ബെർലിൻ: ട്രംപിന്റെ കീഴിലെ അമേരിക്ക ലോകക്രമം തകർക്കുന്നതായി ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ.
ട്രംപിന്റെ ഉത്തരവുപ്രകാരം അമേരിക്കൻ സേന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ച പശ്ചാത്തലത്തിലാണ് ജർമൻ പ്രസിഡന്റ് രൂക്ഷ വിമർശനം ഉന്നയിച്ചത്. മാറിയ ലോകക്രമത്തിൽ ഇന്ത്യക്കും ബ്രസീലിനും വലിയ പങ്കുവഹിക്കാനാകും.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ലോകക്രമത്തിന്റെ ഗതിമാറ്റിയ പ്രധാന സംഭവമായിരുന്നുവെന്നും അമേരിക്കയുടെ രീതികൾ ഇതിനു സമാനമാണെന്നും ജർമൻ പ്രസിഡന്റ് പറഞ്ഞു.
ഇന്നു കാണുന്ന ലോകക്രമം പടുത്തുയർത്തിയ അമേരിക്കയുടെ മൂല്യങ്ങളിൽ വൻ തകർച്ചയുണ്ടായിരിക്കുന്നു. മനസാക്ഷിയില്ലാത്തവർ എന്തും ചെയ്യുന്ന, ഒരുപറ്റം വൻശക്തികൾ മുഴുവൻ രാജ്യങ്ങളെയും തങ്ങളുടെ ഉപകരണങ്ങളായി പരിഗണിക്കുന്ന കൊള്ളസങ്കേതമായി ലോകം മാറാൻ അനുവദിക്കരുത്.
യുഎസ്-ചൈനാ മത്സരത്തിനിടയിൽ സ്വന്തം പരമാധികാരം നിലനിർത്താനുള്ള പ്രായോഗികത കാട്ടുന്ന ഇന്ത്യയെയും ബ്രസീലിനെയും ജർമൻ പ്രസിഡന്റ് പ്രശംസിച്ചു.
ജർമനിയും യൂറോപ്പും ഇന്ത്യയെയും ബ്രസീലിനെയും വികസ്വര രാജ്യങ്ങളായി കാണുന്നത് അവസാനിപ്പിക്കണം. ബ്രസീലിനും കൂടുതൽ പങ്കാളിത്തം ലഭിച്ചാലേ ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള സംഘടനകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Trump America destroying world order German President Frank Walter Steinmeier world order Destroy