയ്ക്ക് പ്രധാനപ്പെട്ട 50 ധാതുക്കളില്‍ 37ന്റെയും വൻ നിക്ഷേപം ഗ്രീന്‍ലാന്‍ഡിലുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2023ലെ ഭൂമിശാസ്ത്ര സര്‍വേ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്.
വൈദ്യുതവാഹന നിര്‍മാണത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പ്രധാന ധാതുക്കളുടെ ഖനനം സംബന്ധിച്ച വിവരങ്ങള്‍ വിദേശത്തേക്കു നല്‍കുന്നതിനുപോലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ചൈനയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ബദലായി നിര്‍ണായക ധാതുക്കള്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യേണ്ടെന്നും ചൈന തീരുമാനിച്ചിരുന്നു. ഗാലിയം, ജര്‍മേനിയം, ആന്റിമണി തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍ ഇനിമുതല്‍ ചൈനയില്‍നിന്ന് അമേരിക്കയ്ക്കു ലഭിക്കില്ല. സെമികണ്ടക്ടറുകള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങളുടെ വരെ നിര്‍മാണത്തില്‍ ഇത്തരം ലോഹങ്ങളുടെ ലഭ്യത നിര്‍ണായകമാണ്.
കടുത്ത നിലപാടിൽ ഡെന്മാർക്ക്
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ടുള്ള വിദേശ നീക്കങ്ങൾക്കെതിരേ കർശന നിലപാടാണു ഡെന്മാർക്ക് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനു നേരേ ഏതെങ്കിലും വിദേശശക്തി അധിനിവേശശ്രമം നടത്തിയാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനിൽക്കാതെതന്നെ വെടിവയ്ക്കാൻ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിക്കഴിഞ്ഞു.
1952ലെ ശീതയുദ്ധകാലത്ത് രൂപീകരിച്ച പ്രതിരോധ ചട്ടങ്ങളാണ് ഡെന്മാർക്ക് ഇപ്പോൾ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. 1940ൽ രണ്ടാം ലോകയുദ്ധസമയത്ത് നാസി ജർമനി ഡെന്മാർക്കിനെ ആക്രമിച്ചപ്പോൾ ആശയവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ സൈന്യത്തിന് കൃത്യസമയത്ത് ഉത്തരവുകൾ ലഭിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യം ഇനി ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തിലാണ് ‘ഷൂട്ട് ഫസ്റ്റ്’ നയം തുടരാൻ മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ വർഷം പുറത്തുവന്ന സർവേ റിപ്പോർട്ട് പ്രകാരം ഗ്രീൻലാൻഡിലെ ജനങ്ങളിൽ 85 ശതമാനവും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല.
യഥാർഥ ലക്ഷ്യത്തിൽ അവ്യക്തത
പ്രതിരോധ താത്പര്യമല്ലാതെ ധാതുഖനനമാണു ട്രംപിന്റെ ലക്ഷ്യമെങ്കിൽ അതു പരിസ്ഥിതിപ്രാധാന്യമുള്ള ഗ്രീൻലാൻഡിന്റെ സർവനാശത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. ഗ്രീൻലാൻഡിലെ ധാതുനിക്ഷേപങ്ങളിൽ പലതും ആർട്ടിക് വൃത്തത്തിനു മുകളിലുള്ള വിദൂര പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ഒന്നര കിലോമീറ്ററിലേറെ കനമുള്ള ധ്രുവ മഞ്ഞുപാളിയുണ്ട്. വർഷത്തിൽ ഭൂരിഭാഗം സമയവും ഇവിടെ ഇരുട്ടുമാണ്. അതിനാൽത്തന്നെ ധാതുക്കൾ വേർതിരിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണെന്ന് ഗവേഷകർ പറയുന്നു.
പ്രതിരോധ ആവശ്യമാണ് അമേരിക്ക മുന്നിൽക്കാണുന്നതെങ്കിൽ 1951ൽ അമേരിക്കയും ഡെന്മാർക്കും ഒപ്പുവച്ച പ്രതിരോധ കരാർ അല്പംകൂടി വിപുലപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അന്നത്തെ കരാർ പ്രകാരം ഗ്രീൻലാൻഡിലെ നിശ്ചിത പ്രദേശം സൈനിക ആവശ്യത്തിനായി ഉപയോഗിക്കാനും ഇതിനായി നിർമാണപ്രവർത്തനങ്ങൾ നടത്താനും അമേരിക്കയെ അനുവദിക്കുന്നു. ഈ കരാർ വളരെ ഉദാരവും സുതാര്യവുമാണെന്നും ഏതൊരു സുരക്ഷാലക്ഷ്യവും അമേരിക്കയ്ക്കു കൈവരിക്കാൻ കഴിയുമെന്നും കോപ്പൻഹേഗനിലെ ഡാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഗവേഷകനായ മിക്കൽ റൂഞ്ച് ഒലെസെൻ പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച.
മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല. 2024ലെ വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നാണ് അമേരിക്കയും പാശ്ചാത്യശക്തികളും വിലയിരുത്തുന്നത്.
