മാറിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളെടുക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ ഉണ്ടായ ഉലച്ചിൽ പരിഹരിക്കാനായിട്ടില്ലെങ്കിലും വിള്ളലുകൾ അധികരിക്കാതെ കാക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്.
അതിനിടെയാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാർഷിക ഉച്ചകോടിയിൽ ഇന്ത്യ-റഷ്യ വ്യാപാര, സാന്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പഞ്ചവത്സര പദ്ധതിക്കും ധാരണയായി. ഇതോടൊപ്പം, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം സമാധാനപരവും ശാശ്വതവുമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
യുദ്ധങ്ങളും മത്സരങ്ങളും വിപണികൾക്കായുള്ള വടംവലികളും പ്രത്യയശാസ്ത്രപരമായ ഭിന്നതകളും ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കിടയിൽ ഇന്ത്യ വ്യത്യസ്തമായ ഒരു പ്രതീക്ഷയുടെ ആഖ്യാനം വാഗ്ദാനം ചെയ്യുന്നു- സംഭാഷണം, പരസ്പര ബഹുമാനം, സഹകരണം എന്നിവയിൽ വേരൂന്നിയ ഒന്ന്.
‘ലോകം ഒരു കുടുംബമാണ്’ എന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ധാർമികതയിൽനിന്ന് ഉരുത്തിരിഞ്ഞ ഇന്ത്യ, വൈവിധ്യത്തിൽ ഐക്യത്തിനും വാചാടോപത്തേക്കാൾ യുക്തിക്കും ധ്രുവീകരണത്തേക്കാൾ സമാധാനത്തിനുംവേണ്ടി വാദിക്കുന്ന ഒരു ധാർമികശക്തിയായി ഉയർന്നുവന്നിട്ടുണ്ട്.
പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനം
ഇന്ത്യയുടെ ഇന്നത്തെ വിദേശനയം തുടർച്ചയെയും മാറ്റത്തെയും പ്രതിനിധീകരിക്കുന്നു, ഇത് ഒരു പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനമാണ്. ബുദ്ധൻ മുതൽ മഹാത്മാഗാന്ധി വരെയുള്ളവർ പകർന്നുനൽകിയ അഹിംസാ സന്ദേശവും ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ ദർശനവും സമാധാനമാണ് ശക്തിയുടെ ആത്യന്തിക പ്രകടനമെന്ന ഇന്ത്യയുടെ ചിരകാല വിശ്വാസത്തിന് അടിത്തറ പാകി. ഇന്ത്യ ഒരു ദരിദ്രരാജ്യമായിരുന്ന കാലത്തുപോലും ലോകത്തിനു മുന്നിൽ ഇന്ദിരാഗാന്ധി പുലർത്തിയ നയതന്ത്ര മികവും ഉറച്ച നിലപാടുകളും ലോകം ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്.
സ്വാതന്ത്യം ലഭിച്ചു പതിറ്റാണ്ടുകൾക്കു ശേഷവും തന്ത്രപരമായ സ്വയംഭരണത്തിന്റെയും ബഹുമുഖ സംവിധാനത്തിന്റെയും രൂപത്തിൽ ഈ പാരമ്പര്യം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സംഘർഷത്തിന്റെയും സഹകരണത്തിന്റെയും വിഷയങ്ങളിൽ നിഷ്പക്ഷതയുടെയും നീതിയുടെയും സ്വതന്ത്രമായ ശബ്ദം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഏതെങ്കിലും ഒരു കൂട്ടായ്മയിൽ ഒതുങ്ങിനിൽക്കാൻ വിസമ്മതിച്ചുകൊണ്ട്, എല്ലാ ആഗോള ശക്തികളുമായും സംയമനത്തോടും സഹവർത്തിത്വത്തോടുംകൂടി ഇന്ത്യ ഇടപഴകുന്നു.
മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യയുടെ പങ്ക്
ഇന്ത്യ ഇന്ന് ലോകത്ത് സമാധാനത്തിന്റെയും സുരക്ഷയുടെയും സ്ഥിരതയുടെയും ശബ്ദമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇന്ത്യ സംസാരിക്കുമ്പോൾ, അത് സ്വയം മാത്രമല്ല, മറ്റു പലർക്കുംവേണ്ടിയും സംസാരിക്കുന്നു എന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പാർലമെന്റിലെ പ്രസ്താവന ഇക്കാര്യം അടിവരയിടുന്നതാണ്.
ആഗോള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഈ പരിവർത്തനം ദൃശ്യമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത്, വിഭജനത്തിനു പകരം ഇന്ത്യ സംഭാഷണത്തിനാണ് പ്രാധാന്യം നൽകിയത്. അക്രമം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിലേക്കു മടങ്ങാനും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള വിശ്വാസ്യത നിലനിർത്തിക്കൊണ്ട് മോസ്കോയുമായും കീവുമായുമുള്ള ഉലഞ്ഞ ബന്ധം സന്തുലിതമാക്കാനും ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തു.
“സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ ആധികാരിക ശബ്ദം അത്യന്താപേക്ഷിതമാണ്” എന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലെബ പോലും സമ്മതിച്ചു. അതുപോലെ, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേൽ, പലസ്തീൻ, ഇറാൻ എന്നിവയുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് വ്യക്തമായ ദിശാബോധവും സാധ്യതയുമുള്ള ഒരു മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യ തങ്ങളുടെ പങ്കിനെ അടിവരയിടുന്ന അപൂർവ നയതന്ത്ര സന്തുലിതാവസ്ഥയാണ്.
സമാധാന നിർമാതാവും പരിരക്ഷകനും എന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത വാക്കുകളിൽ ഒതുങ്ങുന്നില്ല. സ്വാതന്ത്ര്യാനന്തരം 50 ദൗത്യങ്ങളിലായി 2,50,000ലധികം സൈനികരെ വിന്യസിച്ചിട്ടുള്ള ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ്.
