സുൽത്താൻ ബത്തേരി: വയനാട്ടിൽ 82.104 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ മുഹ്സിൻ മുസ്തഫ (25) ആണ് പിടിയിലായത്.
മുത്തങ്ങക്ക് അടുത്ത പൊൻകുഴിയിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹ്സിൻ പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹ്സിൻ മുസ്തഫ. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് അതിർത്തികളിലെ പരിശോധന കർശനമാക്കിയിരുന്നു.
Tags : mdma arrest wayanad young man muthanga excise raid