Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.
വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Kerala
വയനാട്: മാനന്തവാടിയില്‍ നിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ശനിയാഴ്ച ആയിരുന്നു വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ കുഞ്ഞിനെ ഏഴ് കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന്റെ ലക്ഷ്യം പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തുള്ള ആഭരണം എടുക്കാൻ ശ്രമിക്കുന്പോള്‍ കരഞ്ഞതിനെ തുടർന്ന് ഏഴ് കിലോമീറ്റർ അകലെ വച്ച് കുട്ടിയെ പ്രതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
ജിഹാസ് നേരത്തെ ലഹരി കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ജിഹാസ് കുട്ടിയെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹത ഉടലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടിയത്.
Kerala
മാനന്തവാടി: ദ്വാരകയ്ക്കു സമീപം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ പിന്നീട് ഉപേക്ഷിച്ചത് ബഹളം വച്ചതിനാൽ. ഏഴ് കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പടിഞ്ഞാറത്തറ പുതുശേരിക്കടവ് ചാപ്പാളി ജിഹാസിനെയാണ്(25) പോലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് കുട്ടിയെ പ്രതി സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാരും നാട്ടുകാരും പോലീസും നടത്തിയ തെരച്ചലില്‍ രണ്ട് മണിക്കൂറിനു ശേഷം തരുവണയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജിഹാസ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസിന്റെ വിശദാന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക എട്ടംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
ആഭരണങ്ങള്‍ കവരുന്നതിനാണ് കുട്ടിയെ ജിഹാസ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന വിവരം.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള ജനറല്‍ വിഭാഗം നേതാക്കളില്‍ മനം മടുപ്പ്. നിയമസഭയിലോ ലോക്സഭയിലോ എത്തിപ്പെടാന്‍ "അവസരം’ ഇല്ലാത്തത് ഇവരില്‍ രാഷ്ട്രീയ പ്രവര്‍ത്തനോര്‍ജം കുറയ്ക്കുകയാണ്.
മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍. ഇതില്‍ മാനന്തവാടിയും ബത്തേരിയിലും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ജില്ലയിലെ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ പുറംനാട്ടുകാര്ക്കാണ് അവസരം ലഭിച്ചത്. രൂപീകരണത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നറുക്കുവീണത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സീറ്റ് കൊണ്ടുപോയി.
ഇടതു മുന്നണി സിപിഐയ്ക്ക് നല്‍കിയതാണ് വയനാട് പാര്‍ലമെന്റ് സീറ്റ്. സിപിഐയിലെ സത്യന് മൊകേരി, പി.പി. സുനീര്‍, ആനി രാജ എന്നിവരാണ് മണ്ഡലത്തില്‍ പയറ്റിത്തോറ്റത്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കുന്ന ജോലിയാണ് വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാക്കള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം സമീപകാലത്തൊന്നും ലഭിക്കുമെന്ന പ്രതീക്ഷ സിപിഎം നേതാക്കള്‍ക്കില്ല.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടാന്‍ യോഗമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പറ്റയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ടിക്കറ്റ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയായി എത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതൃത്വം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ മത്സരിച്ച് നിയമസഭയിലോ ലോക്സഭയിലോ എത്താനും വഴിയൊരുക്കുന്നില്ല. എന്നാല്‍ മുസ്ലിംലീഗ് ജില്ലയിലെ നേതാക്കളെ ഇതര ജില്ലകളിലെ മണ്ഡലങ്ങളില്‍ മത്സരപ്പിച്ച് നിയമസഭയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സി. മമ്മൂട്ടിയെ കൊടുവള്ളിയില്‍നിന്നും തിരൂരില്‍നിന്നും ലീഗ് നിയമസഭയിലെത്തിച്ചു.
കെ.എം. ഷാജിക്ക് ഇരവിപുരത്തും പിന്നീട് അഴീക്കോടിലും സീറ്റ് നല്കി. ഇരവിപുരത്ത് വീണ ഷാജി അഴിക്കോടില്‍ ജയിച്ചുകയറി. രാജ്യസഭാ സീറ്റുകളിലും ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.
Kerala
മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.
Kerala
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം. കണ്ണൂർ ഇരിട്ടി സ്വദേശി സജീർ(42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഇയാളുടേതായി ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. മാനന്തവാടി എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീകെടുത്തി സജീറിനെയും കുടുംബത്തെയും പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
NRI
വയനാട്: ആരോഗ്യ രംഗത്തെ സേവനങ്ങളെ ആദരിച്ച് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) നൽകുന്ന 2025 ലെ "സ്വാസ്ഥ്യ മിത്ര' പുരസ്കാരം ഡോ. സഞ്ജീവ് വാസുദേവിനും ഡോ. അജിതാ സഞ്ജീവിനും സമർപ്പിച്ചു.
കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ 20 വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്.
Kerala
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില് 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.
52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികളായ വി. നിരണ്, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്, എം. ഷമീറ എന്നിവര്‍ പറഞ്ഞു.
ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.
മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.
വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.
ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന് തീരുമാനം.
Sports
കൽപ്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ വയനാടിനു കിരീടം. തുടർച്ചയായി നാലം തവണയാണ് ചാന്പ്യൻഷിപ്പിൽ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളിൽ വയനാട് 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണു രണ്ടാം സ്ഥാനത്ത്.
District News
കല്‍പ്പറ്റ: വയനാട്ടിലെ പൊഴുതനയില്‍ നടന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ ജില്ലയ്ക്കു കിരീടം. തുടര്‍ച്ചയായി നാലം തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളില്‍ ജില്ല 46 പോയിന്റ് നേടി. 13 പോയിന്റുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി, ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സലിം കടവന്‍, സൈക്ലിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സത്താര്‍ വില്‍ട്ടന്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു.
Kerala
കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്മാന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് കെ.കെ. പോള്‍സണ്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മൊയ്തീന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.
നിവേദനം നൽകും
ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
ദുരൂഹ മരണം
ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഭീഷണിപ്പെടുത്തി
ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്മെന്റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
District News
കൽപ്പറ്റ: കൊല്ലം ആശ്രമ മൈതാനിയിൽ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തിൽ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങൾ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.
ഇതോടൊപ്പം സംസ്ഥാനതലത്തിൽ ക്ഷീരമേഖലയിൽ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി.
ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയിൽ ജനറൽ വിഭാഗം എം.വി. മോഹൻദാസ്- ബത്തേരി ക്ഷീര സംഘം, വനിതാ വിഭാഗം ഷമീമ സുബൈർ- മക്കിയാട് ക്ഷീര സംഘം, പട്ടികജാതി-വർഗ വിഭാഗം കെ.ആർ. ശ്രീനിവാസൻ, മികച്ച ക്ഷീരസംഘം പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് കെ.എൻ. ഷാജി-വാകേരി ക്ഷീര സംഘം എന്നിവർ സ്വന്തമാക്കി.
കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് മികച്ച ക്ഷീരകർഷകർക്കുള്ള സംസ്ഥാനതല അവാർഡുകളിൽ പട്ടികജാതി-വർഗ വിഭാഗത്തിൽ ശ്രീമതി സുധാ സുരേന്ദ്രൻ- മൂപ്പൈനാട് ക്ഷീരസംഘം കരസ്ഥമാക്കി.
Kerala
കൊച്ചി: പ്രളയക്കെടുതിയില്‍നിന്നു വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മാതാക്കളായ ഓര്ക്ല ഇന്ത്യ ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഓര്ക്ല ഇന്ത്യയുടെ വണ്‍ വിത്ത് വയനാട് സിഎസ്ആര്‍ പദ്ധതിയിലൂടെ നവീകരിച്ച ജില്ലയിലെ അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു.
