രോഗബാധിതമായി മരിച്ച ഇടതുനേതാവ് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി 2013ൽ വെനസ്വേല ഭരിക്കാൻ തുടങ്ങിയ നിക്കൊളാസ് മഡുറോയെ അമേരിക്ക വർഷങ്ങൾക്കു മുന്പേ ലക്ഷ്യമിട്ടു തുടങ്ങിയതാണ്. ഷാവേസിനെപ്പോലെ മഡുറോയും വെനസ്വേലയുടെ എണ്ണസന്പത്തിൽ കൈവയ്ക്കാൻ അമേരിക്കൻ കന്പനികളെ അനുവദിച്ചിരുന്നില്ല. മഡുറോയുടെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ ചുവടെ:
2020 മാർച്ച്: മഡുറോ ഭരണകൂടത്തിനെതിരേ അമേരിക്കയുടെ ആദ്യ നടപടി; മഡുറോയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ 14 പേർക്കും എതിരേ മയക്കുമരുന്നു കടത്തൽ, മയക്കുമരുന്ന്-തീവ്രവാദം, അഴിമതി എന്നീ കുറ്റങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തി. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
2020 മേയ്: മഡുറോയെ പിടികൂടാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗിദയോൻ ’ എന്ന പേരിൽ റെയ്ഡ്. അമേരിക്കയിലെ വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ വെനസ്വേലയിലെ മഡുറോ വിരുദ്ധർ നടപ്പാക്കിയ ഓപ്പറേഷൻ അടിമുടി പാളി. പദ്ധതിയെക്കുറിച്ച് നേരത്തേതന്നെ മഡുറോയ്ക്കു വിവരം ലഭിച്ചിരുന്നു.
2024 ജൂലൈ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചതായി മഡുറോയുടെ അവകാശവാദം. തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി അമേരിക്കയും പാശ്ചാത്യശക്തികളും ആരോപിച്ചു.
2025 ജനുവരി-ഓഗസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനെതിരേ സമ്മർദതന്ത്രങ്ങൾ ശക്തമാക്കി. മഡുറോയുടെ അറസ്റ്റിനു സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് കോടി ഡോളറായി ഉയർത്തി. വെനസ്വേലയിലെ കാർട്ടൽ ഓഫ് ദ സൺസ്, ട്രെൻ ഡി ആരാഗ്വാ എന്നീ മയക്കുമരുന്ന് സംഘടനകളെ വിദേശ തീവ്രവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി.
2025 സെപ്റ്റംബർ: ഓപ്പറേഷൻ സതേൺ സ്പിയർ എന്നപേരിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു. മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾ ആക്രമിക്കാൻ തുടങ്ങി. 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
2025 ഡിസംബർ: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകൾ അമേരിക്കൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ഇന്നലെ
അമേരിക്കൻ മിലിട്ടറിയിലെ ഏറ്റവും പ്രധാന കമാൻഡോ യൂണിറ്റുകളിലൊന്നാണ് ഡെൽറ്റ ഫോഴ്സ്. അൽക്വയ്ദ തലവൻ ബിൻ ലാദനെ പാക്കിസ്ഥാനിൽ കടന്നു വധിച്ച നേവി സീലുകളെ പോലുള്ള മറ്റൊരു അമേരിക്കൻ രഹസ്യസേന.
1977ൽ രൂപവത്കൃതമായ ഡെൽറ്റ ഫോഴ്സിനെക്കുറിച്ച് അനേക വർഷങ്ങൾക്കു ശേഷമാണ് പുറംലോകത്തിനു വിവരം ലഭിക്കുന്നത്. ആഗോളതലത്തിലെ തീവ്രവാദവിരുദ്ധ പോരാട്ടങ്ങളാണ് ഡെൽറ്റ ഫോഴ്സിന്റെ പ്രധാന ദൗത്യം.
തീവ്രവാദ, മയക്കുമരുന്ന് സംഘടനകളുടെ ഉന്നത മേധാവികളെ പിടികൂടുകയോ വധിക്കുകയോ ചെയ്യുക, ശത്രു രാജ്യങ്ങളിൽ കടന്ന് രഹസ്യങ്ങൾ ചോർത്തുക, പരന്പരാഗത യുദ്ധത്തിന്റെ പരിധിയിൽ വരാത്ത വിധ്വംസക പ്രവർത്തനങ്ങൾ പോലുള്ള ഓപ്പറേഷനുകൾ നടത്തുക എന്നീ ദൗത്യങ്ങളും നിർവഹിക്കും.
