പതിറ്റാണ്ടുകളായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇന്ത്യൻ ശാസ്ത്രസ്ഥാപനങ്ങളുടെ കിരീടത്തിലെ രത്നമാണ്. ആഗോള ബഹിരാകാശ സമൂഹത്തിൽ, ഗോലിയാത്തുമാരെ സ്ഥിരമായി മറികടക്കുന്ന ഒരു ‘ദാവീദ്’ ആണ് ഐഎസ്ആർഒ. മംഗൾയാൻ എന്നറിയപ്പെടുന്ന ചൊവ്വ ഗ്രഹദൗത്യത്തിലൂടെ, ആദ്യശ്രമത്തിൽതന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്ര റോവർ ഇറക്കുന്ന ആദ്യരാജ്യമായും ഇന്ത്യ മാറി. ഒരു ഹോളിവുഡ് ബഹിരാകാശ സിനിമ വിപണയിലിറക്കുന്നതിന് ആവശ്യമായ തുകപോലുമില്ലാത്ത ബജറ്റുകൊണ്ടാണ് ഇന്ത്യ ഇതെല്ലാം നേടിയത്.
എന്നാൽ, കഴിഞ്ഞ വർഷം, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) തുടർച്ചയായ രണ്ടു വിക്ഷേപണ പരാജയങ്ങൾ ഉൾപ്പെടെ, മൂന്നു വലിയദൗത്യ പരാജയങ്ങൾ ഐഎസ്ആർഒയുടെ മഹത്തായ ചരിത്രത്തിന്റെ പ്രഭ കെടുത്തി. ‘ലാഭകരമായ ചെലവഴിക്കൽ’, ‘അചഞ്ചലമായ വിശ്വാസ്യത’ എന്നീ ഇരട്ടത്തൂണുകളിൽ നിർമിച്ച ഒരു പദ്ധതിക്ക്, ഇതൊരു സാങ്കേതിക തിരിച്ചടി എന്നതിലുപരി ഖ്യാതിയെ ബാധിക്കുന്നതാണ്; തിരക്കേറിയ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ സ്ഥാനത്തിന് ഭീഷണിയാകുന്ന ഒന്ന്.
ഏകദേശം 30 വർഷമായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പ്രധാന ചാലകശക്തിയായിരുന്നു പിഎസ്എൽവി. അത് ഇന്ത്യയെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിച്ചു, കൂടാതെ ഏകദേശം 400 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. ഇത് ആഗോള വിക്ഷേപണ വിപണിയിൽ ഇന്ത്യക്ക് ലാഭകരമായ ഒരു വിഹിതം നേടിക്കൊടുത്തു. എന്നാൽ, PSLV-C61 (മേയ് 2025), PSLV-C62 (ജനുവരി 2026) ദൗത്യങ്ങളിലെ മൂന്നാം ഘട്ടത്തിലുണ്ടായ അടുത്തിടെയുള്ള അസ്വാഭാവികതകൾ ഭൗമനിരീക്ഷണ, തന്ത്രപ്രധാന ഉപഗ്രഹങ്ങൾ നഷ്ടപ്പെടാൻ കാരണമായി.
ഈ അപകടങ്ങൾ, ഐഎസ്ആർഒയുടെയും അതിന്റെ യഥാർഥ ദൗത്യത്തിന്റെയും ഇടയിൽ വർധിച്ചുവരുന്ന വിടവിന്റെ ഒരു ഭാഗമായിരിക്കാം. തുടക്കത്തിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വികസനത്തിനായി ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതി ജീവിതങ്ങളെ മാറ്റിമറിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ലോകത്തിലെ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിക്കുകയും ചെയ്യുമെന്നായിരുന്നു യുക്തി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു ജീവനാഡിയായി മാറിയ ശക്തമായ ഒരു ഉപഗ്രഹ ശൃംഖല നിർമിച്ചുകൊണ്ട് ഐഎസ്ആർഒ ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കി.