ശിശുസൗഹൃദ ശുചിമുറികള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങള്‍ എന്നിവയോടെ 15 അങ്കണവാടികളാണ് ആദ്യഘട്ടത്തില്‍ ഓര്ക്ല സ്മാര്‍ട്ടാക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഓര്‍ക്ലയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈസ്റ്റണ്‍ സിഇഒ ഗിരീഷ് നായര്‍ പറഞ്ഞു.
Kerala
പുല്‍പ്പള്ളി: തോക്കുമായി മൃഗവേട്ടയ്ക്കെത്തിയ മൂന്നുപേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് സൗത്ത് വയനാട് ഡിവിഷനിലെ മടൂര് വനത്തില്‍ നിന്ന് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച കാറും വെടിക്കോപ്പുകളും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവർ വന്യമൃഗങ്ങളെ വേട്ടയാടി മാംസം വില്ക്കുന്നവരാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Kerala
കല്‍പ്പറ്റ: കാര്‍ഷിക വിളകളുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ പദ്ധതിയില്‍ കാപ്പി കൃഷി ഉൾപ്പെടുത്തുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലിന് കത്ത് നല്കി. വയനാട്ടില്‍ കാപ്പി കര്‍ഷകരുമായി പ്രിയങ്ക നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യമായിരുന്നു ഇത്.
പ്രതികൂല കാലാവസ്ഥയില്‍ വിളനാശം സംഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പദ്ധതിയിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച് മന്ത്രാലയത്തിനു കോഫി ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ചെങ്കുത്തായ ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനു നല്കുന്ന സബ്സിഡി പര്യാപ്തമല്ല. കാപ്പിച്ചെടികള്‍ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ചെടികള്‍ മുഴുവനായി പിഴുതുമാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നത്. ഗ്രാഫ്റ്റിംഗ് ഉള്‍പ്പടെ പുതിയ രീതികള്‍ക്കും സബ്സിഡി നല്‍കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതടക്കം കര്‍ഷകരുള്ള ജില്ലയില്‍ സബ്സിഡിയുടെ ഉയര്‍ന്ന പരിധി ജലസേചനത്തിനുള്പ്പടെ നിക്ഷേപം നടത്തുന്നതില്‍ തടസമുണ്ടാക്കുന്നുണ്ട്.
സബ്സിഡി പരിധി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പുനര്‍നിശ്ചയിക്കണം. ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉത്പാദനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരിഷ്കരിക്കണമെന്നും കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.
District News
കല്‍പ്പറ്റ: 22-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെ പൊഴുതനയില്‍ 20ന് നടത്തുമെന്നു സംഘാടക സമിതി ചെയര്മാന് നാസര്‍ കാതിരി, കണ്‍വീനര്‍ സലിം കടവന്‍, സെക്രട്ടറി സുബൈര്‍ ഇളംകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ അച്ചൂര് എസ്റ്റേറ്റിലെ നാല് കിലോമീറ്റര്‍ ട്രാക്കില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മത്സരം. പ്രായം തിരിച്ചുള്ള ഒമ്പത് വിഭാഗങ്ങളിലായി 250 ഓളം താരങ്ങള്‍ പങ്കെടുക്കും. വയനാട്ടില്‍നിന്നു മാത്രം 36 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനാണ് സമാപനച്ചടങ്ങ്. ചാമ്പ്യന്‍ഷിപ്പ് വിളംബര ജാഥ 18ന് വൈകുന്നേരം പൊഴുതനയില്‍ നടത്തും.
ഫെബ്രുവരി 14 മുതല്‍ 18 വരെ അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടക്കുന്ന ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. 2022 മുതല്‍ വയനാടാണ് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്മാര്. 2022ല്‍ ജില്ലയിലെ പെരുന്തട്ടയാണ് ചാമ്പ്യന്‍ഷിപ്പിനു വേദിയായത്. സൈക്ലിംഗില്‍ റോഡ്, ട്രാക്ക്, മൗണ്ടന്‍ വിഭാഗങ്ങളില്‍ വര്‍ഷങ്ങളായി ജില്ലയില്‍നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനായിരുന്നു കിരീടം.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമിയാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് കോൺഗ്രസ് ഭൂമി വാങ്ങിയിരിക്കുന്നത്. 1,100 സ്ക്വയർ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി വൈകാതെ രണ്ടിടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്നും സൂചനയുണ്ട്. 100 വീടുകൾ ദുരന്തബാധിതർക്ക് നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ലെന്ന് ഇടതുപക്ഷം വിമർശനം ഉയർത്തിയിരുന്നു.
ഇതേ തുടർന്നാണ് വിഷയത്തിൽ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഭവനപദ്ധതി കോൺഗ്രസ് വേഗത്തിലാക്കാൻ ശ്രമിക്കുന്നത്. 30 വീടുകൾ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് കണക്കാക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്കു മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.
ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറായത്. പലേടത്തും പുലിയും കടുവയുമൊക്കെ കൂട്ടിൽ വീഴുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറയുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. വനസാമീപ്യമുള്ള പല മേഖലകളിലും വളർത്തു മൃഗങ്ങൾ മാത്രമല്ല മനുഷ്യർ പോലും വന്യമൃഗ ആക്രമണ ഭീഷണയിലാണ് കഴിയുന്നത്.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽവച്ചാണ് ആന ഇടഞ്ഞത്.
സംഭവത്തിൽ രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. പാപ്പാന്മാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്നെത്തിച്ച ശിവൻ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്.
പരിക്കേറ്റ പാപ്പാന്മാരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ ആനയെ തളച്ചിരുന്നു.
District News
താമരശേരി: കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച യുവാവിനെ ചോദ്യം ചെയ്ത് പോലീസ്. രണ്ടാം തവണയാണ് ആദിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. യുവതിയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴി എടുത്തത്. ലഹരി ഉപയോഗത്തേക്കുറിച്ച് പുറത്തുപറയുമെന്നായിരുന്നു യുവതിയുടെ ശബ്ദ സന്ദേശം.
ശബ്ദ സന്ദേശത്തില്‍ യുവതി കൊടി സുനിയുടെയും ഷിബുവിന്റെ പേരും പറഞ്ഞിരുന്നു. താമരശേരിയിലെ ഗുണ്ടയും നിരവധി കേസിലെ പ്രതിയുമാണ് ഷിബു. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൊടി സുനിയുടെ പരോള്‍ അവസാനിക്കുന്നതിന് മുന്‍പ് വയനാട്ടില്‍ നടത്തിയ പാർട്ടിയെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പാർട്ടിയില്‍ താമരശേരി സ്വദേശികളും പങ്കെടുത്തിരുന്നു.
കഴിഞ്ഞദിവസമാണ് ഹസ്നയുടെ ശബ്ദ സന്ദേശം പുറത്തുവന്നത്. കൂടെ താമസിച്ചിരുന്ന പുതുപ്പാടി സ്വദേശിയായിരുന്ന ആദിലിന് രണ്ട് മാസം മുമ്പ് വാട്സാപ്പില്‍ അയച്ച ശബ്ദ സന്ദേശംമാണ് പുറത്തുവന്നത്. ആദിലിനോട് ഫോണ്‍ എടുക്കാൻ ആവശ്യപ്പെടുന്ന ഹസ്ന, ഇല്ലെങ്കില്‍ പല രഹസ്യങ്ങളും പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരഞ്ഞ് സംസാരിക്കുന്ന യുവതി തന്റെ ജീവിതം നശിച്ച് പോയെന്നും വ്യക്തമാക്കുന്നുണ്ട്.
