കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അടുത്ത അഞ്ച് വർഷകാലം കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള സമയമാണിത്.
എൽഡിഎഫ് യുഡിഎഫ് നേതാക്കളുടെ ഭാഷയിൽ പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ട്രയലും അതേസമയം കേരളത്തിലെ ബിജെപിയുടെ വളർച്ചയെ അടയാളപ്പെടുത്താൻ കഴിയുന്നതുമായ തെരഞ്ഞെടുപ്പാണിത്.
കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ ബിജെപിയുടെ സ്വീകാര്യത വർധിച്ചോ എന്നും ഈ തെരഞ്ഞെടുപ്പ് വെളിപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷകൾ നമുക്ക് പരിശോധിക്കാം.
* സർക്കാർ വീഴ്ച്ചകളുയർത്തിക്കാട്ടാൻ യുഡിഎഫ്
വിമതശല്യമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് എക്കാലവും വെല്ലുവിളിയായുള്ളത്. എന്നാൽ ഇപ്രാവശ്യം അത് നേർ പകുതിയായി കുറഞ്ഞു എന്നുള്ളത് വിജയപ്രതീക്ഷയെ വർധിപ്പിക്കുന്നു. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ഇത്തവണ ആവർത്തിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. സ്ഥാനാർഥികളെ നിർണയിച്ചത് വാർഡ് കമ്മിറ്റികളായതിനാൽ വിജയം സുനിശ്ചിതമാണെന്നും നേതൃത്വം അവകാശപ്പെടുന്നു.
കഴിഞ്ഞ ഒമ്പത് വർഷമായി ഭരണത്തിലിരിക്കുന്ന പിണറായി സർക്കാരിന്‍റെ വീഴ്ച്ചകളും അഴിമതിയും സാധാരണ ജനങ്ങൾക്കിടയിൽ തുറന്ന് കാട്ടാനാണ് യുഡിഎഫ് നീക്കം. ശബരിമലയിലെ സ്വർണകൊള്ള, ദേശീയപാത അഴിമതി, വയനാട് പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാക്കുന്നത്.
അമ്പല കള്ളന്മാർ കടക്ക് പുറത്ത് എന്ന സോഷ്യൽ മീഡിയ കാമ്പയിൻ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം തന്നെ പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡനക്കേസും ഒളിവു ജീവതവും രാഷ്ട്രീയമായി യുഡിഎഫിന് വലിയ ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്.
* വികസനത്തിനൊപ്പം രാഹുൽ മാങ്കൂട്ടവും ആയുധമാക്കി എൽഡിഎഫ്
യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് എം ഇടതുപക്ഷത്തേക്ക് ചേക്കേറിയത് രാഷ്ട്രീയമായി ഏറെ പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്. സിപിഎമ്മിനും സിപിഐയ്ക്കും സ്വാധീനം കുറവായിരുന്ന മേഖലകളിൽ കരുത്ത് തെളിയിക്കാൻ ഇത് ഇടയാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് വിജയത്തിന് കാരണമാകുന്നതെന്നാണ് നേതാക്കൾ പറയുന്നത്.
അതിദാരിദ്ര്യ മുക്ത സംസ്ഥാന പദവിയും അടിസ്ഥാന രംഗങ്ങളിലെ അഭൂത വളർച്ചയും ഇടതിന് അനുകൂലമായ വോട്ടായി മാറുമെന്നും വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനെ നടപ്പാക്കിയ ക്ഷേമപദ്ധതികളും സാധാരണക്കാരായ ജനങ്ങളുടെ വളർച്ചയും ലക്ഷ്യംവെച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നേതാക്കൾ പറയുന്നു.
2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയതിലും പിന്തുണ ഇത്തവണയുണ്ടാകുമെന്നും വിലയിരുത്തുന്നു. കോൺഗ്രസിന്റെ യുവമുഖമായിരുന്ന പാലക്കാട് എംഎൽഎയുടെ ലൈംഗിക മനോവൈകൃതവും അതിൽ കോൺഗ്രസ് സ്വീകരിച്ച സംരക്ഷണ നിലപാടും ജനങ്ങളുടെ അവതരിപ്പിക്കാനുമാണ് എൽഡിഎഫ് നീക്കം.
* മാറാത്ത കാര്യങ്ങൾ മാറ്റാനായി എൻഡിഎ
മാറാത്തത് ഇനി മാറും എന്നുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ എൻഡിഎ മുദ്രവാക്യം. രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരവസരം എന്നുള്ളതാണ് ലക്ഷ്യം. കേരളത്തിലെ ഇടത് വലത് മുന്നണികൾ മുൻപോട്ട് വയ്ക്കുന്ന തട്ടിപ്പിന്‍റെ രാഷ്ട്രീയത്തെ തുറന്നു കാട്ടാനാണ് ലക്ഷ്യമെന്നും ബിജെപി നേതാക്കൾ പറയുന്നു.
സംസ്ഥാനത്തെ ക്ഷേമ പ്രവർത്തനങ്ങളിലെ കേന്ദ്രാനുകൂല്യം മറച്ചുവയ്ക്കുന്ന സർക്കാരിനെതിരെ വീടുകൾ സന്ദർശിക്കാനും ശബരിമലയെ പോലും വെറുതെ വിടാത കൊള്ളക്കാരെ ജനം കൈവിടുമെന്നും പീഡനകേസിലെ പ്രതിയായ എംഎൽഎയെ സംരക്ഷിച്ച യുഡിഎഫിനെ ജനം തള്ളുമെന്നുമാണ് എൻഡിഎയുടെ പ്രതീക്ഷ.
Tags : local body election bjp congress cpm ldf udf nda