ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ലോകത്ത് പുതിയൊരു യുദ്ധത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് (Anthropic) പുറത്തിറക്കിയ പുത്തൻ ടൂളുകൾ ആഗോള ഐടി രംഗത്തെയും കോർപറേറ്റ് ലോകത്തെയും അക്ഷരാർഥത്തിൽ പിടിച്ചുലച്ചിരിക്കുന്നു. മുൻ ഓപ്പൺ എഐ ഗവേഷകരും എക്സിക്യൂട്ടീവുകളും ചേർന്ന് 2021ൽ സ്ഥാപിച്ച ഈ കമ്പനി, സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് തങ്ങളുടെ ‘ക്ലോഡ്’ (Claude) മോഡലുകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വെറുമൊരു ചാറ്റ്ബോട്ട് എന്നതിലുപരി, മനുഷ്യനൊപ്പം ജോലി ചെയ്യുന്ന ഒരു ‘സഹപ്രവർത്തകനായി’ (Co-worker) എഐ മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
ക്ലോഡ് ഓപസും ഏജന്റിക് എഐയുടെ വരവും
ആന്ത്രോപിക്കിന്റെ ഏറ്റവും നൂതനമായ ‘ക്ലോഡ് ഓപസ്’ മോഡലുകൾ കോഡിംഗിലും സങ്കീർണമായ ഡാറ്റാ വിശകലനത്തിലും അസാമാന്യമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ‘ക്ലോഡ് കോവർക്ക്’ എന്ന എഐ ടൂളാണ്. ഒരു മനുഷ്യ സഹായിയെപ്പോലെ തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതിന് സാധിക്കും. ഒരു വശത്ത് ക്ലോഡ് ഓപസ് 4.6 പോലുള്ള മോഡലുകൾ സാങ്കേതികമായി മികച്ചുനിൽക്കുമ്പോൾ, മറുവശത്ത് അത് വൈറ്റ് കോളർ തൊഴിൽ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഡോക്യുമെന്റുകൾ തയാറാക്കുക, വലിയ ഡാറ്റകൾ നിമിഷനേരംകൊണ്ട് വിശകലനം ചെയ്യുക, മീറ്റിംഗുകൾ സംഗ്രഹിക്കുക, കോഡിംഗ് നടത്തുക തുടങ്ങിയ ജോലികൾ ക്ലോഡ് ഇപ്പോൾ അനായാസം കൈകാര്യം ചെയ്യുന്നു.
നിയമ സ്ഥാപനങ്ങളിൽ നടക്കുന്ന കരാറുകളുടെ പരിശോധന, നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുകളുടെ പരിശോധന, ലീഗൽ സമ്മറി തയാറാക്കൽ തുടങ്ങിയവയ്ക്കായി രൂപകൽപ്പന ചെയ്ത ‘ക്ലോഡ് ലീഗൽ ഏജന്റ്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സാധാരണയായി ജൂനിയർ അഭിഭാഷകരോ ക്ലർക്കുമാരോ ചെയ്തിരുന്ന ഇത്തരം ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ അത് ആ മേഖലയിലെ തൊഴിൽ സാധ്യതകളെ സാരമായി ബാധിക്കും.
ഭീഷണി നേരിടുന്ന തൊഴിൽ മേഖലകൾ
ക്ലോഡ് പോലുള്ള നൂതന ടൂളുകൾ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആവർത്തന സ്വഭാവമുള്ള ജോലികളെയാണ്. വിവർത്തകർ, കോപ്പി റൈറ്റർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്ക് എഐയുടെ കടന്നുകയറ്റം വലിയ വെല്ലുവിളിയാകുമ്പോൾ, കസ്റ്റമർ സപ്പോർട്ട്, ഡാറ്റാ അനലിറ്റിക്സ് മേഖലകളെ എഐ ഏജന്റുകൾ ഇതിനോടകം കൈയടക്കിത്തുടങ്ങി. ഷെഡ്യൂളിംഗ്, ബുക്ക് കീപ്പിംഗ് തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ജോലികളും ഓട്ടോമേഷന്റെ ഭീഷണിയിലാണ്. ആഗോള ഐടി ഔട്ട്സോഴ്സിംഗ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഒമ്പതു മുതൽ 12 ശതമാനം വരെ വരുമാന ഇടിവുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വലിയ ടീമുകൾക്ക് പകരം ചുരുക്കം ജീവനക്കാരെയും കൂടുതൽ എഐ ഏജന്റുകളെയും ഉപയോഗിക്കുന്ന കമ്പനികളുടെ നയം ‘ഫ്രഷേഴ്സിന്’ തൊഴിൽ വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യൻ സാഹചര്യവും ‘അൺഎംപ്ലോയബിലിറ്റി’യും
