തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പക്ഷേ, ഇതു മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല.
മോദിക്കു വികസനനേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കേരളത്തിന്റെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് പച്ചയ്ക്കു വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുൻഗണനാപട്ടികയിൽ ആദ്യത്തേതു മതേതരത്വം സംരക്ഷിക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
ലീഗുമായുള്ള സീറ്റ് മാറ്റത്തിൽ ചർച്ച തുടരും
ന്യൂഡൽഹി: മുസ്ലിം ലീഗും കോണ്‍ഗ്രസും സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ച് ഒന്നാംഘട്ട ചർച്ച കഴിഞ്ഞുവെന്നും വീണ്ടും ചർച്ച തുടരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സീറ്റ് മാറ്റ ചർച്ചയിൽ വാശിയോ തർക്കമോ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ചില സീറ്റുകൾ ലീഗിനും അവർ തോൽക്കുന്ന ചില സീറ്റുകൾ കോണ്‍ഗ്രസിനും നൽകുന്നതിലാണു ചർച്ചയെന്നും സതീശൻ പറഞ്ഞു.
Tags : V.D. Satheesan election manifesto BJP agenda UDF Congress