ലബനൻ മുതൽ കോംഗോ വരെ, ഇന്ത്യൻ സമാധാന സേനാംഗങ്ങൾ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും യുദ്ധത്തിൽ തകർന്ന സമൂഹങ്ങൾ പുനർനിർമിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. അന്താരാഷ്ട്ര ദൗത്യവേളകളിൽ പ്രകടിപ്പിച്ച പ്രഫഷണലിസം, ആത്മാർഥത, അനുകമ്പ, മനുഷ്യസുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവ രാജ്യത്തിന് പ്രശസ്തി നേടിക്കൊടുത്തു.
സാംസ്കാരിക നയതന്ത്രം
ഇന്ത്യയുടെ സമാധാന ആഖ്യാനത്തിൽ സാംസ്കാരിക നയതന്ത്രവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യോഗ, ആയുർവേദം, ഇന്ത്യൻ തത്വചിന്ത എന്നിവയുടെ ആഗോള ജനപ്രീതി വ്യക്തികൾക്കും സമൂഹങ്ങൾക്കും പ്രകൃതിക്കും ഇടയിലുള്ള ഐക്യത്തെ വിലമതിക്കുന്ന ഒരു നാഗരികത എന്ന ഇന്ത്യയുടെ പ്രതിച്ഛായയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജി 20 പ്രസിഡൻസി സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന സന്ദേശം ഇന്ത്യയുടെ ആഴത്തിലുള്ള മാനുഷിക ലോകവീക്ഷണത്തെ പ്രതിധ്വനിപ്പിച്ചു. അധികാരം തേടുന്ന ഒരു രാഷ്ട്രമായിട്ടല്ല, മറിച്ച് മത്സരിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കും പോരടിക്കുന്ന സാമ്പത്തിക വ്യവസ്ഥകൾക്കും ഇടയിയിൽ സമാധാനത്തിന്റെ പാലം പണിയുന്നയാളായിട്ടാണ് പ്രധാനമന്ത്രി ഇന്ത്യയെ ഉയർത്തിക്കാട്ടിയത്.
എന്നിരുന്നാലും, സമാധാനത്തിന്റെ ശബ്ദമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വെല്ലുവിളികളില്ലാത്തതല്ല. വിരുദ്ധ ചിന്താഗതിയിലും പ്രവർത്തനപാതയിലും നിലകൊള്ളുന്ന അമേരിക്കയ്ക്കും റഷ്യക്കും ഇടയിൽ നിന്നുകൊണ്ട് ഇരുവിഭാഗത്തിനും സ്വീകാര്യമായ ധാർമികതയിലൂന്നിയ നിലപാട് സ്വീകരിക്കുക, ദക്ഷിണേഷ്യയിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് ചൈനയുടെ ഉറച്ച നിലപാട് സന്തുലിതമാക്കുക, പ്രാദേശിക സങ്കീർണതകൾക്കിടയിൽ അതിന്റെ ധാർമിക അധികാരം ഉയർത്തിപ്പിടിക്കുക എന്നിവയെല്ലാം സൂക്ഷ്മമായ ജോലികളാണ്. അധികാര രാഷ്ട്രീയത്താൽ കൂടുതൽ സങ്കീര്ണതകൾ നിർവചിക്കപ്പെടുന്ന ഒരു ലോകത്ത് ഇന്ത്യക്ക് അതിന്റെ സ്വതന്ത്ര നിലപാട് നിലനിർത്താൻ കഴിയുമോ എന്ന് വിമർശകർ പലപ്പോഴും സന്ദേഹിക്കുന്നുണ്ട്. എന്നിരുന്നാലും, കർശനമായ സഖ്യങ്ങളാൽ സ്വയം പരിമിതപ്പെടുത്താനുള്ള ഈ വിസമ്മതമാണ് ഇന്ത്യക്ക് നിഷ്പക്ഷവും വിശ്വസ്തവുമായ ഒരു രാഷ്ട്രമെന്ന നിലയിൽ വിശ്വാസ്യത നൽകുന്നത്. ഇന്ത്യയുടെ ഈ വൈഭവം ലോകം ഏറെ അംഗീകരിക്കുന്നുമുണ്ട്.
പല രാജ്യങ്ങളും മതിലുകൾ പണിത് മുഖം തിരിക്കുന്ന കാലത്ത് ഇന്ത്യ പാലങ്ങൾ പണിയുകയാണ്. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാലം. സമാധാനത്തിനായുള്ള ഇന്ത്യയുടെ ആഹ്വാനം നിഷ്ക്രിയ ആദർശവാദമല്ല, മറിച്ച് പ്രായോഗിക രാഷ്ട്രതന്ത്രമാണ്. അവിശ്വാസത്താൽ തകർന്ന ലോകത്തിന് ഇന്ത്യയെ ഉൾക്കൊള്ളുക എന്നുള്ളത് നിലനിൽപ്പിനായുള്ള അനിവാര്യതയാണ്. സമാധാനം അധികാരത്തിന്റെ അഭാവമല്ല, മറിച്ച് അതിന്റെ ഏറ്റവും ഉദാത്തമായ പ്രകടനമാണെന്ന് വാദിക്കുന്ന സ്ഥിരതയുള്ള, തത്വാധിഷ്ഠിതവും മാനുഷികവുമായ ഒരു ശബ്ദം. അതുതന്നെയാണ് ഇന്ത്യയുടേതായി ഉയർന്നുകേൾക്കുന്നത്. അതുതന്നെയാണ് ലോകം ശ്രവിക്കേണ്ടതും.
Tags : Indian voice of peace foreign policy