ലഹരി ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് വിടുമെന്നും എന്തൊക്കെ ലഹരികളാണ് ഉപയോഗിക്കുന്നതെന്നതടക്കം വിളിച്ച് പറയുമെന്നും കൊടി സുനിയും ഷിബുവുമടക്കം എല്ലാവരും കുടുങ്ങുമെന്നും ഹസ്ന പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹസ്നയെ മരിച്ചനിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്ന ആദിലും വീട്ടുടമസ്ഥനും ചേർന്ന് വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ഹസ്ന കഴിഞ്ഞ എട്ടുമാസമായി ആദിലുമൊന്നിച്ചാണ് താമസിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കുടുംബം അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
Business
കൊച്ചി: വനിതാസൗഹൃദ ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയതല വനിതാകേന്ദ്രീകൃത പരിപാടി ‘ഹെര്‍ ട്രെയില്‍സ് 2026’ ഈ മാസം 17, 18 തീയതികളില്‍ വയനാട്ടില്‍ സംഘടിപ്പിക്കും.
വയനാട് ഇക്കോ ടൂറിസം അസോസിയേഷന് (ഡബ്ല്യുഇടിഎ), കേരള ടൂറിസം വകുപ്പ്, ഉത്തരവാദിത്വ ടൂറിസം മിഷന് എന്നിവയുമായി സഹകരിച്ച് സപ്ത റിസോര്‍ട്ടിലാണു പരിപാടി. 17ന് രാവിലെ 10.30ന് വനിതാ കോണ്‍ക്ലേവ് നടക്കും. ഉദ്ഘാടനം 18ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
വനിതാ ശക്തീകരണം, ഉത്തരവാദിത്വ ടൂറിസം, സുസ്ഥിര വികസനം, സമൂഹ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതാ നേതാക്കള്‍, സംരംഭകര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാഹസികരായ വനിതകള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
18ന് രാവിലെ ഒമ്പതിന് മാനന്തവാടി പാരിസണ്‍സ് ടീ എസ്റ്റേറ്റില്‍ ഓഫ് റോഡ് യാത്ര ആരംഭിക്കും. മന്ത്രി ഒ.ആര്. കേളു യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനം കോമാച്ചി പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡബ്ല്യുഇടിഎ പ്രസിഡന്റ് ഗോപവര്‍മ, സെക്രട്ടറി സായൂജ് പ്രഭാകര്‍, പരിപാടിയുടെ ക്യൂറേറ്റര്‍ രഞ്ജിനി മേനോന് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
District News
കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കേ വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. മാനന്തവാടിയില്‍(പട്ടികവര്‍ഗ വനിത സംവരണം)കോണ്‍ഗ്രസിലെ മീനാക്ഷി രാമനും(തലപ്പുഴ ഡിവിഷന്) കല്‍പ്പറ്റയില്‍ മുസ്ലിം ലീഗിലെ കെ.കെ. ഹനീഫയും(പൊഴുതന പനമരത്ത് കോണ്‍ഗ്രസിലെ ടി.എസ്. ദിലീപ്കുമാറും(പുല്‍പ്പള്ളി) ബത്തേരിയില്‍(വനിത സംവരണം)കോണ്‍ഗ്രസിലെ പ്രസന്ന ശശീന്ദ്രനും(നൂല്‍പ്പുഴ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
മാനന്തവാടിയില്‍ മുസ്ലിം ലീഗിലെ മൊയ്തീന് ഹാജിയും(വെള്ളമുണ്ട),ബത്തേരിയില്‍ മുസ്ലിം ലീഗിലെ ടി. അവറാനും(മുത്തങ്ങ), കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിലെ ജിന്‍സി സണ്ണിയും(തരിയോട്), പനമരത്ത് മുസ്ലിം ലീഗിലെ റഷീന സുബൈറും(പച്ചിലക്കാട്) യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളാകും. നാല് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. രാവിലെ 10.30നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നാണ്.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ് മീനക്ഷി രാമന്. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മഹിള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്. കാലാവധി പൂര്‍ത്തിയായ പുല്‍പ്പള്ളി പഞ്ചായത്തിന്റെ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് ടി.എസ്. ദിലീപ്കുമാര്. മുസ്ലിംലീഗ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറിയാണ് കെ.കെ. ഹനീഫ. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണനും(വൈത്തിരി ഡിവിഷന്), വൈസ് പ്രസിഡന്റ് പദവിയിലേക്ക് മുസ്ലിം ലീഗിലെ ടി. ഹംസയും(മേപ്പാടി) മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലും യുഡിഎഫിനു വലിയ ഭൂരിപക്ഷമുണ്ട്. രണ്ട് അംഗങ്ങള്‍ മാത്രമാണ് എല്‍ഡിഎഫിന്. 17 അംഗങ്ങളാണ് ആകെ.
Kerala
കൽപ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. ആറു ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണ് കൂട്ടിലായിരിക്കുന്നത്. രാത്രി ഒന്നരയോടെയാണ് വനംവകുപ്പിന്റെ കൂട്ടിൽ കടുവ കുടുങ്ങിയത്.
14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Kerala
കല്‍പ്പറ്റ: മേപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മേപ്പാടി മാന്‍കുന്ന് ഇന്ദിരാ നിവാസിൽ കെ.വി. പ്ലമിന്(32)ആണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് കേസിൽ പിടിയിലായ പ്ലമിന്.
ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി.
മേപ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
കൽപ്പറ്റ: മാധ്യമപ്രവർത്തകർ സത്യത്തിന്റെ വക്താക്കളാകണമെന്ന് കൈതപ്പൊയിൽ ലിസാ കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ.
വയനാട് പ്രസ്ക്ലബിൽ ക്രിസ്മസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഇരുട്ടിന്റെ ലോകത്ത് നൻമയുടെ വെളിച്ചമാകാനും മാധ്യമപ്രവർത്തകർക്കു കഴിയണമെങ്കിൽ അകമേ പ്രകാശമുണ്ടാകണം. സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള അകലം ഇല്ലാതാകണം.
വാളയാറിലെ ആൾക്കൂട്ട കൊലപാതകവും അതുപോലുള്ള സംഭവങ്ങളും പരിഷ്കൃതരെന്നു അഭിമാനിക്കുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം ദുഃഖകരവും ലജ്ജാകരവുമാണ്. മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് പ്രകടമാകുന്ന ഇത്തരം സംഭവങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന നാടിനെ മോശമായി വിലയിരുത്തപ്പെടാൻ കാരണമാകും. നിശബ്ദത പലപ്പോഴും അപകടകരമാണ്.
മനുഷ്യത്വത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നൻമയുടെ നക്ഷത്രങ്ങളാകാൻ മനുഷ്യനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ.എ.പി.ജെ. പബ്ലിക് സ്കൂൾ ചെയർമാൻ ഷാജി ചെറിയാൻ മുഖ്യാതിഥിയായി. പ്രസ്ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതം പറഞ്ഞു.
Kerala
കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പതു പേർ. ഏറ്റവമൊടുവിലെ ഇരയാണ് ശനിയാഴ്ച ഉച്ചയോടെ കടുവ പിടിച്ച പുൽപ്പള്ളി ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ 65 കാരൻ കൂമൻ.
കാപ്പിസെറ്റ് ചെട്ടിമറ്റത്തിനു സമീപം പുഴയോരത്തുനിന്നാണ് കടുവ കൂമനെ പിടികൂടി വനത്തിലേക്ക് വലിച്ചിഴച്ചത്. ഈ വർഷം ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ കൊല്ലപ്പെട്ടിരുന്നു. കാപ്പി വിളവെടുപ്പിന് പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 45 കാരിയായ രാധ ആക്രമണത്തിനിരയായത്.
