തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ ഒളിവിലായിരുന്ന അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇയാളും മർദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണൻ ഭയ്യാർ എന്ന 31കാരൻ വാളയാർ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് തൊഴിൽ തേടിയെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തെ തുടർന്ന് ചോരതുപ്പിയാണ് ഇയാൾ മരിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദനത്തിന് ഇരയായെന്നും അടികിട്ടാത്ത ഭാഗങ്ങൾ ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. വാളയാർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Tags : Walayar mob lynching arrest Kerala