കോപ്പൻഹേഗൻ: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂടിച്ചേർക്കാൻ മോഹിക്കുന്ന പ്രസിഡന്റ് ട്രംപിനു മുന്നറിയിപ്പുമായി യൂറോപ്യൻ നേതാക്കൾ.
ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ രാജ്യങ്ങളിലെ നേതാക്കൾ പറഞ്ഞു. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിന്റെ മുഴുവൻ പിന്തുണ ഡെന്മാർക്കിനുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനായുള്ള മോഹം ആവർത്തിച്ചത്. വെനസ്വേലയിലെ സൈനിക നടപടി ട്രംപ് ഗ്രീൻലാൻഡിലും ആവർത്തിക്കുമെന്ന ആശങ്ക ശക്തമാണ്.
ഉത്തരധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന് തന്ത്രപരമായി വളരെ പ്രധാന്യമുണ്ട്. പ്രകൃതിവിഭവങ്ങളാൽ സന്പന്നവുമാണ്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ ഏതു നീക്കവും പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ നാശത്തിൽ കലാശിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ മുന്നറിയിപ്പു നല്കി. ഡെന്മാർക്കും ഗ്രീൻലാൻഡും നാറ്റോയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
Tags : Trump's threat European leaders Greenland Denmark