2024ൽ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിപ്പറന്പിൽ പ്രജീഷ്(36) എന്നിവരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ചികിത്സയിലിരിക്കേ പിറ്റേന്നായിരുന്നു മരണം. ഡിസംബർ ഒമ്പതിന് പകൽ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.
2015 ഫെബ്രുവരിയിൽ വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട നൂൽപ്പുഴ പുത്തൂർകൊല്ലിയിൽ 62കാരൻ ഭാസ്കരനെ കടുവ കൊലപ്പെടുത്തിയിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ വനത്തിൽ വിറകിനു പോയപ്പോഴാണ് ഭാസ്കരനെ കടുവ പിടിച്ചത്.
അതേവർഷം ജൂണിൽ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ബാബുരാജിനു ദുര്യോഗം. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽപ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് അക്കൊല്ലം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമൻ. വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തിൽ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58) കടുവ പിടിച്ചത്. വീടിനടുത്ത് വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ജഡയൻ. കാര്യന്പാതി ബസൻവൻകൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര. 2020 ജൂണ്‍ 17നാണ് ശിവകുമാർ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ വനത്തിൽ പോയതായിരുന്നു ശിവകുമാർ.
അടുത്തിടെ പനമരത്തിനു സമീപം പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. രണ്ടു ദിവസം നാട്ടുകാരെയും വനം-പോലീസ് സേനാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ കടുവ സ്വയം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൂമന്റെ മക്കൾക്ക് വനംവകുപ്പിൽ താത്കാലിക നിയമനം
പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ മാടപ്പള്ളി കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്റെ മകൻ രവിക്കും മകൾ ഗീതയ്ക്കും വനംവകുപ്പിൽ താത്കാലിക നിയമനം നൽകും.
വണ്ടിക്കടവ് വനം ഓഫീസിൽ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വനം-വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ നൽകിയതാണ് ഈ ഉറപ്പ്. രണ്ടു മക്കളാണ് കൂമന്. കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കുമെന്നും 10 ലക്ഷം രൂപകൂടി ലഭ്യമാക്കാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂമന്റെ മരണത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, അമൽ ജോയി, മണി പാമ്പനാൽ, സി.പി. വിൻസന്റ്, പി.എ. മുഹമ്മദ്, കെ.ഡി. ഷാജിദാസ്, ബിന്ദു പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. കടുവയെ ജനവാസമേഖലയിൽനിന്നു മാറ്റാൻ നടപടി സ്വീകരിച്ചതായി വരുൺ പറഞ്ഞു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിക്കുകയായിരുന്നു. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു
മാരന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില്‍ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നൂല്‍പ്പൂഴ കരിപ്പൂര്‍ ഉന്നതിയിലെ സുനീഷ് (24), കല്ലൂര്‍ക്കുന്ന് ഉന്നതിയിലെ ബിജു (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 ഓടെ ദേശീയപാതയിലെ മൂലങ്കാവിലാണ് അപകടം. സിനിമകണ്ട് ബത്തേരിയില്‍നിന്നു ഉന്നതികളിലേക്കു മടങ്ങുകയായിരുന്നു യുവാക്കള്‍.
താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Business
കൊച്ചി: വയനാട്ടില്‍ എഐ, ഡാറ്റ സെന്റര്‍ പാര്‍ക്ക് പദ്ധതിയുമായി ഗ്ലോബല്‍ മലയാളി കൂട്ടായ്മ.
ജനുവരി ഒന്ന്, രണ്ട് തീയതികളിലായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഫെസ്റ്റിവല്‍ ഫെഡറേഷന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നിനു വൈകുന്നേരം പുതുവത്സര ആഘോഷം. രണ്ടിന് മലയാളി വ്യാപാര നിക്ഷേപ സംഗമം, പ്രസന്റേഷനുകള്‍, പൊതുസമ്മേളനം എന്നിവ നടക്കും. വിവിധ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ മലയാളി രത്ന അവാര്‍ഡുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
District News
പൂക്കോട്(വയനാട്): ബിരുദധാരികളുടെ ലക്ഷ്യം ജോലി മാത്രമാകരുതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ ആസ്ഥാനത്ത് അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവർക്ക് ജോലി നൽകാൻ ഉതകുന്ന രീതിയിൽ നൂതന സംരംഭകരാകാൻ ബിരുദധാരികൾ ശ്രമിക്കണം. പൗൾട്രി സയൻസിൽ കോഴ്സുകൾ നടത്തുന്ന രാജ്യത്തെ രണ്ട് സർവകലാശാലകളിൽ ഒന്നാണ് പൂക്കോടിലേത്. ഇത് അഭിമാനകരമാണ്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വിദേശത്തുവരെ തൊഴിൽ അവസരമുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സംസ്ഥാനത്ത് സർക്കാർ ഒരുക്കിയിട്ടുണ്ട്. സർവകലാശാലയ്ക്കു കീഴിൽ സംരംഭകത്വ വികസനത്തിനു സെൽ തുടങ്ങും. സ്ത്രീധനത്തിനെതിരേ സർവകലാശാലാ വിദ്യാർഥികൾ ഒപ്പിട്ട് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിനു മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ബിവിഎസ്സി ആൻഡ് എഎച്ച്, എംവിഎസ്സി, പിഎച്ച്ഡി, ബിടെക്(ഡയറി സയൻസ്), എംടെക്, ബിഎസ്സി(പിപിബിഎം). ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകൾ ചാൻസലറുമായ ഗവർണർ കബനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
രജിസ്ട്രാർ പ്രഫ.ഡോ.പി. സുധീർ ബാബു അധ്യക്ഷത വഹിച്ചു. പ്രോ ചാൻസലറും മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി സന്ദേശം നൽകി. കർഷകർക്ക് കൈത്താങ്ങാകേണ്ടത് ഓരോ ബിരുദധാരിയുടെയും ധർമമാണെന്ന് അവർ പറഞ്ഞു.
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ ഡോ. മീനേഷ് ഷാ ഓണ്‍ലൈനിൽ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല ഭരണസമിതി ഇ.കെ. വിജയൻ എംഎൽഎ,
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സർവകലാശാല അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടർ പ്രഫ.ഡോ സി. ലത, ഫാക്കൽറ്റി ഡീൻമാരായ പ്രഫ.ഡോ.കെ. അല്ലി, പ്രഫ.ഡോ.എ.കെ. ബീന, ഡയറക്ടർമാർ, ഭരണസമിതി, മാനേജ്മെന്റ് കൗണ്‍സിൽ, അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈസ് ചാൻസലർ പ്രഫ.ഡോ. കെ.എസ്. അനിൽ സ്വാഗതം പറഞ്ഞു.
Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. വയനാട് കണിയാമ്പറ്റ പനമരം മേഖലയിലിറങ്ങിയ കടുവയെ തെർമൽ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തിയ ശേഷം കാടുകയറ്റാനാണ് നീക്കം. പ്രദേശത്ത് കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് വയസുള്ള ആൺ കടുവയാണ് മേഖലയിലുള്ളതെന്നാണ് നിഗമനം. കൂട് സ്ഥാപിക്കാനും മയക്കുവെടി വയ്ക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.
കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 14, 15 വാർഡുകളിലും കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്,19,20 വാർഡുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
District News
പനമരം: പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ രണ്ട് ദിവസമായി ഭീതി പരത്തുന്നത് അഞ്ച് വയസ് മതിക്കുന്ന ആണ് കടുവ. ഡബ്ല്യു 112 എന്നു നന്പറിട്ട കടുവയാണ് ജനവാസകേന്ദ്രത്തിൽ എത്തിയതെന്നു വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
ഡ്രോണ്‍ കാമറയിൽ ചിത്രം പതിഞ്ഞതാണ് കടുവയെ തിരിച്ചറിയാൻ സഹായകമായത്.
ഇന്നലെ ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവ എത്തിയിരുന്നു. ഇതേത്തുടർന്ന് പനമരം-മേച്ചേരി-ചീക്കല്ലൂർ റോഡിൽ ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. പനമരം, കണിയാന്പറ്റ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞയും അങ്കണവാടികൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.
ജനജീവിതത്തിനു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം കടുവയെ കാടുകയറ്റാനാണ് വനസേനയുടെ പദ്ധതി. സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമന്റെ നേതൃത്വത്തിൽ കൽപ്പറ്റ, ബേഗൂർ, വെള്ളമുണ്ട വനം റേഞ്ച് ഓഫീസുകളിൽനിന്നുള്ള ജീവനക്കാരും മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘവും കടുവ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കടുവ സാന്നിധ്യം അനുഭവപ്പെട്ട പ്രദേശങ്ങളിൽ ജനം ഭീതിയിലാണ്.
Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ച് കടുവയെ ഓടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കടുവയെ കണ്ടെത്തിയ സ്ഥലത്ത് കൂടുവയ്ക്കാനും നടപടി ആരംഭിച്ചു.
കൈതക്കാടിൽ പുറത്തിറങ്ങിയ കടുവ ജനവാസ മേഖലയിലേക്കാണ് ഓടി കയറിയത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർആർടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
വയനാട്: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, 14, 15 വാർഡുകളിലെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടവും വനംവകുപ്പും ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: ലക്കിടി മുളഞ്ഞൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണൻ ആണ് ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അനധികൃതമായി നിർമിച്ച വൈദ്യുതി വേലിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുളഞ്ഞൂർ സ്വദേശി ബാലകൃഷ്ണൻ പിടിയിലായത്. പാലക്കാട് ഒറ്റപ്പാലത്ത് നിന്നാണ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാധാകൃഷ്ണന്റെ വീടിന് സമീപത്തെ പാടശേഖരത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Kerala
കൽപ്പറ്റ: യുഡിഎഫിനൊപ്പമെന്ന് ഖ്യാതികേട്ട ജില്ലയാണ് വയനാട്. ഇത്തവണയും അതിനു ഭംഗം വരുത്തിയില്ല. എൽഡിഎഫിനെ നിലംപരിശാക്കിയാണ് യുഡിഎഫ് മുന്നേറിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.
മുൻവർഷം നറുക്കെടുപ്പിലൂടെ ലഭിച്ചതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ 17 ഡിവിഷനുകളിൽ 15ലും വിജയിച്ചാണ് ഇത്തവണത്തെ മുന്നേറ്റം. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമായിരുന്നു യുഡിഎഫ് വിജയം.
മൂന്ന് മുനിസിപ്പാലിറ്റികളിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. എന്നാൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫിന് തെരഞ്ഞെടുപ്പ് നേട്ടം നൽകിയതും കൽപ്പറ്റ മുനിസിപ്പാലിറ്റിയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ എൻഡിഎ ആദ്യമായാണ് സീറ്റ് നേടിയത്.
രണ്ട് ഡിവിഷനുകളാണ് എൻഡിഎ വിജയിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തിൽ എക്കാലത്തെയും മികച്ച നേട്ടമാണ് യുഡിഎഫ് കൊയ്തത്. വൈത്തിരി, തൊണ്ടർനാട്, വെങ്ങപ്പള്ളി, പൊഴുതന, അമ്പലവയൽ എന്നീ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പുൽപ്പള്ളി, മൂപ്പൈനാട്, മുട്ടിൽ, മീനങ്ങാടി പഞ്ചായത്തുകൾ എൽഡിഎഫും പിടിച്ചെടുത്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം നടത്തി.
National
കല്പറ്റ: അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വയനാട്ടില്‍നിന്നുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജമോള്‍, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തേ അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളുടെ പേരില്‍ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തന്ത്രപൂര്ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.
പ്രതി മാസം രണ്ട് തവണ നൈജീരിയയില്‍ പോയിവരാറുണ്ടെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്ലൈറ്റിലാണ് യാത്രയെന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. സെന്‍ട്രല്‍ ഐബിയുടെ സഹായവും അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടായി.
പട്യാല കോടതിയുടെ അനുമതിയോടെ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ച പ്രതിയെ റോഡ് മാര്‍ഗമാണ് വയനാട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.
Kerala
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ അവസാനിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലായാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ(77.34 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ (71.88 ശതമാനം) ആണ് പോളിംഗിൽ ഏറ്റവും പിന്നിൽ. പാലക്കാട് 75.6 ശതമാനം, മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂർ 75.73 ശതമാനം, കാസർഗോഡ് 74.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിംഗ്.
ഇതോടെ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. ഡിസംബർ 13ന് ആണ് ഫലപ്രഖ്യാപനം.
Kerala
കൽപ്പറ്റ: തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ സിപിഎം പ്രവർത്തകർ മദ്യം വിതരണം ചെയ്തതായി പരാതി. നെടുന്തന ഉന്നതിയിൽ ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പിടികൂടിയ മൂന്ന് സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചതായും ആക്ഷേപമുണ്ട്. പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
പ്രദേശത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സിപിഎം പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുമുണ്ടായിരുന്നു. നിലവിൽ കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.
District News
മാനന്തവാടി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പിടിയിൽ. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടിൽ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വനിതാ ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. സ്കൂട്ടറിന്റെ ഫൂട്ട്റെസ്റ്റിൽ ചാക്കിൽ നിറച്ച നിലയിൽ 450 പാക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്.
ഇയാൾ സഞ്ചരിച്ച കെഎൽ 72 5285 നന്പർ സകൂട്ടറും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മുർഷിദ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
District News
കൽപ്പറ്റ: വയനാട്ടിലെ ആദ്യകാല ടൂറിസം സംരംഭകനും വയനാട് ടൂറിസം ഓർഗനൈസേഷന്റെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം അന്തരിച്ച പൊഴുതന ഇടത്തിൽ കെ. രവീന്ദ്രൻ എന്ന രവിയേട്ടൻ. വയനാട് ടൂറിസം പിച്ചവയ്ക്കുന്ന കാലത്താണ് രവീന്ദ്രൻ ജില്ലയിലെ ആദ്യത്തെ ഹോംസ്റ്റേ ആരംഭിച്ചത്.
വീടിനോട് ചേർന്ന് രണ്ട് മുറികൾ നിർമിച്ചും വീട്ടിൽ പാകം ചെയ്യുന്ന ഭവനം അതിഥികൾക്കു നൽകിയുമാണ് ഹോംസ്റ്റേ പ്രവർത്തിപ്പിച്ചത്. ജില്ലയിലെ റിസോർട്ട് സംരംഭകരെ സംഘടിപ്പിച്ച് രണ്ട് പതിറ്റാണ്ടുമുന്‍പാണ് അദ്ദേഹം വയനാട് ടൂറിസം ഓർഗനൈസേഷനു രൂപം നൽകിയത്.
പരിസ്ഥിതി സ്നേഹിയായിരുന്ന രവീന്ദ്രൻ മികച്ച കർഷകനുമായിരുന്നു. ഫാം ടൂറിസം എന്ന ആശയവുമായി സർക്കാരിനെ സമീപിച്ചവരുടെ മുൻനിരയിലായിരുന്നു അദ്ദേഹം.
