വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിൽ. നാറ്റോ സഖ്യകക്ഷികളെ പരിഹസിക്കുന്ന രീതിയില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ യുഎസ് ഭൂപടം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
യുഎസ് ഭൂപടത്തിന്‍റെ വടക്കുഭാഗത്ത് ഗ്രീന്‍ലാന്‍ഡിനെ കൂടി ചേര്‍ത്തുകൊണ്ടുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാണെന്ന തന്‍റെ നിലപാട് അദ്ദേഹം ഇതിലൂടെ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
ട്രംപിന്‍റെ ഈ നടപടി നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇതിനോട് യൂറോപ്യന്‍ യൂണിയന്‍ കടുത്ത രീതിയില്‍ പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്‍റെ പ്രസ്താവനകളെ വെറും പരിഹാസമായോ പ്രകോപനമായോ മാത്രം കാണാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നത്.
2026 ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ട്രംപ് നേരത്തെ നടത്തിയിരുന്നു. അല്ലാത്തപക്ഷം ഡെന്മാര്‍ക്കിന് മേല്‍ കടുത്ത നികുതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്‍റെ വാദം. റഷ്യയും ചൈനയും ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നത് തടയാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
അതേസമയം 'ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല' എന്ന നിലപാടില്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്. ഒരു നാറ്റോ സഖ്യകക്ഷിയോട് അമേരിക്ക സ്വീകരിക്കുന്ന ഈ സമീപനം നാറ്റോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ആര്‍ട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളും തന്ത്രപരമായ സ്ഥാനവും ലക്ഷ്യമിട്ടാണ് ട്രംപ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് രാജ്യാന്തര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.
Tags : Trump NATO DENMARK EU Greenland