കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മേയിൽ പുറത്തിറക്കിയ രണ്ടു ‘ജീൻ എഡിറ്റഡ്’ നെല്ലിനങ്ങൾ രാജ്യത്തെ കാർഷിക ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യമായി ഇന്ത്യ മാറി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ചെടുത്ത ഈ നെല്ലിനങ്ങൾ രാജ്യത്തു പുതിയ ഹരിതവിപ്ലവത്തിനു തുടക്കം കുറിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
ജീൻ എഡിറ്റിംഗിന് ഇളവുകൾ
ആഗോള നെല്ലുത്പാദനത്തിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് ഉയർന്ന അവസരമാണിത്. സർക്കാരിന്റെ കണക്കുകൾ പ്രകാരം 2024-25ൽ രാജ്യത്തെ നെല്ലുത്പാദനം 149.07 ദശലക്ഷം ടണ്ണായിരുന്നു. യുഎസ്ഡിഎയുടെ കണക്കുകൾ പ്രകാരം 2024-25ൽ ചൈനയുടെ നെല്ലുത്പാദനം 145.25 ദശലക്ഷം ടണ്ണും. ഹരിതവിപ്ലവം അരങ്ങേറുന്നതിനു തൊട്ടുമുമ്പ് 1965-66ൽ 31 ദശലക്ഷം ടണ്ണായിരുന്ന സ്ഥാനത്തുനിന്നാണ് ആറു പതിറ്റാണ്ടുകൊണ്ട് നെല്ലുത്പാദനം അഞ്ചിരട്ടിയായി കുതിച്ചുയർന്നത്. പുതിയ നെല്ലിനങ്ങൾ ഗവേഷണ തട്ടിപ്പാണെന്ന് ആരോപിച്ച് ഒരുവിഭാഗം പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
ജനിതക വ്യതിയാനം വരുത്തിയ ജിഎം വിളകളിൽനിന്നു വ്യത്യസ്തമായി ജീൻ എഡിറ്റഡ് നെല്ലിനങ്ങളിൽ ബാക്ടീരിയകളിൽനിന്നോ അന്യവിളകളിൽനിന്നോ എടുത്ത ബാഹ്യ ജീനുകളൊന്നും സന്നിവേശിപ്പിച്ചിട്ടില്ല. എസ്ഡിഎൻ1 (സൈറ്റ് ഡയറക്ടഡ് ന്യൂക്ലിയേസ്1) എന്ന ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നെല്ലിനങ്ങളുടെ തനത് ജെനോമിൽ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ശാസ്ത്രജ്ഞർ ചെയ്തത്.
2022ൽ കേന്ദ്ര സർക്കാർ ജിഎം വിളകൾക്കു നടത്തുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ പരിധിയിൽനിന്ന് എസ്ഡിഎൻ1, എസ്ഡിഎൻ2 എന്നീ ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യകളെ ഒഴിവാക്കിയിരുന്നു. ജീൻ എഡിറ്റഡ് വിളകൾ ആദ്യഘട്ടങ്ങളിൽ ജിഎം വിളകൾക്കു ബാധകമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. എന്നാൽ, പിന്നീട് ചില ഇളവുകളുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായി ജനിതക എൻജിനിയറിംഗ് നടത്തിയ ജീവികൾക്കുവേണ്ടി 1989ൽ രൂപം നൽകിയ ചട്ടത്തിലെ ഏഴു മുതൽ 11 വരെയുള്ള വകുപ്പുകൾ ജീൻ എഡിറ്റഡ് വിളകൾക്കു ബാധകമല്ല. എന്നാൽ, അന്തിമമായി പുറത്തിറക്കുന്നതിനുമുമ്പ് ബാഹ്യ ജീനുകളില്ലെന്നു തെളിയിക്കുകയും ‘റിവ്യു കമ്മിറ്റി ഓൺ ജനറ്റിക് മാനിപുലേഷൻ’ എന്ന കേന്ദ്രസമിതിയുടെ അനുമതി വാങ്ങുകയും വേണം.
കമലയും പുസയും
ജീൻ എഡിറ്റിംഗ് 2001 മുതലുള്ള സാങ്കേതികവിദ്യയാണ്. നാഷണൽ അഗ്രിക്കൾച്ചറൽ സയൻസ് ഫണ്ട് ഉപയോഗിച്ച് ജീൻ എഡിറ്റഡ് നെൽ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം 2018ലാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ആരംഭിച്ചത്. വികസിപ്പിച്ചെടുത്ത രണ്ടു നെല്ലിനങ്ങൾ 2023, 2024 വർഷങ്ങളിൽ അഖിലേന്ത്യാ സംയോജിത നെല്ല് ഗവേഷണ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ വിള പരീക്ഷണങ്ങൾക്കു വിധേയമാക്കി. ഇതിൽ കമല (ഡിആർആർ ധൻ 100) എന്ന ഇനം ഹൈദരാബാദിലെ ഇന്ത്യൻ നെല്ല് ഗവേഷണ സ്ഥാപനമാണു പുറത്തിറക്കിയത്. ഏറെ പ്രചാരത്തിലുള്ള സാംബ മഷൂറി എന്ന ഇനത്തിൽ ജീൻ എഡിറ്റിംഗ് നടത്തി വികസിപ്പിച്ചെടുത്ത കമല 20 ശതമാനം കൂടുതൽ വിളവു നൽകും. ഹെക്ടറിന് 5.37 ടണ്ണാണ് ഉത്പാദനം.15-20 ദിവസം നേരത്തേ മൂപ്പെത്തും. വരൾച്ചയെ പ്രതിരോധിക്കും. കേരളത്തിലും കൃഷി ചെയ്യാം. വർൾച്ചയെയും ഉപ്പുരസത്തെയും ഒരുപോലെ പ്രതിരോധിക്കുന്ന നെല്ലിനമാണ് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുസ റൈസ് ഡിഎസ് ടി1. ക്ഷാരഗുണമുള്ള മണ്ണിലും വളരും. സാധാരണ മണ്ണിൽ വളരുമ്പോഴും നല്ല വിളവു ലഭിക്കും.
