കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.
1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്‍റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്‍മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്‍കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.
ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്‍റെ വസ്ത്രമാണ്.
കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന്‍ എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്‍റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.
പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.
മന്‍മോഹന്‍ സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ ഇരുമ്പിന്‍റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.
പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള്‍ മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്‍ജിന്‍ ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ സോഹന്‍റെ വാക്കുകള്‍.
അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്‌റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.
Tags : Christmas New Year celebration Kochi