കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസും സിപിഎം നേതാവ് പത്മകുമാറിനെതിരായ ശബരിമല സ്വര്‍ണക്കേസും താരതമ്യം ചെയ്യേണ്ടെന്നും രണ്ടും രണ്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കാലിക്കട്ട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പത്മകുമാര്‍ എംഎല്‍എ ഒന്നുമല്ലല്ലോ? എസ്ഐടി അന്വേഷണം പൂര്‍ത്തിയായതിനുശേഷം നടപടി പാര്‍ട്ടി ആലോചിക്കും. പത്മകുമാറിനെതിരായ കേസില്‍ എന്തിനാണ് തിരക്കു കൂട്ടുന്നതെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് രാഹുലിനു സംരക്ഷണം ഒരുക്കുകയാണ്. പോലീസിന് അദ്ദേഹത്തെ കണ്ടെത്തുന്നതില്‍ പരിമിതി ഉണ്ട്. എങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഒരു കാരണത്താലും വൈകിക്കുന്ന സ്ഥിതി ഉണ്ടാകില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി അറസ്റ്റു ചെയ്ത പത്മകുമാറിനെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. എസ്എ ടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തിടുക്കം ആവശ്യമില്ല. ശബരിമലയിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല എന്നതാണു പാര്‍ട്ടി നിലപാട്. ശബരിമല കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഇങ്ങോട്ടു പിന്തുണച്ചതിന് ഉത്തരവാദിയല്ല.ജമാഅത്തെ ഇസ്ലാമിയുമായി ഇടതുപക്ഷം ഒരു കാലത്തും ധാരണയുണ്ടാക്കിയിട്ടില്ല. ഓരോ വാര്‍ഡിലും ഓരോ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കാലം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ചിലയിടങ്ങളില്‍ ഏകപക്ഷീയമായി അവര്‍ എല്‍ഡിഎഫിനു വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഏകപക്ഷീയമായി ഇങ്ങോട്ടു പിന്തുണ നല്കുന്നതിനു പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഇല്ലെന്നു എം.വി. ഗോവിന്ദന് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഇടതുപക്ഷത്തിനു ബന്ധമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപി ഐയുടെയും പിന്തുണ തേടുക വഴി ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് യുഡിഎഫാണ്. വര്ഗീയതയിലേക്കാണു മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പോക്കെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
കണ്ണൂരും പിടിക്കുമെന്നു ഗോവിന്ദൻ
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എക്കാലത്തേക്കാളും ശക്തമായ പ്രകടനം കാഴ്ചവയ്ക്കും. കണ്ണൂര്‍ കോര്‍പറേഷനും എല്‍ഡിഎഫ് പിടിക്കും. ഇപ്പോള്‍ കണ്ണൂര്‍ കോര്പറേഷന് മാത്രമാണു യുഡിഎഫ് ഭരിക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ വന്‍ വിജയം നേടും.
ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുകളിലുമെല്ലാം വലിയ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : M.V. Govindan rahul mamkootathil Padmakumar Kerala Local body election Sabarimal gold pali LDF UDF