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റവും പിന്നീട് ജിയോസിൻക്രൊണസ് സാറ്റലൈറ്റ് പരമ്പരയും വിദൂരഗ്രാമങ്ങളിൽ കണക്ടിവിറ്റി എത്തിച്ചു. ഇത് സേവനങ്ങൾ കുറവുള്ള ജനങ്ങൾക്ക് ടെലിമെഡിസിനും, മറ്റു സാഹചര്യങ്ങളിൽ പിന്നോട്ടു പോകാൻ സാധ്യതയുള്ള വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പഞ്ചാബിലെയും തമിഴ്നാട്ടിലെയും കൃഷിയിടങ്ങളിൽ, വിളകളുടെ ആരോഗ്യം നിരീക്ഷിക്കാനും ജലവിഭവങ്ങൾ കൈകാര്യം ചെയ്യാനും കർഷകർ റിസോഴ്സാസാറ്റ് പോലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽനിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു. ചുഴലിക്കാറ്റ് സീസണിൽ, ഐഎസ്ആർഒ ഉപഗ്രഹങ്ങളിൽനിന്നുള്ള മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ ദുരിതബാധിതമായേക്കാവുന്ന ജനങ്ങളെ ഒഴിപ്പിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. ഇത് ദൈനംദിന ജീവിതത്തിൽ ഉറച്ച കാൽപ്പാടുകളുള്ള ബഹിരാകാശ സാങ്കേതികവിദ്യയാണ്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും സാങ്കേതിക വിദഗ്ധരെയും തൊഴിൽ നൽകിക്കൊണ്ടും, നിർമാണം മുതൽ സോഫ്റ്റ്വേർ വികസനം വരെയുള്ള വ്യവസായങ്ങളിലെ അസംഖ്യം ആളുകളെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും ബഹിരാകാശ മേഖല സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നേരിട്ടുള്ള മൂല്യവർധന വഴിയല്ല, മറിച്ച് ഉപഗ്രഹ ഡാറ്റയെ ആശ്രയിക്കുന്ന മേഖലകളിലെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലൂടെയും ഈ മേഖല ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളർ സംഭാവന നൽകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിനും വളരെമുന്പേ തന്നെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, അദ്ദേഹത്തിന്റെ ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്ന കാഴ്ചപ്പാടിനെ മുന്നോട്ടു കൊണ്ടുപോയിരുന്നു. പിഎസ്എൽവി പോലുള്ള സ്വന്തം വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചുകൊണ്ട്, വിദേശ സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് കൂടുതൽ വിപുലമായ നൂതനാശയങ്ങൾക്ക് പ്രചോദനമായി, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഒരു സജീവമായ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സഹായിച്ചു.
കൂടാതെ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് വലിയ വരുമാനം നേടുന്നതിനും ഇന്ത്യയുടെ ബഹിരാകാശ സാമർഥ്യം പ്രകടിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ലോക ബഹിരാകാശ വിപണിയിൽ, മിതവ്യയവും മികവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നു തെളിയിച്ചുകൊണ്ട്, വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഒരു ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു.
ഇന്ത്യയുടെ നേട്ടങ്ങൾ രാജ്യത്തിന് നയതന്ത്രപരമായ സ്വാധീനം നൽകിയിട്ടുണ്ട്, ഇത് ബഹിരാകാശ പര്യവേക്ഷണത്തിലും ഗവേഷണത്തിലും ഒരു തുല്യ പങ്കാളിയായി മഹാശക്തികളുമായി ഇടപഴകാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു. മംഗൾയാൻ, ചന്ദ്രയാൻ-3 പോലുള്ള ദൗത്യങ്ങൾ ഇന്ത്യയെ ലോകവേദിയിൽ ഉയർത്തുമ്പോൾ, അവ ഒരു തലമുറയിലെ യുവ ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണാനും ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാനും ശാസ്ത്ര-സാങ്കേതിക രംഗത്ത് കരിയർ തുടരാനും പ്രചോദിപ്പിക്കുന്നു.
എന്നാൽ, നൂതനാശയങ്ങളെ വേഗത്തിൽ വാണിജ്യവത്കരിക്കാനുള്ള സമ്മർദം, പ്രശസ്തമായ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകൽ, ഇന്ത്യൻ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കൽ എന്നിവയുൾപ്പെടെ ഐഎസ്ആർഒയുടെ വളർന്നുവരുന്ന അഭിലാഷം ഗുണനിലവാര നിയന്ത്രണത്തെയും വിതരണ ശൃംഖലകളെയും സമ്മർദത്തിലാക്കുന്നു എന്ന് സമീപകാലത്തെ ഇടർച്ചകൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിന് ഒരു കാരണം വിഭവങ്ങളുടെ അഭാവമാണ്: ഇന്ത്യ അതിന്റെ മുൻകാല നേട്ടങ്ങൾ കൈവരിച്ചത് പരിമിതമായ ബജറ്റിലായിരുന്നു. അതുകൊണ്ടുതന്നെ ആ ബജറ്റ് ശ്രദ്ധേയമായിരുന്നു. ഒരുകാലത്ത് ശാസ്ത്രീയ ജിജ്ഞാസയുടെ വേദിയോ വികസന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വേദിയോ ആയിരുന്ന ബഹിരാകാശം, ദേശീയ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട താവളമായി മാറുമ്പോൾ, ഈ പരിമിതി അവഗണിക്കാൻ കഴിയാത്ത ഒന്നായി മാറുന്നു.