മഡുറോയ്ക്കെതിരായ നടപടിയിൽ ട്രംപിനു നേരിട്ടു നന്ദി അറിയിക്കണമെന്നും തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിനു സമ്മാനിക്കണമെന്നും മരിയ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സമാധാന നൊബേൽ കൈമാറുന്നതു വലിയ ബഹുമതിയാണെന്നാണു ട്രംപ് പ്രതികരിച്ചത്. അതേസമയം, പുരസ്കാരം കൈമാറാനാകില്ലെന്നാണു നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത്.
മരിയയ്ക്ക് വെനസ്വേല ഭരിക്കാനുള്ള കഴിവും ജനപിന്തുണയും ഇല്ലെന്നാണ് ട്രംപ് നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാൽ, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തിനു കൈമാറണം എന്നാണു മരിയ ആവശ്യപ്പെട്ടത്.
ട്രംപിന്റെ പിന്തുണയോടെ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിൽ വിശ്വാസമില്ലെന്നും മരിയ വ്യക്തമാക്കിയിരുന്നു.
International
മയാമി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആയിരം കോടി ഡോളർ മാനനഷ്ടക്കേസ് തള്ളണമെന്ന് ബ്രിട്ടനിലെ ബിബിസി ചാനൽ. ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്ന ഫ്ലോറിഡയിലെ കോടതിയിലാണ് ബിബിസി ഇക്കാര്യം ഉന്നയിച്ച് ഹർജി നല്‍കിയത്.
ഫ്ലോറിഡയിൽ ബിബിസി സംപ്രേഷണം ഇല്ലാത്തതിനാൽ കേസ് കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നാണു ബിബിസി ചൂണ്ടിക്കാട്ടുന്നത്. കേസിന് ആധാരമായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്, ട്രംപ് ആരോപിക്കുംവിധം ദുഷ്ടലാക്കോടെ ആയിരുന്നില്ലെന്നും പറയുന്നു.
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി 2024 ഒക്ടോബറിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്ററിയിൽ തെറ്റിദ്ധാരണാജനകമായ എഡിറ്റിംഗുകളുണ്ടായി എന്നാരോപിച്ചാണു ട്രംപ് കേസ് കൊടുത്തിരിക്കുന്നത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കുന്ന മട്ടിലായിരുന്നു എഡിറ്റിംഗ്.
ബിബിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും രാജിവച്ചിരുന്നു.
സംഭവത്തിൽ ബിബിസി ട്രംപിനോടു ക്ഷമ ചോദിച്ചെങ്കിലും കേസിനെ നിയമപരമായി നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
International
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഞായറാഴ്ച ഒരു വ്യാജ ചിത്രം പോസ്റ്റ് ചെയ്തു. 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ചാണ് വിക്കിപീഡിയ സ്റ്റൈലിലുള്ള ഒരു എഡിറ്റഡ് ചിത്രം ട്രംപ് പോസ്റ്റ് ചെയ്തത്. 2026 ജനുവരിയില്‍ ചുമതലയേറ്റുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായും വിശേഷിപ്പിച്ചാണ് ചിത്രം. വെനസ്വേലയില്‍ ട്രംപിന് ഔദ്യോഗികമായി യാതൊരു പദവിയും ഇല്ലാത്ത സാഹചര്യത്തില്‍ ഇത് തമാശയോ പ്രകോപനമോ ഉദ്ദേശിച്ചുള്ള ഒരു ട്രോള്‍ ആണെന്നാണ് മിക്ക മാധ്യമങ്ങളും വിലയിരുത്തുന്നത്.
ജനുവരി ആദ്യം യുഎസ് നടത്തിയ സൈനിക ഓപ്പറേഷനിലാണ് മുന്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയയെയും പിടികൂടി യുഎസിലേക്ക് കൊണ്ടുവന്നത്. ഡ്രഗ് ട്രാഫിക്കിംഗ്, ഭീകരസംഘങ്ങളുമായുള്ള ബന്ധം എന്നിവയാണ് യുഎസ് മഡുറോയ്ക്ക് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ. ഇതിനുശേഷം വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റൊഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
International
ന്യൂഡൽഹി: ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലന്ന് നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ യുഎസ് ഏംബസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ സൗഹൃദം സത്യമാണെന്നും യഥാർഥ സുഹൃത്തുക്കൾക്ക് അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് പൊതുവായ താൽപര്യങ്ങൾ കൊണ്ടു മാത്രമല്ല, ഉയർന്ന തലങ്ങളിൽ ഉറപ്പിച്ച ഒരു ബന്ധത്തിലൂടെയുമാണ്. യഥാർഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, പക്ഷേ അവസാനം അവരുടെ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും.
ന്യൂഡൽഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും, സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ട മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ട്രംപിനൊപ്പം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർഥമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ നിയമനത്തിന്റെ ലക്ഷ്യം. അടുത്ത വർഷത്തോടെ ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കും.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള കൂടിച്ചേരലാണിത്. പ്രസിഡന്റ് ട്രംപ്, അദ്ദേഹത്തോടൊപ്പമുള്ള എന്റെ അവസാന അത്താഴ വേളയിൽ, തന്റെ അവസാന ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രിയുമായുള്ള തന്റെ മഹത്തായ സൗഹൃദത്തെക്കുറിച്ചും ഓർമിച്ചു.