2003-ൽ ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈനെ ഒളിത്താവളത്തിൽനിന്നു പിടികൂടിയത് ഡെൽറ്റാ ഫോഴ്സ് സൈനികരാണ്.
സദ്ദാമിനെ പിടിക്കാനുള്ള റെഡ് ഡോൺ എന്ന ഓപ്പറേഷനിൽ 600 പട്ടാളക്കാർ പങ്കെടുത്തിരുന്നെങ്കിലും ഓപ്പറേഷനു നേതൃത്വം നല്കിയതും റെയ്ഡുകൾ നയിച്ചതും, സദ്ദാമിനെ ഒളിത്താവളത്തിൽനിന്നു പുറത്തേക്കു കൊണ്ടുവന്നതും ഡെൽറ്റ ഫോഴ്സ് സൈനികരായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിലേക്കു നയിച്ച റെയ്ഡ് നടത്തിയതും ഡെൽറ്റാ ഫോഴ്സ് തന്നെ.
നേവി സീലുകൾ സമുദ്ര മേഖലയിലെ ഓപ്പറേഷനുകളിൽ വൈദഗ്ദധ്യം കാട്ടുന്പോൾ ഡെൽറ്റ ഫോഴ്സിന്റെ പ്രവർത്തനം കരയിലാണ്. കൃത്യതയുള്ള ആക്രമണങ്ങൾ ഫോഴ്സിന്റെ പ്രത്യേകതയാണ്. സിവിലിയൻ പശ്ചാത്തലവുമായി അതിവേഗം ഒത്തിണങ്ങാനുള്ള കഴിവു മൂലം ‘നിശബ്ദ പ്രഫഷണലുകൾ’ എന്നും ഡെൽറ്റ ഫോഴ്സ് സൈനികർ അറിയിപ്പെടുന്നു.

നിക്കോളാസ് മഡുറോ ഇനി അമേരിക്കയിൽ വിചാരണ നേരിടും. പ്രസിഡന്റ് ട്രംപും യുഎസ് അറ്റോർണി ജനറലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നാർക്കോ ഭീകരത, ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, യുഎസിനെതിരേ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരേ കുറ്റപത്രത്തിൽ പറയുന്നതെന്നാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര ലഹരി കടത്തുകാരെ പിടികൂടുന്നതിനുള്ള അവിശ്വസനീയവും വളരെ വിജയകരവുമായ ദൗത്യം നടത്തിയ ട്രംപിനും യുഎസ് സൈന്യത്തിനും അറ്റോർണി ജനറൽ നന്ദി പറയുകയും ചെയ്തു.
ഒരു രാജ്യം ഭരിക്കുന്ന പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ പത്നിയെയും മറ്റൊരു രാജ്യം സൈനിക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു കടത്തിക്കൊണ്ടുപോകുന്നത് അപൂർവ സംഭവമാണ്.
അമേരിക്കയിലെ മുൻനിര കമാൻഡോ സേനയായ ഡെൽറ്റാ ഫോഴ്സ് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നി സീലിയ ഫ്ലോറസിനെയും അറസ്റ്റ് ചെയ്ത് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.
1989ൽ പാനമയിലെ പട്ടാള ഭരണാധികാരിയായിരുന്ന മാനുവൽ നൊരിയേഗയെ അമേരിക്കൻ സേന അറസ്റ്റ് ചെയ്താണ് ഇതിനോട് ഏകദേശം സമാനത പുലർത്തുന്ന മറ്റൊരു സംഭവം.
മഡുറോയെപ്പോലെ നൊരിയേഗയും തെരഞ്ഞെടുപ്പിൽ ജയിച്ചുവെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമത്വം കാട്ടിയെന്ന ആരോപണം നേരിട്ടിരുന്നു. മഡുറോയെപ്പോലെ നൊരിയേഗയ്ക്കും മയക്കുമരുന്നു കടത്തിൽ പങ്കുള്ളതായും അമേരിക്ക ആരോപിച്ചിരുന്നു.
