കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാക്കിയ പുതിയ പദ്ധതി അംഗീകരിക്കാൻ പ്രസിഡന്റ് സെലൻസ്കിക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്.
അടുത്ത വ്യാഴാഴ്ചയ്ക്കുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നു യുഎസ് വൃത്തങ്ങൾ സെലൻസ്കിക്ക് അന്ത്യശാസനം നല്കി. യുഎസ് പ്രസിഡന്റ് ട്രംപ് പിന്നീട് ഇക്കാര്യം സൂചിപ്പിച്ചു.
അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതി യുക്രെയ്നു വലിയ നഷ്ടമുണ്ടാക്കുന്നതാണെന്നു യൂറോപ്യൻ ശക്തികൾ ചൂണ്ടിക്കാട്ടിയുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ യുക്രെയ്ന്റെ മിത്രരാജ്യങ്ങൾ പദ്ധതി ചർച്ച ചെയ്യുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അറിയിച്ചു.
പദ്ധതിപ്രകാരം യുക്രെയ്ൻ സേനയ്ക്കു നിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കേണ്ടിവരും. യുക്രെയ്ൻ നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുകയും സൈനികശേഷി പരിമിതപ്പെടുത്തുകയും വേണം.
Tags : US pressures Ukraine peace plan Trump zelensky