ജില്ലയിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് ടൂറിസം ഓർഗനൈസേഷൻ വർഷംതോറും നടത്തുന്ന മഴ മഹോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു രവീന്ദ്രൻ. മരണശേഷം മൃതദേഹം സംസ്കരിക്കരുതെന്നും പഠന ആവശ്യത്തിന് വിട്ടുനൽകണമെന്നും അദ്ദേഹം കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 85-ാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികദേഹം മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന് ബന്ധുക്കൾ കൈമാറി.
Kerala
കൽപ്പറ്റ: മലയോരജില്ലയായ വയനാട്ടിൽ ശൈത്യം ആരംഭിച്ചെങ്കിലും ചൂടുപിടിച്ച പ്രചാരണ പോരാട്ടമാണു മുന്നണികൾ നടത്തുന്നത്. സാധാരണ നവംബർ പകുതിയോടെ എത്താറുള്ള കനത്ത തണുപ്പ് ഇത്തവണ വൈകിയാണെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു തണുപ്പും മഴയും ഉച്ചവെയിലും തടസമല്ലെന്ന് സ്ഥാനാർഥി പ്രചാരണങ്ങൾ തെളിയിക്കുന്നുണ്ട്.
പിന്നാക്ക ജില്ലയായ വയനാട് അഭിമുഖീകരിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചുരം ബദൽ പാതയും റെയിൽ ഗതാഗതവും തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടില്ല. സംസ്ഥാന സർക്കാർ നേരിടുന്ന ശബരിമല സ്വർണമോഷണംപോലും വയനാടൻ വോട്ടർമാർ കണക്കിലെടുത്ത മട്ടില്ല. പഞ്ചായത്തിലെയും ജില്ലയിലെയും വികസനവും സ്ഥാനാർഥികളുടെ കഴിവുമാണ് തങ്ങളുടെ മെംബർമാരെ തെരഞ്ഞെടുക്കുന്നതിന് വോട്ടർമാർ നിശ്ചയിച്ച മാനദണ്ഡം.
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് വയനാട്. തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് വയനാടിനുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്പോൾ നില മെച്ചപ്പെടുത്തുകയെന്നതാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലെല്ലാം വാർഡുകളുടെ എണ്ണത്തിലുണ്ടായ വർധന തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മുന്നണികൾ.
യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ ഇടത്, വലത് മുന്നണികൾ എട്ടു വീതം സീറ്റ് നേടി സമദൂരം പാലിച്ചു. ഇക്കാരണത്താൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെയാണു തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചു. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്.
യുഡിഎഫിന് എക്കാലവും അനുകൂലമായി നിൽക്കുന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് ഞെട്ടിക്കുന്ന മുന്നേറ്റമാണു നടത്തിയത്. യുഡിഎഫിന്റെ കുത്തക ഡിവിഷനുകളായ വെള്ളമുണ്ട, മേപ്പാടി, പനമരം എന്നിവിടങ്ങളിലെ അപ്രതീക്ഷിത ജയമാണ് അവർക്ക് അന്നു കരുത്തായത്. എന്നാൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള പണിപ്പുരയിലാണ് യുഡിഎഫ്. ഇതിനു തടയിട്ട് ഭരണം പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് എൽഡിഎഫുമുള്ളത്.
യുഡിഎഫിൽ കോണ്‍ഗ്രസ് 11 സീറ്റിലും മുസ്ലിം ലീഗ് ആറു സീറ്റിലുമാണ് മത്സരിക്കുന്നത്. എൽഡിഎഫിലാകട്ടെ സിപിഎം 12 സീറ്റിലും സിപിഐ, ആർജെഡി എന്നിവ രണ്ടു സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരരംഗത്ത്. എൻഡിഎയിൽ ബിജെപിയാണ് 17 സീറ്റിലും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 58 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാലു ബ്ലോക്ക് പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളും 23 ഗ്രാമപഞ്ചായത്തുകളുമാണ് വയനാട് ജില്ലയിൽ. കഴിഞ്ഞതവണ ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിൽ കൽപ്പറ്റ, പനമരം ബ്ലോക്കുകൾ യുഡിഎഫിനും മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകൾ എൽഡിഎഫിനുമായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ മാനന്തവാടി യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 59 ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലയിൽ.
മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ യുഡിഎഫിനായിരുന്നു മുൻതൂക്കം. വയനാട്ടിൽ മൂന്നു മുനിസിപ്പാലിറ്റികളിലും ഭരണം ഇല്ലാതിരുന്ന യുഡിഎഫ്, എൽഡിഎഫിൽനിന്ന് രണ്ടു നഗരസഭകളാണു കഴിഞ്ഞതവണ പിടിച്ചെടുത്തത്. കൽപ്പറ്റയിലും മാനന്തവാടിയിലും ഭരണം പിടിച്ച യുഡിഎഫിന് സുൽത്താൻ ബത്തേരിയിൽ മുന്നേറ്റം നടത്താൻ സാധിച്ചില്ല. 103 മുനിസിപ്പൽ ഡിവിഷനുകളാണ് ജില്ലയിൽ. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മുനിസിപ്പൽ കൗണ്സിലുകളിലേക്ക് ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിൽ 115, സുൽത്താൻ ബത്തേരിയിൽ 113, കൽപ്പറ്റയിൽ 91 എന്നിങ്ങനെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
23 ഗ്രാമപഞ്ചായത്തുകളുള്ള വയനാട്ടിൽ വാർഡുകൾ 450 ആയി വർധിച്ചിട്ടുണ്ട്. 16 ഗ്രാമപഞ്ചായത്തിലും കഴിഞ്ഞതവണ യുഡിഎഫ് ആയിരുന്നു ഭരണം നടത്തിയത്. ഏഴിടങ്ങളിലാണ് എൽഡിഎഫിനു ഭരിക്കാനായത്. എൽഡിഎഫിന്റെ കുത്തക പഞ്ചായത്തുകളടക്കം പിടിച്ചെടുത്തായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് തേരോട്ടം നടത്തിയത്. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേതന്നെ ചില ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർഥിനിർണയത്തോടെ ചില നേതാക്കൾ പാർട്ടി മാറിയതും നിരവധി റിബൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടതും മുന്നണികൾക്കു തിരിച്ചടിയായി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിസാര വോട്ടുകൾക്കാണെന്നതാണ് മുന്നണി സ്ഥാനാർഥികൾ റിബലുകളെ ഭയപ്പെടാൻ കാരണം.
വോട്ടർമാർ പോളിംഗ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുന്നണികൾ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്. സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കാണാനും വോട്ടുറപ്പിക്കാനുമുള്ള തിരക്കിലാണ്. വോട്ടർമാർ ആരെ കൊള്ളും ആരെ തള്ളും എന്നറിയാൻ തെരഞ്ഞെടുപ്പുഫലം വരുന്ന 13 വരെ കാത്തിരുന്നേ മതിയാകൂ.
District News
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രവർത്തനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിലയിരുത്തി. കൽപ്പറ്റ എസ്കഐംജെ സ്കൂളിലും ബത്തേരി സെന്റ് മേരീസ് കോളജിലും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലുമുള്ള വിതരണ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു. കമ്മീഷനിംഗ് ഇന്നലെ പൂർത്തിയായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മാനന്തവാടി സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് മേരീസ് കോളജിലും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ എസ്കഐംജെ ഹൈസ്കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിൽ പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിലുമാണ് കമ്മീഷനിംഗ് നടന്നത്.
