തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച ആരംഭിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷമാകും മറ്റ് ഘടകകക്ഷികളുമായി ചർച്ച നടത്തുക.
കഴിഞ്ഞ ദിവസം യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി സീറ്റു വിഭജനം സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ നടത്തി. പനിയെത്തുടർന്ന് വി.ഡി. സതീശൻ വിശ്രമത്തിലായിരുന്ന സാഹചര്യത്തിൽ ലീഗുമായുള്ള കൂടുതൽ ചർച്ചകൾ ഇന്നലെ പുരോഗമിച്ചില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ രണ്ടു സീറ്റുകൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിനേക്കാൾ ജയസാധ്യത ലക്ഷ്യമിട്ട് അഞ്ചു സീറ്റുകളിൽ വച്ചുമാറ്റവും ആവശ്യമാണ്. സീറ്റ് വച്ചുമാറ്റവുമായി ബന്ധപ്പെട്ടാണ് പ്രധാനമായി ചർച്ചകൾ നടക്കുക.
മുസ്ലിം ലീഗ് മത്സരിക്കുന്ന എറണാകുളം കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതും ചർച്ചകളിൽ എത്തിയിരുന്നു. പകരം സീറ്റിന്റെ കാര്യത്തിലും ധാരണയിലെത്തും. തെക്കൻ കേരളത്തിൽ ലീഗ് മത്സരിക്കുന്ന പുനലൂർ സീറ്റിലും വച്ചുമാറ്റ സാധ്യത പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ വീണ്ടും ചർച്ച തുടരും.
ഇതിനു ശേഷം പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസുമായി ചർച്ച നടത്തും. തുടർന്നാകും മറ്റു ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ നടക്കുക. ആർഎസ്പിയുമായും പ്രാഥമിക സീറ്റ് വിഭജന ചർച്ച നടത്തി. വിശദ ചർച്ച പിന്നീട് നടക്കും.
അതിനിടെ, കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു മുതിർന്ന നേതാക്കൾ നാളെ ഡൽഹിക്കു പോകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഡൽഹിക്കു പോകുന്നുണ്ട്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി സംസ്ഥാനത്തെത്തി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ 19നു കേരളത്തിലെ നേതാക്കൾ ഡൽഹിയിൽ എത്താൻ നിർദേശിച്ചെങ്കിലും കൊച്ചിയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലും നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിലുമാണ് കൂടിക്കാഴ്ച 23ലേക്കു മാറ്റിയത്.
Tags : UDF Seat sharing talks Congress