പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായി വി.പി. മുഹമ്മദലിയെ കോതകുറിശിയിൽ നിന്നാണ് കണ്ടെത്തിയത്.
മുഹമ്മദാലിയെ കോതകുറിശിയിൽ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടിയ മുഹമ്മദാലി പോലീസിനെ വിളിക്കുകയായിരുന്നു.
ബിസിനസ് വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് വിവരം. ചാലിശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി.
ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്
Tags : businessman Abducted Palakkad police case