കുറച്ചു വെള്ളം, കൂടുതൽ ഉത്പാദനം
ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ രാജ്യത്തെ നെൽകൃഷിയിൽ വഴിത്തിരിവാകുമെന്ന് ഐസിഎആർ അവകാശപ്പെടുന്നു. ഇന്ത്യയിലെ കൃഷിഭൂമിയുടെ 23 ശതമാനത്തോളം വരുന്ന 50 ദശലക്ഷത്തോളം ഹെക്ടറിലാണ് നെൽകൃഷി. ആഗോള നെല്ലുത്പാദനത്തിന്റെ 27 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. 2024-25ൽ ഇന്ത്യ 19.86 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തു. രാജ്യത്തെ നെല്ലുത്പാദനത്തിലുണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികൾ ലോകത്തിന്റെതന്നെ ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കും. കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജലത്തിന്റെ അമിതമായ ചൂഷണം, കുറഞ്ഞ വിഭവ വിനിയോഗശേഷി, അസന്തുലിതമായ രാസവള പ്രയോഗം തുടങ്ങി നിരവധി കാരണങ്ങളാൽ പഞ്ചാബ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നെൽകൃഷി പ്രതിസന്ധിയിലാണ്.
ഒരു കിലോഗ്രാം നെല്ലുത്പാദിപ്പിക്കാൻ കുറഞ്ഞത് 2,500 ലിറ്റർ വെള്ളം വേണം. രാജ്യത്തു ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ 50 ശതമാനവും നെൽകൃഷിയിലേക്കാണു പോകുന്നത്. ചൂടു കൂടുന്ന കാലാവസ്ഥയിൽ ജലലഭ്യത ഗണ്യമായി കുറയും.
അടുത്ത രണ്ടു പതിറ്റാണ്ടിനിടയിൽ നെൽകൃഷിക്കു ലഭ്യമായ ജലം 10-15 ശതമാനംകണ്ട് കുറയും. അതേസമയം ഉത്പാദനം 25 ശതമാനമെങ്കിലും വർധിപ്പിക്കണം. കുറച്ചു വെള്ളംകൊണ്ടു കൂടുതൽ ഉത്പാദനം എന്നതാണ് വെല്ലുവിളി. ഇതിനെ നേരിടാനുള്ള ഉത്തരമാണ് ജീൻ എഡിറ്റിംഗിലൂടെ വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ എന്നാണ് അവകാശവാദം.
സുസ്ഥിര കൃഷിക്കു യോജിച്ചത്
പരമ്പരാഗത പ്രജനന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ജീൻ എഡിറ്റിംഗ് വേഗത്തിൽ ഫലം നൽകും. കൃത്യത കൂടുതലാണ്. ജിഎം വിളകളിൽ ആരോപിക്കപ്പെടുന്ന ജൈവസുരക്ഷാ പ്രശ്നങ്ങളില്ല. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ജീൻ എഡിറ്റഡ് വിളകളെ ജിഎം വിളകൾക്കു ബാധകമായ കർശന സുരക്ഷാ പരിശോധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ പാതയാണ് ഇന്ത്യയും പിന്തുടരുന്നത്.
കമല, ഡിഎസ്ടി റൈസ്1 എന്നീ ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സുസ്ഥിരമായ കൃഷിക്കു യോജിച്ചവയാണ്. അഞ്ചു ദശലക്ഷം ഹെക്ടറിൽ ഈ ഇനങ്ങൾ കൃഷിയിറക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 15-20 ദിവസം മൂപ്പ് കുറവായതിനാൽ രണ്ട്-മൂന്ന് റൗണ്ട് ജലസേചനം കുറയ്ക്കാം. ഇതിലൂടെ 7,500 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ലാഭിക്കാം. അതേസമയം 4-5 ദശലക്ഷം ടൺ നെല്ല് അധികമായി ഉത്പാദിപ്പിക്കാം. ഈ ഇനങ്ങൾ നെൽകൃഷിയിൽനിന്നുള്ള മീഥെയ്ൻ വാതക വിസർജനം കുറയ്ക്കും. നൈട്രജൻ രാസവള വിനിയോഗശേഷിയും കൂടുതലാണ്.
Tags : agriculture Fraud or Green Revolution Green Revolution