അമേരിക്കയെ സംബന്ധിച്ചെടുത്തോളം ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി വേറെയില്ല. വരും മാസങ്ങളിലും വർഷങ്ങളിലും വളരെ അഭിലാഷകരമായ ഒരു അജണ്ട പിന്തുടരുക എന്നതാണ് അംബാസഡർ എന്ന നിലയിൽ എന്റെ ലക്ഷ്യം.
അതേസമയം, പാക്സ് സിലിക്ക സഖ്യത്തിൽ ഇന്ത്യ അംഗമാകുമെന്ന് ഗോർ പ്രഖ്യാപിച്ചു. അടുത്ത മാസം ഇന്ത്യയെ ഈ കൂട്ടായ്മയിൽ പൂർണ അംഗമായി ചേരാൻ ക്ഷണിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
International
ടെഹ്റാന്: ഇറാനിലെ വന്‍തോതിലുള്ള ഖമനയ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ നിര്‍ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അയത്തൊള്ള അലി ഖമനയിയുടെ ഭരണത്തിനെതിരെ ഇറാനില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ ഇറാൻ നേതൃത്വം തന്നെ ഫോണിൽ വിളിച്ച് ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പ് തന്നെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനിലെ സ്ഥിതിഗതികള്‍ യുഎസ് സൈന്യം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഖമനയ് ഭരണത്തിനെതിരായ പൂര്‍ണ വിപ്ലവാഹ്വാനമായി മാറിയിരിക്കുകയാണ്. മൂന്നാം ആഴ്ചയിലേക്കു കടന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍, വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷ ഭീഷണി എന്നിവയിലൂടെയാണ് ഇറാന് ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ്പ് തുടര്‍ന്നാല്‍ ഇതുവരെ കാണാത്ത രീതിയില്‍ അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇറാക്കിൽ ഇതിന് മുന്‍പ് അമേരിക്ക നടത്തിയ ശക്തമായ സൈനിക നടപടികള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകള്‍.
International
വാഷിംഗ്ടൺ ഡിസി: ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും എന്നാണു ട്രംപിന്റെ ഭീഷണി. ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ ജനരോക്ഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ടെഹ്റാനു സമീപം ബഹാറിസ്ഥാൻ പട്ടണത്തിൽ സായുധരായ നൂറോളം കലാപകാരികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിവിധയിടങ്ങളിൽ 22 കെട്ടിടങ്ങൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു. ഇന്റർനെറ്റ് നിരോധനത്തിനു പുറമേ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർഥസ്ഥിതി വ്യക്തമല്ല.
International
വാഷിംഗ്ടൺ ഡിസി: സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിനോ മച്ചാഡോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും. മരിയ അമേരിക്കയിലെത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന് ആഴ്ചകൾക്കുള്ളിലാണ് മരിയയും ട്രംപും നേരിട്ടു കാണുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാകുമിത്. സമയം, സ്ഥലം, ചർച്ചാവിഷയം എന്നിവ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല.
മഡുറോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ വെനസ്വേലയുടെ ഭരണം മരിയയെ ഏൽപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മരിയയ്ക്ക് അതിനുള്ള ശേഷിയും പിന്തുണയും ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റൊഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത് ട്രംപിന്റെ അനുഗ്രഹാശിസുകളോടെയാണെന്നും സൂചനയുണ്ട്.
അതേസമയം, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തെ ഏൽപ്പിക്കണമെന്ന് മരിയ ആവശ്യപ്പെട്ടിരുന്നു. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയ ട്രംപിന് മരിയ നന്ദി പറഞ്ഞു. തനിക്കു കിട്ടിയ സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ട്രംപിന്റെ വെനസ്വേലൻ നീക്കങ്ങൾ ജനാധിപത്യത്തെ ഉദ്ധരിക്കാനല്ല, എണ്ണസന്പത്ത് ലക്ഷ്യമിട്ടാണെന്നു വ്യക്തമായതോടെ വെനസ്വേലൻ പ്രതിപക്ഷം നിരാശയിലാണെന്നും റിപ്പോർട്ടുണ്ട്.
International
ടെഹ്റാന്: ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ആഞ്ഞടിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി. ഇറാനിലെ തെരുവുകള്‍ നശിപ്പിക്കുന്നത് മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണെന്ന് ഖമനി കുറ്റപ്പെടുത്തി. ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും തകര്‍ന്നടിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫറവോയെയും നിമ്രോദിനെയും പോലെ അഹങ്കാരത്തിന്റെ അത്യുന്നതിയില്‍ നില്ക്കുന്ന എല്ലാ ഭരണാധികാരികളും തകര്‍ന്നിട്ടുണ്ട്. ട്രംപിനും ഇതേ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് ഖമനി പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച ഖമനി, ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.
ഇറാനിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ ശക്തികളുടെ ഏജന്റുമാരായാണ് പ്രതിഷേധക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമര്‍ത്തലുകള്‍ നടത്തിയുമാണ് ഇറാന് ഭരണകൂടം പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധങ്ങളില്‍ ഇതിനോടകം നിരവധി പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതും, പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പുമാണ് ഖമനിയെ പ്രകോപിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
International
വാഷിംഗ്ടൺ: യുഎസിനു ഗ്രീൻലാൻഡ് വേണമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ ചൈനയും റഷ്യയും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനു മുന്‍പ് യുഎസിന് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നമ്മൾ അതു ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കും. അവർ നമ്മുടെ അയൽക്കാരാകാൻ പാടില്ല - ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
1951ലെ കരാർപ്രകാരം യുഎസിന്റെ സൈനിക സാന്നിധ്യം ഗ്രീൻലാൻഡിൽ ഉണ്ടെങ്കിലും ഗ്രീൻലാൻഡിന്റെ സംരക്ഷണത്തിന് അത്തരം കരാറുകൾ പോരാ. അതിന് അമേരിക്ക ആ ദ്വീപ് സ്വന്തമാക്കണം. ഡെൻമാർക്ക് രാജ്യഭരണത്തിനു കീഴിൽ അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സംരക്ഷിക്കണം. നമ്മൾ അതു ചെയ്യുന്നില്ലെങ്കിൽ, ചൈനയോ റഷ്യയോ ചെയ്യും.
ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ സൈനിക നടപടിയടക്കം പരിഗണനയിലാണെന്നു നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഡെൻമാർക്കിൽനിന്നു പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കാൻ വൻതുകകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചു ട്രംപും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ഗ്രീൻലാൻഡിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുള്ള ട്രംപിന്റെയും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾക്കെതിരേ യൂറോപ്പിലും പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നാറ്റോ അംഗങ്ങളാണ് യുഎസും ഡെൻമാർക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഗ്രീൻലാൻഡിനും ഡെൻമാർക്കിനുമാണെന്ന് ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
International
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്ക എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നും, അത് 'നല്ല രീതിയിലോ' അല്ലെങ്കില്‍ കഠിനമായ രീതിയിലോ ആയിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും, അത് അമേരിക്കയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ ഭാഗമാണെന്ന വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് ചെന്നു നിന്നു എന്നത് കൊണ്ട് മാത്രം ആ പ്രദേശം അവരുടേതാകില്ല' എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമെ, ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വ ധാതു സമ്പത്തും പ്രകൃതിവാതക നിക്ഷേപവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ട്രംപിന്റെ ഈ നീക്കം നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന് ഡെന്മാര്ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയില്‍ സൈനിക നടപടിയിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്ക് പണം നല്കി സ്വാധീനിക്കാനുള്ള 'മണി പ്ലാനും' വൈറ്റ് ഹൗസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Leader Page
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ ലോകത്തെ ഞെട്ടിക്കുന്നു. വ്യവസ്ഥാപിത ലോകക്രമം പാടെ മാറ്റിമറിക്കുന്നതാണു വെനസ്വേലയിൽ അടക്കമുള്ള ട്രംപിന്റെ നീക്കങ്ങൾ. ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നുവെന്നു ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ അടക്കമുള്ള ലോകനേതാക്കൾ പരസ്യമായി പറയുന്നു. ഏകപക്ഷീയ തീരുമാനങ്ങളിലൂടെ ലോകത്തെയാകെ വിഷമിപ്പിക്കുകയാണു രണ്ടാമൂഴത്തിൽ ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര നിയമം ആവശ്യമില്ലെന്നാണ്, വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനുശേഷം ട്രംപ് പറയുന്നത്. തന്റെ ധാർമികതയ്ക്കു മാത്രമേ തന്റെ മുന്നേറ്റത്തെ തടയാനാകൂവെന്ന് ട്രംപ് ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതര രാഷ്ട്രങ്ങളുടെ സ്വതന്ത്ര പരമാധികാരത്തിൽ കടന്നുകയറുന്ന ലോകപോലീസിനു മുന്നിൽ ലോകം പകച്ചു. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ അമേരിക്കയുടെ ഭരണത്തലവന്റെ ഓരോ നടപടിയും ഇന്ത്യയും കാനഡയും അടക്കമുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.
ന്യായീകരണങ്ങൾക്കു പഞ്ഞമില്ല
ലോകയുദ്ധങ്ങൾ അവസാനിപ്പിക്കുന്ന സമാധാനദൂതനെന്നു സ്വയം വിശേഷിപ്പിച്ച ട്രംപാണ് സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലയിൽ കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു തന്നോളം അർഹത മറ്റാർക്കുമില്ലെന്നു സ്വയം പറഞ്ഞതു മറക്കാറായില്ല. സമാധാന സമ്മാനം കൈപ്പറ്റിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവുകൂടിയായ മരിയ മച്ചാഡോയോടും ട്രംപിനു കൊതിക്കെറുവുണ്ടായി.
വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതിലും വെനസ്വേലയുടെ എണ്ണശേഖരം വരുംവർഷങ്ങളിൽ ഊറ്റി വിറ്റ് പണം കൈക്കലാക്കുമെന്ന് പരസ്യമായി പറയുന്നതിലും ട്രംപിന് ന്യായീകരണമുണ്ട്. യുക്രെയ്നെതിരേ യുദ്ധം തുടങ്ങിയ റഷ്യയുടെ ന്യായീകരണവും ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസിന്റെ ന്യായീകരണവും, ഗാസ യുദ്ധത്തിൽ അനേകരെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ ന്യായീകരണവുമെല്ലാം തഥൈവ. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാനോടുള്ള അമേരിക്കയുടെ മൃദുസമീപനം പോലും ന്യായവും നീതിയും നോക്കിയല്ല.
ഇറാനിലും ആശങ്ക വളരുന്നു
ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വലിയതോതിലുള്ള അമേരിക്കൻ ഇടപെടലിലേക്കു വഴിമാറാനുള്ള സാധ്യതയുമുണ്ട്. ഡിസംബർ 28ന് തുടങ്ങിയ പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിലും ടെഹ്റാൻ അടക്കം നൂറിലേറെ നഗരങ്ങളിലും വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൽ 42 പേരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. യുഎഇയിൽ നിന്നും തുർക്കിയിൽനിന്നും ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളാകും ആശങ്കയിലാകുക.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രക്ഷോഭത്തിൽ അമേരിക്ക നേരിട്ടു കൈകടത്താനുള്ള സാധ്യത തള്ളിക്കളായാനാകില്ല. അമേരിക്കയെ സന്തോഷിപ്പിക്കാനാണു പ്രക്ഷോഭകാരികളുടെ ശ്രമമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ വാക്കുകൾ വ്യക്തമാണ്. ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങൾ വിച്ഛേദിച്ചതുകൊണ്ടു കലാപം തടയാൻ ഇറാൻ സർക്കാരിനു കഴിഞ്ഞേക്കില്ല.
ഇന്ത്യൻ കരാറിനും പണി കിട്ടി
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിക്കാത്തതിനാലാണ് ഇന്ത്യ- യുഎസ് വ്യാപാരക്കരാർ നടക്കാത്തതെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഇന്നലെ പറഞ്ഞു. ട്രംപിനെ മോദി വിളിക്കാത്തതിനാൽ വ്യാപാരക്കരാർ നടന്നില്ലെന്ന് ഉളുപ്പില്ലാതെയാണ് അമേരിക്ക വെളിപ്പെടുത്തിയത്. ഇത്രയേറെ അഹന്ത ആകാമോയെന്നു സംശയിച്ചിട്ട് കാര്യമില്ല.
റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും 500 ശതമാനം വരെ തീരുവ ഉയർത്താൻ കഴിയുമെന്നും പറഞ്ഞതിനു പിന്നാലെയാണ് ലുട്നിക്കിന്റെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനായി ചർച്ചകൾ നടത്തുന്ന സമയത്താണ് അമേരിക്കയുടെ ഭീഷണി. ആറു റൗണ്ട് ചർച്ചകൾ ഇതുവരെ നടന്നു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പരിഹരിക്കുന്നതിനുള്ള ചട്ടക്കൂട് പുതിയ കരാറിൽ ഉൾപ്പെട്ടിരുന്നു.
സന്ദർശക വീസയുള്ള ഇന്ത്യക്കാരുടെ വീസ റദ്ദ് ചെയ്യുമെന്നും അമേരിക്കൻ ജോലിക്കായുള്ള എച്ച് 1-ബി വീസകൾക്കും പഠനത്തിനെത്തുന്ന വിദ്യാർഥികൾക്കുള്ള വീസകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഭീഷണികളും പുതിയ രീതിയാണ്.
ഗ്രീൻലാൻഡിനു ചുവപ്പുകാർഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾ ലോകക്രമത്തെ ബാധിക്കും. ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് മേഖലയായ ഗ്രീൻലാൻഡിനായി ബലപ്രയോഗം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാനിഷ് ഉദ്യോഗസ്ഥരുമായി ട്രംപ് ഭരണകൂടം അടുത്തയാഴ്ച ഉന്നതതല ചർച്ചയ്ക്കു തയാറെടുക്കുന്നതിനിടെയാണിത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യം ട്രംപ് പരസ്യമാക്കിയിട്ടുണ്ട്.
ഭീഷണികൾ നിർത്താനുള്ള ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ ആവശ്യത്തോട് അമേരിക്കയുടെ പ്രതികരണം ശുഭകരമല്ല. അറ്റ്ലാന്റിക് സമുദ്രമേഖലയിൽ 80 വർഷത്തെ സുരക്ഷാ ബന്ധങ്ങളെ നശിപ്പിക്കുന്നതിനാണ് അമേരിക്കയുടെ ശ്രമമെന്ന ഫ്രെഡറിക്സിന്റെ മുന്നറിയിപ്പിനും പുല്ലുവില. മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാൻ അമേരിക്ക തീരുമാനിച്ചാൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതലുള്ള സുരക്ഷ ഇല്ലാതാകുമെന്നും ഡെന്മാർക്ക് ഓർമിപ്പിക്കുന്നു. എന്നാൽ, അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ട്രംപ് ആവർത്തിക്കുന്നു.