ഇന്ത്യൻ ഐടി, ബിപിഒ മേഖലകളിൽ എഐ സൃഷ്ടിക്കുന്ന ആഘാതം പ്രവചനാതീതമാണ്. നിലവിൽ 16 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന ബിപിഒ മേഖലയിൽ, ‘ഏജന്റിക് എഐ’ ടൂളുകളുടെ വരവോടെ കസ്റ്റമർ സപ്പോർട്ട് ജോലികളിൽ 70-80 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 58 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി വ്യവസായത്തിൽ 2031ഓടെ 15 ലക്ഷത്തോളം ജോലികൾ എഐ ഭീഷണിയിലാകുമെന്ന് നാസ്കോം കണക്കാക്കുന്നു. ജെമിനി 3ന്റെ കരുത്തിൽ ഗൂഗിൾ അവതരിപ്പിച്ച ‘ആന്റിഗ്രാവിറ്റി’ പോലുള്ള പ്ലാറ്റ്ഫോമുകൾ സോഫ്റ്റ്വേർ നിർമാണത്തെ ‘ഏജന്റ് യുഗ’ത്തിലേക്ക് നയിക്കുകയാണ്. കോഡിംഗിന് പകരം എഐ ഏജന്റുകളെ നിയന്ത്രിക്കുന്ന സൂപ്പർവൈസർമാരായി ഡെവലപ്പർമാർ മാറുന്നതോടെ ഉത്പാദനക്ഷമത കൂടുമെങ്കിലും അടിസ്ഥാന കോഡിംഗ് ജോലികൾ ചെയ്യുന്നവർക്ക് ഇത് വലിയ ഭീഷണിയാണ്.
ഇന്ത്യയിലെ ബിരുദധാരികളിൽ പകുതിയോളം പേർക്കും എഐ നൈപുണ്യങ്ങൾ ഇല്ലെന്നത് ‘അൺഎംപ്ലോയബിലിറ്റി’ എന്ന വലിയ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ നിരീക്ഷണമനുസരിച്ച്, ഇന്ത്യൻ തൊഴിൽശക്തിയുടെ പകുതിയോളം പേർക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുനർപരിശീലനം അനിവാര്യമാണ്. പഴയ രീതിയിലുള്ള ജോലി പരിചയംകൊണ്ടു മാത്രം ഇനി തൊഴിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.
അവസരങ്ങളുടെ പുതിയ വാതിലുകൾ
എങ്കിലും, ചരിത്രത്തിലെ എല്ലാ സാങ്കേതിക വിപ്ലവങ്ങളും പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട്. എഐ ടൂളുകളെ നിയന്ത്രിക്കാനും അവയുടെ ഫലം പരിശോധിക്കാനും ‘പ്രോംപ്റ്റ് എൻജിനിയറിംഗ്’ പോലുള്ള പുതിയ തരം തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മനുഷ്യനു മാത്രം സാധ്യമാകുന്ന സർഗാത്മകതയും വൈകാരിക ബുദ്ധിയും ആവശ്യമായ മേഖലകളിൽ എഐക്ക് പരിമിതികളുണ്ട്. എഐയുടെ കൃത്യമായ വിനിയോഗം 2035ഓടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 1.7 ട്രില്യൺ ഡോളറിന്റെ അധിക നേട്ടമുണ്ടാക്കുമെന്നാണ് നിതി ആയോഗിന്റെ പ്രവചനം.
ആന്ത്രോപിക്കിന്റെ ക്ലോഡ് പോലുള്ള ടൂളുകൾ ലോകത്തെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ജോലികൾ എളുപ്പമാകുന്നതിനോടൊപ്പംതന്നെ, നിലവിലുള്ള തൊഴിൽ സംസ്കാരത്തിൽ വലിയ മാറ്റങ്ങളും ഇത് സൃഷ്ടിക്കും. മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുക എന്നതാണ് ഈ എഐ യുഗത്തിൽ അതിജീവിക്കാനുള്ള ഏക പോംവഴി. സാങ്കേതികവിദ്യയെ ഭയപ്പെടുന്നതിനു പകരം അതിനെ ഒരു സഹപ്രവർത്തകനായി കണ്ട് ഉപയോഗിക്കാൻ പഠിക്കുകയാണ് നാം ചെയ്യേണ്ടത്.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയന്‍സ് & എന്‍ജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകന്‍.)
Tags : Anthropic AI revolution changing work culture