കൽപ്പറ്റ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങൾ എസ്ഡിഎം എൽപി സ്കൂളിലും മാനന്തവാടി നഗരസഭയിൽ സെന്റ് പാട്രിക് ഹയർ സെക്കൻഡറി സ്കൂളിലും ബത്തേരി നഗരസഭയിൽ അസംപ്ഷൻ ഹൈസ്കൂളിലും കമ്മീഷൻ ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഒബ്സർവർ, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, സെക്ടറൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി. ഇവിഎംകമ്മീഷനിംഗ് നടപടികൾ നേരിൽക്കണ്ട് വിലയിരുത്താൻ അംഗീകൃത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾക്ക് അവസരം ഒരുക്കിയിയിരുന്നു.
District News
കൽപ്പറ്റ: തദ്ദേശ തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കണക്ട് ടു പുതു വയനാട് പദ്ധതി പ്രഖ്യാപിച്ച് എൽഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയുടെ സമഗ്ര വികസനത്തിനു വിഭാവനം ചെയ്തതാണ് പദ്ധതിയെന്ന് എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികാരത്തിൽ വരുന്ന മുറയ്ക്ക് ജില്ലാ പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
കൃഷി, ക്ഷീര വികസനം, പട്ടികജാതി-വർഗ ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം, ഗതാഗതം, ആരോഗ്യം, തോട്ടം തൊഴിലാളി ക്ഷേമം, യുവജനക്ഷേമം, വന്യമൃഗ പ്രതിരോധം, കലാകായികം, വനിതാക്ഷേമം, കേവല ദാരിദ്യ്രനിർമാർജനം, ലഹരിവിരുദ്ധ പ്രവർത്തനം, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥ വ്യതിയാനം പ്രാദേശികമായി നേരിടൽ, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ പദ്ധതിയുടെ ഭാഗമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ,
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കോർപറേറ്റുകൾ, പ്രവാസികൾ തുടങ്ങിയവയുടെയും എംപിമാർ, എംഎൽഎമാർ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നിർവഹണത്തിന് ഫണ്ട് കണ്ടെത്തുകയെന്ന് നേതാക്കൾ പറഞ്ഞു.
District News
കൽപ്പറ്റ: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1,11,32,500 രൂപയുമായി വയനാട് മുത്തങ്ങ എക്സൈസ് ചെകപോസ്റ്റിൽ യുവാവ് പിടിയിലായി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നൂൽപ്പുഴ നായ്ക്കട്ടി ചിത്രാലക്കര സി.കെ. മുനീറിനെ(38) തുടർനടപടികൾക്ക് പണം സഹിതം ആദായനികുതി വകുപ്പിന് കൈമാറി.
പ്രവന്റീവ് ഓഫീസർമാരായ ഇ. അനൂപ്, വി. രഘു, സിവിൽ എക്സൈസ് ഓഫീസർ പി.വി. വിപിൻകുമാർ എന്നിവരും അടങ്ങുന്ന സംഘമാണ് കാർ പരിശോധിച്ചത്. അതിർത്തികളിലടക്കം കർശന പരിശോധന തുടരുമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
Kerala
വൈത്തിരി: വയനാട് വൈത്തിരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻകുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫൻ ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തത്. 2020 മുതൽ പ്രതി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയിരുന്നതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കൽപ്പറ്റ: ലോക്സഭാ സ്പീക്കറായിരുന്ന പി.എ. സാംഗ്മ സ്ഥാപിച്ച നാഷണൽ പീപ്പിൾസ് പാർട്ടിക്ക്(എൻപപി)തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ 16-ാം ഡിവിഷനിൽ(ചേറൂർക്കുന്ന്) ജോണ്സണ് പാറയ്ക്കലാണ് എൻപിപി ടിക്കറ്റിൽ ജനവിധി തേടുന്നത്. ജില്ലയിൽ എൻപിപിയുടെ ഏക സ്ഥാനാർഥിയാണ് ജോണ്സണ്. നിലവിൽ എൻഡിഎയുടെ ഭാഗമാണ് എൻപിപി.
ശക്തമായ ത്രികോണ മത്സരമാണ് ചേറൂർക്കുന്നിൽ നടക്കുന്നത്. കോണ്‍ഗ്രസിലെ ഇന്ദ്രജിത്ത്, സിപിഎമ്മിലെ ജംഷീർ അലി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയാണ് ഇന്ദ്രജിത്ത്. സിപിഎം സജീവ പ്രവർത്തകനാണ് ജംഷീർ അലി. കാലാവധി തികയ്ക്കുന്ന മുനിസിപ്പൽ ഭരണസമിതിയിൽ കൈപ്പഞ്ചേരി ഡിവിഷനെ പ്രതിനിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്.
നാല് പതിറ്റാണ്ടായി പൊതുരംഗത്തുള്ള ജോണ്സണ് ഒരു വർഷമായി എൻപിപിയിൽ സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, നിർമാണത്തൊഴിലാളി യൂണിയൻ(ഐഎൻടിയുസി) ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ചേരൂർക്കുന്ന് ഡിവിഷനിൽ സ്ഥിരതാമസക്കാരനാണ് ജോണ്സണ്. ചേരൂർക്കുന്നിനെ ഇതിനകം പ്രതിനിധാനം ചെയ്തവർ അടിസ്ഥാന സൗകര്യ വികസനത്തിൽ കാണിച്ച വീഴ്ചകളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ജോണ്സണ് പറയുന്നു.
ഡിവിഷനെ പ്രതിനിധാനം ചെയ്യാൻ അനുവദിക്കുന്നപക്ഷം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് മുൻഗണനാക്രമത്തിൽ വികസന പരിപാടികൾ നടപ്പാക്കുമെന്നാണ് ജോണ്സണ് വോട്ടർമാർക്ക് നൽകുന്ന വാക്ക്. 937 പേർക്കാണ് ഡിവിഷനിൽ സമ്മതിദാനാവകാശം. പുസ്തകം അടയാളത്തിലാണ് ജോണ്‍സന്റെ മത്സരം.
Kerala
കൽപറ്റ: വയനാട് കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപറ്റ നഗരസഭയിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ. ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റുകൾ കണ്ടെടുത്തത്.
വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് പതിനഞ്ചോളം ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസും നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്.
ഇതേതുടർന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് കിറ്റുകൾ എത്തിച്ചതെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീട്ടിലെ ആവശ്യങ്ങൾക്കായി എത്തിച്ചതാണ് ഭക്ഷ്യ കിറ്റുകളെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വാദം.
Kerala
കൊച്ചി: ഭൂമുഖത്തുനിന്ന് വേരറ്റുപോയെന്നു കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175 വർഷങ്ങൾക്കു ശേഷം വയനാട് തൊള്ളായിരം വനമേഖലയിൽ കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന കമ്പെലിയ ഒറൻഷ്യാക എന്ന സസ്യത്തെയാണ് കണ്ടെത്തിയത്.
കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചൻ, ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുൺരാജ്, ഡോ. വി.എൻ. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റി ഗവേഷകനായ ബി. ഗോപല്ലാവ എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
1849ന് മുൻപ് തമിഴ്നാട്ടിലെ നടുവട്ടത്ത് റോബർട്ട് വൈറ്റാണ് ഈ സസ്യത്തെ ആദ്യമായി ശേഖരിച്ചു ശാസ്ത്രലോകത്തിന് മുന്പിൽ വിവരിച്ചത്. പിന്നീട് കാണപ്പെടാത്തതിനാൽ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്ന ക്രിസ്റ്റിസോണിയ ബൈക്കളർ എന്ന സസ്യംതന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു. 2022-23 കാലഘട്ടത്തിൽ വയനാട് തൊള്ളായിരം വനമേഖലയിൽനിന്നു കിട്ടിയ സസ്യം റോബർട്ട് വൈറ്റ് വിശദീകരിച്ച കമ്പെല്ലിയ ഓറൻഷ്യക തന്നെ ആണെന്ന് ഉറപ്പിക്കുക എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി.
