പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദും ജഗദീഷുമാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ, അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം കല്ലങ്കാട് അനു, പ്രസാദ്, മുരളി, ആനന്ദൻ, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് റിപ്പോർട്ട് പ്രകാരം ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ വാളയാർ സ്റ്റേഷനിൽ പത്തും കസബ സ്റ്റേഷനിൽ അഞ്ചും അടക്കം 15 കേസുകളുണ്ട്. മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
രണ്ടാംപ്രതി പ്രസാദിനും മൂന്നാംപ്രതി മുരളിക്കുമെതിരേ വാളയാർ സ്റ്റേഷനിൽ രണ്ടുവീതം കേസുകളുണ്ട്. നാലാംപ്രതി ആനന്ദനെതിരേ വാളയാർ പോലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിൻ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാർ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.
ചത്തീസ്ഗഡ് സ്വദേശി രാം നാരായണൻ ആണ് വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. 17ന് ഉച്ചയ്ക്ക് ഒന്നിനും നാലിനും ഇടയിലുള്ള സമയത്താണ് രാംനാരായണന് മർദനമേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് പോലീസെത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ അയച്ചു. രാത്രി 7.40നാണ് ആശുപത്രിയിലെ പോലീസ് ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥൻ വാളയാർ സ്റ്റേഷനിൽ വിളിച്ച് രാംനാരായൺ മരിച്ച വിവരം അറിയിക്കുന്നത്. കേസിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
Tags : Walayar mob lynching arrest police case