തിരുവനന്തപുരം: സ്വർണപ്പാളി കേസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു തിരിച്ചടിയായെന്ന് മുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ. സിപിഎം നേതാക്കൾ മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടു സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു യോഗത്തിലെ പ്രധാന അജൻഡ.
പാർട്ടികൾ അവരുടെ യോഗം ചേർന്നു നടത്തിയ അവലോകനത്തിന്റെ പ്രധാന കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഭരണവിരുദ്ധ വികാരം ഉണ്ടെന്നോ ഇല്ലെന്നോ മനസിലാക്കാൻ കഴിഞ്ഞില്ല. സ്വർണപ്പാളിക്കേസിൽ തുടക്കത്തിലേ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് അതിത്രത്തോളം ആയുധമാക്കാൻ കഴിയില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ഇതുമൂലം ഹിന്ദുവോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറി. ന്യൂനപക്ഷങ്ങൾക്കെതിരായുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ അവരെയും മുന്നണിക്ക് എതിരാക്കിയെന്നും നേതാക്കൾ അഭിപ്രായ പ്പെട്ടു. വീഴ്ചകൾ തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്നുമായിരുന്നു പാർട്ടികളുടെ വിലയിരുത്തൽ.
ന്യൂനപക്ഷ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിന്റെ കാരണങ്ങൾ കണ്ടെത്തി മുന്നോട്ടു പോകണം. ഭൂരിപക്ഷ സമുദായത്തോടൊപ്പം ന്യൂനപക്ഷങ്ങളും അകന്നാൽ വലിയ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുന്പോൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യണം. മുന്പൊക്കെ ഇതു കൃത്യമായി ചെയ്യുമായിരുന്നു. ഇപ്പോഴതില്ല.
പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് ഇടതുനയത്തിനു കടകവിരുദ്ധമായിരുന്നു. ഇതു മുന്നണിയിൽ ചർച്ച ചെയ്തിരുന്നുവെങ്കിൽ പിന്നീടു വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല. മുന്നണിക്കു നേതൃത്വം നൽകുന്ന സിപിഎമ്മും ബിജെപിയുമായുള്ള അന്തർധാരയാണിതെന്നു പ്രതിപക്ഷവും മാധ്യമങ്ങളും പ്രചാരണം നടത്തി. ഇതും തെരഞ്ഞെടുപ്പിൽ ചർച്ചയായി.
സർക്കാർ തലത്തിൽ കൈക്കൊള്ളുന്ന സ്വന്തം വകുപ്പിലെ തീരുമാനങ്ങളുടെ പുരോഗതി മന്ത്രിമാർക്ക് അറിയാൻ പോലും കഴിയുന്നില്ല. ഇതു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തന്നെ ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെയായിരുന്നു ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്ത് നേതാക്കൾ നടത്തിയ വിമർശനം.
സ്വർണപ്പാളി കേസും വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായെന്ന സിപിഐയുടെ വിലയിരുത്തൽ മുന്നണി യോഗത്തിലും പാർട്ടി നേതാക്കൾ ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും തിരിച്ചുവരാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
മറ്റിടങ്ങളിൽ നടക്കുന്നതുപോലുള്ള പരാജയം നമുക്കു സംഭവിച്ചിട്ടില്ല. ഇനി മൂന്നു മാസം മുന്നിലുണ്ട്. ലൈഫ് പദ്ധതിയടക്കം ഫലപ്രദമായി പൂർത്തിയാക്കാൻ സാധിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. ഇതിനു മന്ത്രിമാർ അവരുടെ വകുപ്പുകളിലെ പദ്ധതികൾ ശരിയായി വിശകലനം ചെയ്തു പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Tags : Sabarimala Gold pali Swarnapali Case Left Front LDF