തിരുവനന്തപുരം: കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ eemploy ment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാം. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ചുലക്ഷം രൂപയായി ഉയർത്തി.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വിഎച്ച്എസ്ഇ/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, UPSC, PSC, SSB, RRB തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ളവർക്ക് https://www.eem ployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
Tags : Connect to Work project Inauguration