പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നിതീഷ് കുമാറും ഇന്ത്യൻ രാഷ്ട്രീയത്തിൽ മഹാദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതു തുടരുകയാണ്. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷിനു പത്താം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കുതിപ്പിനു സ്വർണത്തിളക്കം. ബിഹാറിന്റെ ചാണക്യന് ഇതു ദശാവതാരം.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ 68 ശതമാനം പോളിംഗിന്റെ ഗുണവും എൻഡിഎ സഖ്യത്തിനാണ്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും നിരീക്ഷകർ പ്രതീക്ഷിച്ചതിലും വലിയ തരംഗം. ബിഹാറിലെ 234 അംഗ നിയമസഭയിൽ മാന്ത്രിക നന്പരായ 200 കടന്ന എൻഡിഎയുടെ കുതിപ്പിന്റെ തിളക്കമേറെയാണ്.
പതിനഞ്ചു വർഷം മുന്‍പ് ജെഡിയു- ബിജെപി സഖ്യം നേടിയ 206 സീറ്റുകളെന്ന വൻ റിക്കാർഡിന്റെ തൊട്ടടുത്ത്. 2005ൽ ഇതേ സഖ്യത്തിന് 143 സീറ്റുകളാണുണ്ടായിരുന്നത്. 2015ലെ തെരഞ്ഞടുപ്പിൽ ജെഡിയുമായി സഖ്യത്തിലായിരുന്ന ആർജെഡി, കോണ്‍ഗ്രസ് മുന്നണിക്ക് 178 സീറ്റ് നേടാനായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അന്നു കിട്ടിയത് വെറും 58 സീറ്റുകൾ.
മഹാതോൽവിയിൽ മഹാസഖ്യം
രാഷ്ട്രീയ സുനാമി പോലെ ആഞ്ഞടിച്ച എൻഡിഎ തരംഗത്തിൽ മഹാതോൽവി ഏറ്റുവാങ്ങിയ ആർജെഡി- കോണ്‍ഗ്രസ്- ഇടതു മഹാസഖ്യത്തിനു നിലനിൽപ്പുപോലും വെല്ലുവിളിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ തേരോട്ടം തടയുകയെന്നതും പ്രതിപക്ഷത്തിനു മറ്റൊരു വെല്ലുവിളിയാണ്.
തേജസ്വി യാദവിനേക്കാൾ രാഹുൽ ഗാന്ധിക്കാകും ബിഹാറിലെ ജനവിധി പരീക്ഷണമാകുക. കൊട്ടിഘോഷിച്ചു തുടങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കാര്യമായ ചലനം പോലും സൃഷ്ടിക്കാനായില്ല. എന്നാൽ ഭാവിയിൽ ആർജെഡി, ജെഡിയു പാർട്ടികൾ ക്ഷയിക്കുന്പോൾ, ബിജെപിക്കു ബദലാകാൻ പ്രശാന്തിന് സാധ്യതയുണ്ട്. കോണ്‍ഗ്രസിനാകട്ടെ തകർച്ചയുടെ ആഘാതം കൂടുകയാണ്.
ബിഹാറിൽ തരക്കേടില്ലാത്ത ശക്തിയുണ്ടായിരുന്ന ഇടതു പാർട്ടികളും വല്ലാതെ ക്ഷീണിച്ചത് ഇന്ത്യ സഖ്യത്തിന്റെ മോഹങ്ങൾക്ക് ആഘാതമാണ്. വോട്ടർപട്ടിക ക്രമക്കേട്, വോട്ടുകൊള്ള ആരോപണങ്ങളിൽ പുളയുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ സംശയാസ്പദമാണെന്നത് ഇന്ത്യ സഖ്യത്തിന്റെ തലവേദനകൾ വർധിപ്പിക്കും.
നേട്ടം ബംഗാളിലും ആസാമിലും
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നാലു മാസത്തിനകം നടക്കാനുള്ള നിയസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ബിഹാറിലും എൻഡിഎ നേടിയ മിന്നുന്ന വിജയം ചലനം സൃഷ്ടിക്കും. പശ്ചിമ ബംഗാൾ അടക്കിവാഴുന്ന മമത ബാനർജിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും മറികടന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിനു കിട്ടുന്ന താങ്ങാകും പ്രധാനം. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയുമെന്ന പഴഞ്ചൊല്ലു പോലെയാണു ഡൽഹിക്കു പിന്നാലെ ബിഹാറിലും തകർന്നടിഞ്ഞിട്ടും മാറ്റമില്ലാത്ത പ്രതിപക്ഷത്തെ അനൈക്യം. ബിജെപി വിരുദ്ധ ചേരിയിലാണെങ്കിലും തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യത്തിലില്ല. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും ബിജെപിക്കു നേട്ടമാണ്.
ബംഗാളിൽ ബിജെപിയുടെ കുതിപ്പിനെ തടുക്കാൻ മമതയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. ആസാമിൽ ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്കു ബിഹാറിലെ ജനവിധി തിരിച്ചടിയായേക്കും. ബംഗാളിലും ആസാമിലുമാകും ബിഹാറിലെ വൻകുതിപ്പിന്റെ പ്രയോജനം ബിജെപിക്കു കൂടുതലായുണ്ടാകുക. തുടർച്ചയായ 50 വർഷം ഇന്ത്യ ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയിലേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആർഎസ്എസ് അജൻഡയിലേക്കും ഒരുപടികൂടി അടുത്തുവെന്നാകും സംഘപരിവാറുകാരുടെ വിശ്വാസം.
പോയ ബുദ്ധിആന പിടിച്ചാലും!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പിടിമുറുക്കാനും ഇന്നലത്തെ ജനവിധി കാരണമാകും. ബിഹാറിൽ തോറ്റിരുന്നെങ്കിൽ നിതീഷിനേക്കാളേറെ മോദിക്കും ബിജെപിക്കുമാകും ക്ഷീണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവല ഭൂരിപക്ഷം കിട്ടാതെ പോയതു വിസ്മരിക്കരുതല്ലോ. റായ്ബറേലിയിലും അയോധ്യയിലും അടക്കം യുപിയിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ ക്ഷീണം ചെറുതല്ലായിരുന്നു.
നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സഹായിച്ചില്ലായിരുന്നെങ്കിൽ മോദിയുടെ മൂന്നാം ഭരണം പോലും സാധ്യമല്ലായിരുന്നു. ശിവസേനയേയും എൻസിപിയേയും പിളർത്തേണ്ടിയും വന്നു. ബിജെപി സഖ്യം വിട്ട് രണ്ടു തവണ കോണ്‍ഗ്രസുമായി കൈകോർക്കുകയും യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു രണ്ടു തവണ കോണ്‍ഗ്രസിന്റെ വലയിലെത്തിയ നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറും ഭാവി പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്.
പുകമറയിൽ ഇലക്ഷൻ കമ്മീഷൻ
ദുർബലനായാണ് മോദി 3.0 ഭരണം തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് കരുത്തുകൂട്ടി. തെരഞ്ഞെടുപ്പു കമ്മീഷനെ പൂർണ വരുതിയിലാക്കിയെന്നതു വെറും ആരോപണമല്ല. ഗ്യാനേഷ് കുമാറിനെയും കൂട്ടരെയും നിയമിക്കാനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മാറ്റി പകരം മോദിയും അമിത് ഷായും തീരുമാനിക്കുന്നതിനു പാർലമെന്റിൽ നിയമഭേദഗതി പാസാക്കി. തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുള്ള നിയമത്തിനു പിന്നിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
ഹൈക്കോടതികളിൽ തെരഞ്ഞെടുപ്പു ഹർജിയില്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലെയും സിസിടിവി, വെബ്കാസ്റ്റിംഗ്, ഫോട്ടോ, വീഡിയോ അടക്കമുള്ളവ നശിപ്പിക്കാനുള്ള ഉത്തരവ് തെളിവുകൾ ഇല്ലാതാക്കാനാണെന്നതും കാണാതെ പോകില്ല. ബിഹാറിൽ നടപ്പാക്കുകയും കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തുടങ്ങുകയും ചെയ്ത തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും കൂട്ടിവായിക്കേണ്ടി വരും.
മായാജാലമാകുന്ന നിതീഷ് ഭരണം
രണ്ടു പതിറ്റാണ്ടിനു ശേഷവും സാധാരണയുള്ള ഭരണവിരുദ്ധ വികാരത്തെ ഭരണാനൂകൂല വികാരമാക്കിയ മായാജാലമാണ് നിതീഷിന്റേത്. ജയപ്രകാശ് നാരായണൻ മുതൽ റാം മനോഹർ ലോഹ്യ, എസ്.എൻ. സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി. സിംഗ് എന്നിവരുമായി അടുത്തു പ്രവർത്തിച്ചിരുന്ന നിതീഷ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ടൊരു പ്രതിഭാസമാണ്. രാഷ്ട്രീയത്തിലെ പതിവു കണക്കുകൂട്ടലുകളും ഗുരുത്വാകർഷണങ്ങളും സമവാക്യങ്ങളും തെറ്റിച്ചാലും നിതീഷിന്റെ രാഷ്ട്രീയ, സഖ്യ തന്ത്രങ്ങൾക്കു സമാനതകളില്ല. മോദിയും നിതീഷും സജീവമായിരിക്കുന്നിടത്തോളം പ്രതിപക്ഷത്തിനു കഷ്ടകാലം തുടരും.
Tags : Bihar election NDA BJP RJD Nitish kumar