പശ്ചിമഘട്ടത്തിലെ ഒറോബാഞ്ചെസീ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്ന അരുൺരാജിന്റെ പഠനങ്ങളാണ് ലഭിച്ച സസ്യം കമ്പെല്ലിയ ഓറൻഷ്യക ആണെന്ന് ഉറപ്പിച്ചത്. ഇംഗ്ലണ്ടിലെ റോയൽ ബോട്ടാണിക്കൽ ഗാർഡന്റെ ഔദ്യോഗിക ജേർണൽ ആയ ക്യൂ ബുള്ളറ്റിനിന്റെ പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യേക ഇനത്തിൽപെട്ട കുറിഞ്ഞി ചെടികളുടെ വേരിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ പോഷക ഘകങ്ങൾ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂർണ പരാദ പുഷ്പിത സസ്യം വളരെ കുറച്ച് ആഴ്ചകൾ മാത്രം ജീവിക്കുന്നതാണ്.
District News
ഷംസുദ്ദീൻ ഗൂഡല്ലൂർ
ഗൂഡല്ലൂർ: നീലഗിരിയിലെ ദേവർഷോലയിലും പരിഭ്രാന്തി പരത്തിയ കടുവ കൂട്ടിലായി. ദേവൻ രണ്ടിലെ കൊട്ടായ്മേടിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ കടുവ അകപ്പെട്ടത്. കൂട്ടിൽ ആടിനെ ഇരയായി കെട്ടിയിരുന്നു.
മൂന്നു മാസത്തിലധികമായി ദേവർഷോല, സർക്കാർമൂല, ദേവൻ രണ്ട്, ദേവൻ എസ്റ്റേറ്റ്, കൊട്ടായ്മേട്, ത്രീ ഡിവിഷൻ, പാടന്തറ, കണിയംവയൽ ഭാഗങ്ങളിൽ കടുവ ഭീതി പരത്തിയിരുന്നു. 30 പശുക്കളെയാണ് കടുവ വകവരുത്തിയത്. നിലന്പൂരിൽനിന്നു എത്തിച്ച വലിയ കൂടാണ് കടുവയെ പിടിക്കാൻ സ്ഥാപിച്ചത്.
വിവിധ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ച് വനസേന നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് കടുവ കുടുങ്ങിയത്. നേരത്തേ സർക്കാർമൂലയിൽ കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാൻ നടത്തിയ ശ്രമം വിഫലമായിരുന്നു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി ജനം രംഗത്ത് ഇറങ്ങിയിരുന്നു. കൂട്ടിലായ കടുവയെ കാണാൻ ദേഷവർഷോലയ്ക്കു പുറത്തുനിന്നും ആളുകളെത്തി. കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലാണ് കടുവയെ വനം ഓഫീസ് വളപ്പിലേക്ക് മാറ്റിയത്. കടുവയെ നിരീക്ഷിച്ചശേഷം തുടർ നടപടി സ്വീകരിക്കും.
District News
മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിര്‍മിക്കുന്ന 50 ഭവനങ്ങളില്‍ ആദ്യത്തേതിന്റെ വെഞ്ചിരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തോമാട്ടുചാലില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിക്കും. താക്കോല്‍ദാനം ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ.ജോസ് സിഎംഐ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ രേഖകള്‍ കൈമാറും.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ഫാ.സണ്ണി മഠത്തില്‍, ഫാ.വിന്‍സന്റ് കളപ്പുര, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
ദുരന്തത്തില്‍ കുടുബാംഗങ്ങള്‍, ഭവനം, സ്ഥലം എന്നിങ്ങനെ സര്‍വതും നഷ്ടപ്പെട്ട റെജീന ചിറ്റിലപ്പള്ളിക്കു നിര്‍മിച്ച വീടാണ് വെഞ്ചിരിക്കുന്നത്. ഭവന നിര്‍മാണത്തിന് 10 സെന്റ് സ്ഥലം രൂപത വിലയ്ക്കുവാങ്ങി റജീനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പണിതത്. രണ്ട് കിടപ്പുമുറി, ലിവിംഗ് റൂം, ഡൈനിംഗ് റൂം, കിച്ചന്, സിറ്റ്ഔട്ട്, രണ്ട് ടോയ്ലെറ്റ് എന്നിവ വീടിന്റെ ഭാഗമാണ്. കുഴല്‍ക്കിണര്‍, ചുറ്റുമതില്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. വീടിന് മാത്രം 17.5 ഉം സ്ഥലം അടക്കം മറ്റുള്ളവയ്ക്ക് 13.5 ഉം ലക്ഷം രൂപ വിനിയോഗിച്ചു.
ഇതില്‍ 15 ലക്ഷം രൂപ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലൂടെ സിഎംഐ കോണ്‍ഗ്രിഗേഷനും 10 ലക്ഷം രൂപ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലും ലഭ്യമാക്കി. ബാക്കി മാനന്തവാടി രൂപത കണ്ടെത്തി. രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും രൂപത പുനരധിവാസ കമ്മിറ്റിയും ചേര്‍ന്നാണ് ഭവന നിര്‍മാണം നടത്തിയത്.
ദുരന്ത ബാധിതര്‍ക്ക് നിര്‍മിക്കുന്ന മറ്റ് ഭവനങ്ങളുടെ നിര്‍മാണം വാഴവറ്റ, ദ്വാരക, പുതിയിടം, കാരാപ്പുഴ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തോടെ മുഴുവന്‍ ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറും.
Kerala
കല്പറ്റ: അയൽവാസികളായ വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി.കെ. തോമസ് ആണ് പിടിയിലായത്. പറമ്പില്‍ കോഴി കയറിയെന്ന് ആരോപിച്ചാണ് തോമസ് ദന്പതികളെ ആക്രമിച്ചത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലാൻസി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു.
അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. ലാൻസി തോമസിന്റെ രണ്ട് കൈകളുടെയും എല്ലുകൾക്ക് പൊട്ടലുണ്ട്. ആക്രമണത്തിന് ശേഷം പ്രതി തോമസ് ഒളിവിൽ പോയിരുന്നു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ കൽപറ്റയിൽ നിന്നാണ് തോമസ് പിടിയിലായത്. ഇയാൾ നേരത്തെ മറ്റൊരാളെ ഹെൽമെറ്റുകൊണ്ട് അടിച്ച കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: രാസലഹരി കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഡൽഹിയിൽ നിന്ന് പിടികൂടി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്. രവീഷ് കുമാര്‍(28) ആണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.
തിരുനെല്ലി പോലീസും വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഡൽഹി പോലീസിന്റെ സഹായത്തോടെ കാണ്‍പൂരിലെ രാജുപാര്‍ക്ക് എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പേരുകളിലാണ് പ്രതി ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.
2025 ഫെബ്രുവരിയില്‍ ആണ് 265.55 ഗ്രാം എംഡിഎംഎ കാസർഗോട് പുല്ലൂർ സ്വദേശിക്ക് കൈമാറിയ കേസിൽ പ്രതി പിടിയിലാകുന്നത്. തുടർന്ന് റിമാൻഡിൽ കഴിയുന്നതിനിടെ പത്ത് ദിവസത്തെ ജാമ്യം നേടിയിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു.