തിരുവനന്തപുരം: രാഹുൽ ഗാന്ധി തന്റെ നേതാവാണെന്നും രാജ്യത്തെ പല പ്രശ്നങ്ങളിലും രാഹുലിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഡോ. ശശി തരൂർ എംപി.
കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂർ. കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന തരൂർ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ കെപിസിസി ആസ്ഥാനത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിൽ തരൂർ പങ്കെടുത്തത്. താൻ എവിടെയും പോകില്ലെന്നും കോണ്ഗ്രസിൽത്തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും തരൂർ കൂട്ടിച്ചേർത്തു. ചില വിഷയങ്ങളിൽ മാധ്യമങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ, അത് പാർട്ടിയുടെ അഭിപ്രായമല്ല.
പാർട്ടി അഭിപ്രായം പാർട്ടിയുടെ വക്താക്കൾതന്നെ വ്യക്തമാക്കുമെന്നു പറഞ്ഞാണ് തന്റെ അഭിപ്രായങ്ങൾ പറയാറുള്ളതെന്നും തരൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
Tags : Shashi Tharoor Rahul Gandhi leader Congress