കണക്കുകൾ ഒരു വ്യക്തമായ ചിത്രം നൽകുന്നു. ഇന്ത്യ ബഹിരാകാശത്തിനായി പ്രതിവർഷം ഏകദേശം രണ്ടു ബില്യൺ ഡോളർചെലവഴിക്കുമ്പോൾ, ചൈന 16 ബില്യണും അമേരിക്ക 25 ബില്യണും ചെലവഴിക്കുന്നു. നിലവിൽ ഇന്ത്യ ഏകദേശം 21 സജീവ നിരീക്ഷണ ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ, ചൈന പ്രവർത്തിപ്പിക്കുന്നത് ആയിരത്തിലധികം ഉപഗ്രഹങ്ങളാണ്, അതിൽ 250 എണ്ണം പ്രതിരോധത്തിനായി നീക്കിവച്ചവയാണ്.
ഈ വെല്ലുവിളിയെ കൂടുതൽ വഷളാക്കിക്കൊണ്ട്, കഴിഞ്ഞ വർഷം പാകിസ്ഥാന്റെ ഉപയോഗത്തിനായി നാല് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചൈന സഹായിച്ചു, കൂടാതെ, 20 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിനായി സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും 406 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. അതേസമയം, സമീപകാലത്തെ ദൗത്യ പരാജയങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ 60 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിൽ സംശയങ്ങൾ ഉയർത്തുന്നു.
കുറഞ്ഞ വിക്ഷേപണങ്ങളും ദീർഘമായ ഇടവേളകളും ഇന്ത്യയുടെ മത്സരക്ഷമതയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ വിഹിതം 2017ൽ 35 ശതമാനം ആയിരുന്നത്, കൂടുതൽ കാര്യക്ഷമരായ അന്താരാഷ്ട്ര കമ്പനികൾ വർധിച്ചുവരുന്ന ആവശ്യം മുതലെടുത്തതോടെ 2024ഓടെ പൂജ്യത്തിലേക്ക് തകർന്നു. അതേസമയം, ഐഎസ്ആർഒ അഭിമാന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
തന്ത്രപരമായ ഒരു പുനഃക്രമീകരണം അടിയന്തരമായി ആവശ്യമാണ്. ഇന്ത്യയുടെ മുൻഗണനാ ലോഞ്ചർ ദാതാവായി തുടരുന്നു എന്ന് ഉറപ്പാക്കാൻ, പിഎസ്എൽവിയുടെ നിർമാണ നിലവാരത്തെയും പരിശോധനാ നടപടിക്രമങ്ങളെയുംകുറിച്ച് ഐഎസ്ആർഒ സമഗ്രമായ ഒരു പുനഃപരിശോധന നടത്തണം. അതേസമയം, പ്രതിരോധ സൈനിക ബഹിരാകാശ ശേഷികൾ വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബഹിരാകാശ നയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണ്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഒരു ആഡംബരമല്ല; അത് വികസനത്തിനുള്ള ഒരു നിർണായക ഉപകരണം, നവീകരണത്തിനുള്ള ഒരു ഉത്തേജകം, സുരക്ഷയുടെ ഒരു തൂണ്, ദേശീയ അഭിമാനത്തിന്റെ ഒരു ഉറവിടം എന്നിവയാണ്. ഭാഗ്യവശാൽ, ഐഎസ്ആർഒ മുൻപും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്, അതിന്റെ സാങ്കേതിക വൈദഗ്ധ്യം തർക്കമില്ലാത്തതാണ്. ശ്രദ്ധ കേന്ദ്രീകരിക്കുകയും വിഭവങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഇന്ത്യക്ക് അതിന്റെ ‘ആകാശത്തിലെ കണ്ണുകൾ’ മൂർച്ചയുള്ളതായി നിലനിർത്താനും ഐഎസ്ആർഒയുടെ കഠിനാധ്വാനംകൊണ്ട് നേടിയ കീർത്തി വീണ്ടെടുക്കാനും കഴിയും. ബഹിരാകാശം ഒരുപക്ഷേ അവസാനത്തെ അതിർത്തിയായിരിക്കാം, എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അത് ദേശീയ പരിവർത്തനത്തിന്റെ കഥയിലെ അടുത്ത അധ്യായംകൂടിയാണ്.
© Project Syndicate
www.project-syndicate.org
Tags : space Indian ISRO PSLV Satlite Leader Article