അതേസമയം, അമേരിക്കയുമായുള്ള യുദ്ധത്തിൽ വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണു നൊരിയേഗ അറസ്റ്റിലാവുന്നത്. വത്തിക്കാൻ എംബസിയിൽ 11 ദിവസം അഭയം തേടിയ നൊരിയേഗയെ ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിക്കുന്ന ‘സൈക്കോളജിക്കൽ യുദ്ധമുറയിലൂടെ’ പുറത്തുചാടിച്ചുവെന്നാണു പറയുന്നത്. അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്കു കൊണ്ടുപോയ നൊരിയേഗയെ മയക്കുമരുന്നു കുറ്റങ്ങൾക്കു ജയിലിൽ അടച്ചു.
മഡുറോയോയ്ക്കും പത്നി സീലിയ ഫ്ലോറസിനും സമാധാന ഗതിയുണ്ടായേക്കാം. മഡുറോയുടെ സർക്കാർ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നടത്തുന്നതായി ട്രംപ് ഭരണകൂടം ആരോപിച്ചിട്ടുള്ളതാണ്.
അദ്ദേഹത്തിന്റെ പത്നി സീലിയ ഫ്ലോറസിനും മറ്റു ബന്ധുക്കൾക്കും എതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയും ഉപരോധങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി അമേരിക്ക മഡുറോയെ ഒരു കുറ്റവാളിയായിട്ടാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തെ പിടികൂടുന്നവർക്ക് അഞ്ചു കോടി ഡോളർ (450 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് നാർക്കോ-ഭീകരവാദം, കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന, അതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയുടെ പേരിൽ ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്ടിൽ നിക്കോളാസ് മഡുറോയെ പ്രതിചേർത്തിരുന്നു.
ഇതിനു പിന്നാലെ മഡുറോയെ അറസ്റ്റ് ചെയ്യുന്നതിന് ഒന്നരക്കോടി ഡോളർ (ഏകദേശം 135 കോടി രൂപ) ട്രംപ് ഭരണകൂടം പ്രതിഫലം വാഗ്ദാനം ചെയ്യുകയുമുണ്ടായി. 2025 ജനുവരിയിൽ ബൈഡൻ ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ ഈ പ്രതിഫലം 2.50 കോടി ഡോളറായി വർധിപ്പിച്ചു.
2025 ജനുവരി 20ന് ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുകയും മഡുറോയുടെ സഹായവും പിന്തുണയുമുള്ള ക്രിമിനൽ ശൃംഖലയായ കാർട്ടൽ ഡി ലോസ് സോളെസിനെ വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പ്രതിഫലം അഞ്ചു കോടി ഡോളറായി ഉയർത്തി. മഡുറോയാണ് കാർട്ടൽ ഡി ലോസ് ഗ്രൂപ്പിന്റെ നേതാവെന്നും ഇത് ഒരു ക്രിമിനൽ സംഘടനയാണെന്നും യുഎസ് ഭരണകൂടം അവകാശപ്പെടുന്നു.
മഡുറോ ഭരണകൂടം ഒരു നാർക്കോ-ഭീകരവാദ സംഘടനയാണെന്ന ആരോപണം രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് യുഎസിന്റെ വാദം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദമെന്നും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞമാസം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഒരു പതിറ്റാണ്ടിലേറെ വേനസ്വേലൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നിക്കൊളാസ് മഡുറോ മൊറോസ് 1962 നവംബർ 23നു കാരക്കാസിലെ ഇടതുപക്ഷ കുടുംബത്തിലാണു ജനിച്ചത്. അച്ഛൻ നിക്കോളാസ് മഡുറോ ഗാർസിയ പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്നു.
കാരക്കാസ് മെട്രോയിൽ ബസ് ഡ്രൈവറായിട്ടാണു നിക്കോളാസ് മഡുറോയുടെ പ്രഫഷണൽ ജീവിതം ആരംഭിക്കുന്നത്. ക്രമേണ തൊഴിലാളി യൂണിയൻ നേതാവായി ഉയരുകയും രാഷ്ട്രീയത്തിൽ വലിയ വളർച്ചകൾ കൈവരിക്കുകയുമുണ്ടായി.
