ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുമ്പോള്‍ മധ്യ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്.
മധ്യ കേരളത്തിലെ ലീഗിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം കുഞ്ഞ് വികസനത്തിന്റെയും വിവാദങ്ങളുടെയും നേതാവ് കൂടിയായിരുന്നു. 2004-2005-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ആരോപണങ്ങളെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും ഇബ്രാഹിം കുഞ്ഞായിരുന്നു.
പിന്നീട് 2011-16 കാലഘട്ടത്തില്‍ (ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍) പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചു.
പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ 2020-ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ ഉറപ്പാക്കി.
2001 മുതല്‍ 2011 വരെ മട്ടാഞ്ചേരി മണ്ഡലത്തിലും 2011 മുതല്‍ 2021 വരെ കളമശേരി മണ്ഡലത്തിലും എംഎല്‍എയായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിന്റെ വികസന നായകന് കൂടിയായിരുന്നു.
2011-16-ല്‍ പൊതുമരാത്ത് മന്ത്രിയായിരിക്കെ കേരളത്തിലാകമാനം 227 പാലങ്ങളാണ് ഇബ്രാഹിം കുഞ്ഞ് നിര്‍മിച്ചത്. ഇതില്‍ 28 എണ്ണം എറണാകുളത്താണ്. സംസ്ഥാന ഹൈവേകളുടെ വികസനം, ദേശീയപാതകള്‍ വീതികൂട്ടല്‍ എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ മധ്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, കേരള മുസ്ലിം എജ്യൂക്കേഷന്‍ അസോസിയേഷനുകളുടെ വൈസ് പ്രസിഡന്റ്, സി.എച്ച്. മുഹമ്മദ് കോയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ചെയര്മാന്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിന്‍ഡിക്കേറ്റ് അംഗം, എറണാകുളത്തെ വ്യാവസായിക മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്കി.
എന്നിരുന്നാലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് പോലെയുള്ള വിവാദങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2020-ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ചതിനാല്‍ 2021 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കളമശേരി എന്നിവടങ്ങളില്‍ 140 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചത്.
ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി പോലെയുള്ള പ്രധാന പ്രോജക്ടുകളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.
Tags : V.k.Ibrahim Kunju death mla minister muslim league