തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലാക്കി മുടക്കിയെന്ന ആരോപണത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരേ പരാതി നൽകി അടാട്ട് പഞ്ചായത്ത് പ്രസിഡന്റും മുൻ എംഎൽഎയുമായ അനിൽ അക്കര. ഫ്ലാറ്റ് നിർമാണം നിയമക്കുരുക്കിലായത് വടക്കാഞ്ചേരിയിലെ മുൻ എംഎൽഎ കേസ് നൽകിയതിന്റെ ഭാഗമാണെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ചരൽപറന്പിൽ ഫ്ലാറ്റ് നിർമാണത്തിന്റെ ചുമതലയിൽനിന്ന് ഹാബിറ്റാറ്റിനെ മാറ്റിയത് യുഎഇ കോണ്‍സുലേറ്റ് ജനറൽ എം. ശിവശങ്കർ, ലൈഫ് മിഷൻ ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാനായിരുന്ന അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ചേർന്നാണ്. യൂണിടാക്ക് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയെയാണു നിർമാണം ഏൽപ്പിച്ചത്.
ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസാണു കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ കേസ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യം വിട്ടതോടെ എഫ്സിആർഎ ലംഘനത്തിൽ സിബിഐയും കേസെടുത്തു. അപ്പോഴും നിർമാണം തുടർന്നു.
പിന്നീടു സർക്കാരോ കോടതിയോ നിർദേശം ലഭിക്കാതെ വന്നതോടെ സർക്കാരിനു കത്തു നൽകി നിർമാണം നിർത്തി. ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണു 2020-ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ താൻ ഉൾപ്പെടുന്ന കേസുകൾ നിലവിലില്ലെന്നും മന്ത്രി നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും പരാതിയിൽ പറയുന്നു.
Tags : Anil Akkara Congress MB Rajesh Minister