മലപ്പുറം: തൃശൂരിൽ 18കാരന് പോലീസിന്റെ ക്രൂര മർദനമെന്ന് പരാതി. മലപ്പുറം പാലപെട്ടി സ്വദേശി അനസിന് ആണ് മർദനമേറ്റത്. അനസിനെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ തന്നെ ചാവക്കാട് പോലീസ് ക്രൂരമായി മർദിച്ചെന്നാണ് അനസിന്റെ പരാതി. നേര്‍ച്ചക്കിടെ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
പിന്നാലെ സംഘർഷ സ്ഥലത്ത് പോലീസ് ലാത്തിവീശി. ഇതോടെ ആളുകൾ ചിതറിയോടി. ഇതിനിടയിൽ തന്നെയും മറ്റൊരാളെയും പോലീസ് ചാവക്കാട് സ്റ്റേഷനിലെക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് അനസ് പറയുന്നത്.
പോലീസ് സ്റ്റേഷനിലെത്തിച്ച് കൈയ്ക്കും കാലിനും കഴുത്തിനും അടിച്ചു. മർദന വിവരം പുറത്ത് പറയരുതെന്ന് പോലീസ് ഭീഷണിപെടുത്തിയെന്നും അനസ് ആരോപിക്കുന്നു. എന്നാൽ, അനസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് ചാവക്കാട് പോലീസിന്റെ വിശദീകരണം.
Tags : kerala police thrissur chavakkad