ട്രംപ് ‘മെനു’വിൽ കാനഡയും
കാനഡയെ അമേരിക്കയുടെ 51-ാമതു സംസ്ഥാനമായി ചേർക്കണമെന്ന് ട്രംപ് പ്രഖ്യാപിച്ചതു വിസ്മരിക്കാനാകില്ല. 2024ൽ രണ്ടാമതും പ്രസിഡന്റായ ഉടനെയായിരുന്ന ആദ്യ പ്രസ്താവന. ആ മോഹം ഉപേക്ഷിക്കാൻ ട്രംപ് തയാറല്ല. പതിറ്റാണ്ടുകൾ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായിരുന്ന വലിയ അയൽരാജ്യത്തെ അപ്പാടെ വിഴുങ്ങാമെന്നു സാധാരണ ഗതിയിൽ ഒരു ജനാധിപത്യ ഭരണാധികാരി ചിന്തിക്കാനിടയില്ല. പക്ഷേ, ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യരുതല്ലോ.
അമേരിക്കയുടെ ‘മെനുവിൽ’ കാനഡ ഇപ്പോഴില്ലെന്നു ചിന്തിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ ബോബ് റേ കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞു. വെനസ്വേലയ്ക്കെതിരായ ട്രംപിന്റെ സൈനിക ആക്രമണം, ഗ്രീൻലാൻഡിനായുള്ള പദ്ധതികൾ, പശ്ചിമാർധ ഗോളത്തിനുമേലുള്ള അമേരിക്കയുടെ ഉടമസ്ഥാവകാശ പ്രഖ്യാപനം എന്നിവ കാനഡയുടെ നിലനിൽപിനുള്ള വെല്ലുവിളിയാണെന്ന് 2013ൽ എംപിയായി വിരമിച്ച ഫെഡറൽ ലിബറൽ പാർട്ടിയുടെ മുൻ ഇടക്കാല നേതാവായ റേ ഓർമപ്പെടുത്തുന്നു. കാനഡയുടെ പരമാധികാരത്തെ അമേരിക്കൻ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നു ചുരുക്കം.
അസാധാരണം, അഭൂതപൂർവം
അസാധാരണവും അഭൂതപൂർവവുമാണു കഴിഞ്ഞ കുറച്ചുകാലമായുള്ള ആഗോള സംഭവവികാസങ്ങൾ. ചൈന പാലിക്കുന്ന തന്ത്രപരമായ സംയമനംപോലും അവരുടെ ആഗോള താത്പര്യത്തിന് അനുസരിച്ചാണ്. റഷ്യയും ഇന്ത്യയും ജർമനിയും ഫ്രാൻസും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്കും പരിമിതികളേറെയുണ്ടെന്ന് അമേരിക്കയും ചൈനയും കരുതുന്നു.
ട്രംപ് മഠയനാണെന്നു പറയാനാകില്ല. എന്നാൽ, ട്രംപിന്റെ നടപടികൾ പലതും അതിബുദ്ധിയാകും. റഷ്യയുമായി സന്പൂർണ ശത്രുത വേണ്ടെന്ന ട്രംപിന്റെ ആദ്യ നിലപാടിലെ തന്ത്രം വ്യക്തം. പക്ഷേ ആഗോള നിയമങ്ങളും മര്യാദകളും തീർത്തും അവഗണിച്ചു തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുമെന്ന നില അപകടകരമാണ്. ഐക്യരാഷ്ട്രസഭയെയും ആഗോള കൂട്ടായ്മകളെയും ട്രംപ് തള്ളുകയും ചെയ്യുന്നു.
ആശങ്കയും വെല്ലുവിളിയുമേറെ
അന്താരാഷ്ട്ര നിയമങ്ങളിൽനിന്നു മാത്രമല്ല, സഖ്യകക്ഷികളിൽനിന്നു പോലും അമേരിക്ക ക്രമേണ പിന്മാറുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഓർമിപ്പിച്ചു. വെനസ്വേല വിട്ടതിനുശേഷം റഷ്യയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്ത യുഎസ് നടപടി സമുദ്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടാനും ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള ആ രാജ്യത്തിന്റെ എണ്ണവ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ട്രംപിന് മര്യാദകളൊന്നും പ്രശ്നമല്ല.
വെനസ്വേലയുടെ ഭാവി, തായ്വാന്റെ സുരക്ഷ, ഗ്രീൻലാൻഡിനായുള്ള ലക്ഷ്യങ്ങൾ, കാനഡയെ ചേർക്കാനുള്ള മോഹം തുടങ്ങിയവകൊണ്ട് അവസാനിക്കുന്നതല്ല ട്രംപിന്റെ നവകാല തന്ത്രങ്ങൾ. സൈനികവും സാന്പത്തികവുമായ അമേരിക്കൻ ശക്തിയുടെ വിജയത്തിൽ അഭിമാനിക്കുന്ന പ്രസിഡന്റിന്റെ ഭാവിയിലെ ഓരോ നീക്കവും ഇന്ത്യ അടക്കം ലോകത്തിനാകെ കൂടുതൽ വെല്ലുവിളിയും ആശങ്കയുമാകും. പിണറായി വിജയനും എം.എ. ബേബിയും പോലുള്ളവരുടെ പ്രതിഷേധങ്ങൾ ട്രംപിനു പുല്ലുവിലയാണ്.
ഒന്നിച്ചു നിന്നാൽ ഇന്ത്യ നേടും
ധാർമികത, സൈനികശക്തി എന്നിവ മുതൽ ഒരു തരം ദുഷ്ടതയും ധാർഷ്ട്യവും വരെ ട്രംപിന്റെ നീക്കങ്ങളിൽ കാണാനാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇതേ രീതിയാണ്. അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കെതിരേയുള്ള ട്രംപിന്റെ നീക്കങ്ങളും വ്യത്യസ്തമല്ല. ഇന്ത്യയിലെ പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ സമീപനത്തിലും ചില സമാനതകളുണ്ടാകും.
ആഗോള സാന്പത്തിക ശക്തിയായുള്ള കുതിപ്പും മറ്റൊരു രാജ്യത്തിനുമില്ലാത്ത മികവുറ്റ യുവതയുടെ കരുത്തും മുതലാക്കി മാറുന്ന ലോകക്രമത്തിൽ പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇന്ത്യക്കു കഴിയട്ടെ. മതപരവും ജാതീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്താതെ, ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കാനാകട്ടെ ഭരണാധികാരികളുടെ ശ്രമം.
International
ന്യൂയോർക്ക്: ചർച്ചകളെല്ലാം പൂർത്തിയായെങ്കിലും കരാർ ഒപ്പിടാൻ തയാറാണെന്ന് അറിയിച്ച് നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വിളിക്കാതിരുന്നതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക്. പ്രമുഖ ബിസിനസ്-ടെക് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
“ചവിട്ടുപടികൾ പോലെയാണ് പ്രസിഡന്റ് ട്രംപ് കാര്യങ്ങളെ സമീപിക്കുന്നത്. മികച്ച ഡീൽ ലഭിക്കുന്നത് ആദ്യം വരുന്നവർക്കായിരിക്കും. ആദ്യ ഡീൽ യുകെയുമായി ഉണ്ടാക്കി. രണ്ട് വെള്ളിയാഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നടത്തണമെന്നാണ് അവരോടു ഞാൻ പറഞ്ഞത്. നിങ്ങൾക്ക് മൂന്നു വെള്ളിയാഴ്ചകൾ ലഭിക്കുമെന്നാണ് ഇന്ത്യയെ ഞങ്ങൾ അറിയിച്ചത്. പക്ഷേ, പ്രസിഡന്റ് ട്രംപാണു ഡീൽ ഉണ്ടാക്കുന്നത്.
മോദി അദ്ദേഹത്തെ വിളിക്കണമെന്ന് ഞാൻ അറിയിച്ചു. ഇന്ത്യൻ നേതൃത്വത്തിനു അത് ചെയ്യാൻ അസ്വസ്ഥതയായിരുന്നു. മോദി വിളിച്ചില്ല’’. ഇന്നലെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി കരാറുകൾ പ്രഖ്യാപിച്ചശേഷം ലുത്നിക് പറഞ്ഞു.
മറ്റു രാജ്യങ്ങൾക്കുമുൻപായി ഇന്ത്യയുമായുള്ള കരാർ യാഥാർഥ്യമാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ത്യ കാര്യങ്ങൾ വൈകിച്ചു. ഇപ്പോൾ തങ്ങൾ തയാറാണെന്ന് ഇന്ത്യ പറയുന്നു. മൂന്നാഴ്ച മുൻപ് സ്റ്റേഷൻ വിട്ടുപോയ ട്രെയിനിൽ കയറാനാണോ തയാറായതെന്ന് താൻ തിരിച്ചു ചോദിച്ചുവെന്നും ലുത്നിക് പരിഹസിച്ചു.
International
ബെർലിൻ: ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നതായി ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ.
ട്രംപിന്റെ ഉത്തരവുപ്രകാരം അമേരിക്കൻ സേന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ച പശ്ചാത്തലത്തിലാണ് ജർമൻ പ്രസിഡന്റ് രൂക്ഷ വിമർശനം ഉന്നയിച്ചത്. മാറിയ ലോകക്രമത്തിൽ ഇന്ത്യക്കും ബ്രസീലിനും വലിയ പങ്കുവഹിക്കാനാകും.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ലോകക്രമത്തിന്റെ ഗതിമാറ്റിയ പ്രധാന സംഭവമായിരുന്നുവെന്നും അമേരിക്കയുടെ രീതികൾ ഇതിനു സമാനമാണെന്നും ജർമൻ പ്രസിഡന്റ് പറഞ്ഞു.
ഇന്നു കാണുന്ന ലോകക്രമം പടുത്തുയർത്തിയ അമേരിക്കയുടെ മൂല്യങ്ങളിൽ വൻ തകർച്ചയുണ്ടായിരിക്കുന്നു. മനസാക്ഷിയില്ലാത്തവർ എന്തും ചെയ്യുന്ന, ഒരുപറ്റം വൻശക്തികൾ മുഴുവൻ രാജ്യങ്ങളെയും തങ്ങളുടെ ഉപകരണങ്ങളായി പരിഗണിക്കുന്ന കൊള്ളസങ്കേതമായി ലോകം മാറാൻ അനുവദിക്കരുത്.
യുഎസ്-ചൈനാ മത്സരത്തിനിടയിൽ സ്വന്തം പരമാധികാരം നിലനിർത്താനുള്ള പ്രായോഗികത കാട്ടുന്ന ഇന്ത്യയെയും ബ്രസീലിനെയും ജർമൻ പ്രസിഡന്റ് പ്രശംസിച്ചു.
ജർമനിയും യൂറോപ്പും ഇന്ത്യയെയും ബ്രസീലിനെയും വികസ്വര രാജ്യങ്ങളായി കാണുന്നത് അവസാനിപ്പിക്കണം. ബ്രസീലിനും കൂടുതൽ പങ്കാളിത്തം ലഭിച്ചാലേ ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള സംഘടനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന 35 അന്താരാഷ്ട്ര സംഘടനകളിൽനിന്നും ഐക്യരാഷ്ട്ര സഭയുടെ 31 വിഭാഗങ്ങളിൽനിന്നും കരാറുകളിൽനിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച
ഇതു സംബന്ധിച്ച രേഖ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, സംഘടനകളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിൽ നിന്നാണ് പിന്മാറ്റമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയുടെ മുൻഗണനകളേക്കാൾ ആഗോള അജൻഡകൾക്കു പ്രധാന നൽകുന്ന സംഘടനകളിലേക്ക് അമേരിക്കയുടെ പണവും പങ്കാളിത്തവും വേണ്ടെന്ന നിലപാടിലേക്കാണ് ഇതിലൂടെ അമേരിക്ക എത്തുന്നത്. ഇത്തരം സംഘടനകൾക്കു നൽകുന്ന അമേരിക്കൻ നികുതിദായകരുടെ പണം മറ്റു പ്രയോജനപ്രദമായ രീതികളിൽ വിനയോഗിക്കുന്നതാണ് ഉചിതമെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.
രണ്ടാം ഭരണകാലത്തിന്റെ തുടക്കം മുതൽ ഐക്യരാഷ്ട്ര സംഘടനകളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നും അകലം പാലിക്കുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സംഘടനകൾക്കു നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനും ട്രംപ് നിർദേശിച്ചിരുന്നു. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനത്തെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ തുടങ്ങിയവ ട്രംപിന്റെ നിശിതമായ വിമർശനം ഏറ്റുവാങ്ങുന്ന സംവിധാനങ്ങളാണ്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ എണ്ണ വിൽക്കാനുള്ള പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ ഉപരോധം മൂലം വെനസ്വേലയിൽ കെട്ടിക്കിടക്കുന്ന മൂന്നു മുതൽ അഞ്ചു കോടി വരെ വീപ്പ അംസ്കൃത എണ്ണ കപ്പലുകളിൽ നേരിട്ട് അമേരിക്കയിലെത്തിച്ച് ശുദ്ധീകരിച്ചു വിൽക്കുമെന്നു ട്രംപ് അറിയിച്ചു. ഇതിനായി അമേരിക്കൻ ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റിനു നിർദേശം നല്കി.
മാർക്കറ്റ് വിലയ്ക്ക് എണ്ണ വിൽക്കുമെന്നാണു ട്രംപ് അറിയിച്ചത്. “വെനസ്വേലൻ ജനതയ്ക്കും അമേരിക്കയ്ക്കും ഗുണകരമെന്ന് ഉറപ്പുവരുത്താനായി എണ്ണ വിറ്റുകിട്ടുന്ന പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻതന്നെ സൂക്ഷിക്കും”.ഇപ്പോഴത്തെ വിലവച്ച് ഏതാണ്ട് 190 കോടി ഡോളർ വെനസ്വേലൻ എണ്ണയിൽനിന്ന് അമേരിക്കയ്ക്കു ലഭിക്കും.
എക്സോൺ മൊബീൽ പോലുള്ള വന്പൻ അമേരിക്കൻ എണ്ണ കന്പനികളെ വെനസ്വേലൻ എണ്ണ ഖനനം ചെയ്യാൻ അനുവദിക്കുമെന്നും ട്രംപ് അറിയിച്ചു.
വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊദ്രിഗസിന്റെ ഭരണകൂടം അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിൽനിന്നു ലഭിക്കുന്നത്. പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും പത്നിയെയും തട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ചതിനു പിന്നാലെ, വെനസ്വേലയെ അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നതാണ്.
ഇതിനിടെ, മഡുറോയെ തട്ടിക്കൊണ്ടുവരാനായി യുഎസ് സേന കാരക്കാസിൽ നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആണെന്നു സൂചനയുണ്ട്. മഡുറോയ്ക്കു സുരക്ഷ നല്‍കിയിരുന്ന 32 ക്യൂബൻ സൈനികരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.