മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രിഹൺമുംബൈ കോർപറേഷൻ പിടിച്ചെടുത്ത് മഹായുതി സഖ്യം. നിലവിൽ ആകെയുള്ള 227 ഡിവിഷനുകളിൽ 118 എണ്ണത്തിലും മഹായുതി സഖ്യമാണ് മുന്നേറുന്നത്. 28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരിച്ച കൊർപറേഷനാണ് ബിജെപി-ശിവസേന (ഷിൻഡെ) സഖ്യം പിടിച്ചെടുത്തത്.
83 ഡിവിഷനുകളിൽ മാത്രമാണ് ശിവസേന-യുബിടി എംഎൻഎസ്-എൻസിപി എസ്പി സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം, ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലൊതുങ്ങി. വെറും എട്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
2017 ലാണ് ഒടുവില്‍ ബിഎംസി തെരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന അഞ്ച് സീറ്റിലൊതുങ്ങി. ഇരു എൻസിപി പാർട്ടികൾക്കും ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. മുംബൈയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റ് കോർപറേഷനുകളിലും മഹായുതി വൻ മുന്നേറ്റമാണ് നടത്തിയത്.
29 മുൻസിപ്പൽ കോർപറേഷനുകളിൽ 14 ഇടത്താണ് ബിജെപി സഖ്യം മുന്നേറുന്നത്. 13 ഇടങ്ങളിൽ ഇന്ത്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്.
Tags : brihan mumbai corporation mahayuti won bjp shivsena shinde