രോഗബാധിതനായി മരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു മഡുറോ. ഷാവേസിനു കീഴിയിൽ 2006 മുതൽ 2012 വരെ വിദേശകാര്യ മന്ത്രിപദവിയും 2012 മുതൽ 2013 വരെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. മരണാസന്നനായ ഷാവേസ് തന്റെ പിൻഗാമിയായി കണ്ടെത്തിയതു മഡുറോയെയാണ്.
ഷാവേസിന്റെ നിര്യാണത്തിനു പിന്നാലെ 2013ൽ നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ നാമമാത്ര ഭൂരിപക്ഷത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ കടുത്ത ഉപരോധങ്ങളിൽ വെനസ്വേലൻ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലു തകർന്നപ്പോഴും ജനകീയ പ്രക്ഷോഭങ്ങളിൽ ക്രമസാധാനം തകർന്നപ്പോഴും ഭരണത്തിൽ മഡുറോയ്ക്കുള്ള പിടി അയഞ്ഞില്ല.
മഡുറോ രണ്ടുവട്ടം വിവാഹിതനായി. ആദ്യഭാര്യ അഡ്രിയാ ഗുവേര ആഞ്ചലോയിൽ നിക്കൊളാസ് മഡുറോ ഗുവേര എന്നൊരു മകനുണ്ട്. വെനസ്വേലൻ സർക്കാരിലെ ഒട്ടേറെ ഉന്നത പദവികൾ മകനു ലഭിച്ചിരുന്നു.
ഇപ്പോഴത്തെ ഭാര്യ സീലിയ ഫ്ലോറസുമായുള്ള മഡുറോയുടെ വിവാഹം 2013ലായിരുന്നു.

വെനസ്വേലയിലെ അമേരിക്കൻ നടപടിയെ ചൈനയും റഷ്യയും അപലപിച്ചു. "ഒരു പരമാധികാര രാജ്യത്തിനെതിരേ അമേരിക്ക നടത്തിയ നഗ്നമായ ബലപ്രയോഗത്തിലും അതിന്റെ പ്രസിഡന്റ് (നിക്കോളാസ് മഡുറോ) യ്ക്കെതിരായ നടപടിയിലും അങ്ങേയറ്റം ഞെട്ടിപ്പോയെന്നും ശക്തമായി അപലപിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
അമേരിക്കയുടെ ഇത്തരം ആധിപത്യപരമായ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തെയും വെനസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്.
ലാറ്റിനമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഇതു ഭീഷണിയാണ്. ചൈന ഇതിനെ ശക്തമായി എതിർക്കുന്നു. അന്താരാഷ്ട്ര നിയമവും യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും പാലിക്കാനും മറ്റു രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നത് അവസാനിപ്പിക്കാനും ഞങ്ങൾ യുഎസിനോട് ആവശ്യപ്പെടുന്നു-ചൈനീസ് വിദേശകാര്യ വക്താവ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും ബലംപ്രയോഗിച്ചു സ്വന്തം രാജ്യത്തുനിന്ന് കടത്തിക്കൊണ്ടുപോയ അമേരിക്കൻ നടപടിയിൽ അതീവ ആശങ്കയുണ്ടെന്ന് റഷ്യ അറിയിച്ചു. അധിനിവേശ പ്രവർത്തനമാണിതെന്നും നിക്കോളാസ് മഡുറോയ്ക്ക് എന്താണു സംഭവിച്ചതെന്ന് അമേരിക്ക വിശദീകരിക്കണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണു ചൈനയും റഷ്യയും.
അതേസമയം, വെനസ്വേലയിലെ യുഎസ് സൈനിക നടപടി ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
വെനസ്വേലയിലെ സൈനികനടപടിയിൽ അതീവ ആശങ്കയുണ്ട്. മേഖലയിൽ ഇതു പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അപകടകരമായ ഒരു കീഴ്വഴക്കത്തിനാണ് ഈ സംഭവം തുടക്കമിടുന്നത്.-യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനി ഡുജാറിക് പറഞ്ഞു. യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും പൂർണമായി ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം സെക്രട്ടറി ജനറൽ ഊന്നിപ്പറയുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
Tags : Venezuela Dictatorship gone Trump US nicolas maduro