തിരുവനന്തപുരത്ത് ന്യൂസിലൻഡിനെതിരേ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി സഞ്ജു സാംസൺ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും നല്ലതുതന്നെ.
പക്ഷേ, എന്താണു സംഭവിച്ചത്? ഒരാഴ്ച മുമ്പുതന്നെ പത്രമാധ്യമങ്ങളിലെല്ലാംതന്നെ സഞ്ജു സാംസന്റെ കളി ഗംഭീരമാകുമെന്നും ബാറ്റിംഗ് വെടിക്കെട്ട് ഉണ്ടാകുമെന്നുമൊക്കെ വലിയവായിൽ പറയാൻ തുടങ്ങി. എന്തിന്; ഒരു പാർലമെന്റ് മെംബർ വരെ സഞ്ജുവിനുവേണ്ടി സംസാരിച്ചു. നമ്മൾ എഴുതുന്നതും പറയുന്നതുമൊക്കെ സഞ്ജു സാംസണും കാണുന്നുണ്ടാവുമല്ലോ! താങ്ങാൻ പറ്റാത്ത സമ്മർദമാണ് അതദ്ദേഹത്തിനു നല്കിയിട്ടുണ്ടാവുക. ഇത്രയും സമ്മർദത്തിലായ ഒരാൾ റണ്ണടിച്ചുകൂട്ടിയാൽ മാത്രമേ അദ്ഭുതമുള്ളൂ.
ഞാനും കളി കാണാനുണ്ടായിരുന്നു. പ്രാദേശിക കമന്റേറ്റർമാരും നാട്ടുകാരും സഞ്ജു സാംസണെ വാനോളം പുകഴ്ത്തുന്നത് അസഹ്യമായിരുന്നു. “ഇന്നു സഞ്ജു സാംസൺ കളിക്കും, സെഞ്ചുറിയടിക്കും!”, “കേരളത്തിന്റെ മാനം കാക്കും!”, “മലയാളിതാരം അഭിമാനം”, “മലയാളി ഇന്ത്യയുടെ മാനം കാക്കും!” ഇങ്ങനെ പ്രശംസകളും മുൻവിധികളുംകൊണ്ട് നിറയ്ക്കുകയായിരുന്നു.
ഒരു ബാറ്ററാകുമ്പോൾ ചിലപ്പോൾ റണ്ണെടുക്കാം, എടുക്കാതിരിക്കാം. എല്ലാ കളിയിലും ഒരുപോലെ ശോഭിക്കണമെന്നില്ലല്ലോ. അന്ന് അപ്രതീക്ഷിതമായി അദ്ദേഹം ഔട്ടായി കളം വിടുമ്പോൾ ഗ്രൗണ്ട് നിശബ്ദമാണ്. ഉടൻതന്നെ പത്രമാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തിത്തുടങ്ങുന്നു. കുറേക്കാലമായി കളി മോശമാണ്, കളിയോട് താത്പര്യമില്ല, ഭയമാണ് ഇങ്ങനെ പോയാൽ ഔട്ടാകും!
എനിക്കു പറയാനുള്ളത്, നമ്മൾ ഒരു കളിക്കാരനുമേൽ ഇത്രയും പ്രതീക്ഷ വച്ചുപുലർത്തരുത്. 1971ൽ സുനിൽ ഗാവസ്കർ വെസ്റ്റിൻഡീസിൽ നന്നായി കളിച്ചതിനുശേഷം തിരിച്ചുവന്നു. ആദ്യമായിട്ടാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പത്രത്തിലും ടെലിവിഷനിലും വാർത്തവന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിലും പത്രവും ടെലിവിഷനുമൊന്നും വലിയ ആഘോഷമൊന്നുമാക്കിയില്ല എന്നോർക്കുക.
പതിനാറാമത്തെ വയസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിയ കളിക്കാരനാണ് സച്ചിൻ തെണ്ടുൽക്കർ. പടിപടിയായി അദ്ദേഹം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമായി മാറി. റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് 2008ൽ നാഗ്പുരിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ വളരെ ചെറിയ റണ്ണിൽ ഔട്ടാകുമ്പോൾ ജന്മനാട്ടുകാരായ ഭാരതീയർതന്നെ കൂക്കിവിളിക്കുന്നതും അദ്ദേഹം തലകുമ്പിട്ട് നടന്നുപോകുന്നതും നമ്മൾ കാണുകയുണ്ടായി.
വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും അലൻ ബോർഡറുമൊക്കെ എത്ര തവണ പൂജ്യത്തിൽ ഔട്ടായിട്ടുണ്ട്. അവർ പുറത്തേക്കു പോകുമ്പോൾ ആരും കളിയാക്കാറില്ല. പഴയ വീഡിയോ പരിശോധിച്ചാൽ അതു വ്യക്തമാവും. എന്നാൽ, ഇന്ത്യയിൽ അങ്ങനെയല്ല.
വൈഭവ് സൂര്യവംശിയുടെ കാര്യമെടുക്കുക. കഴിഞ്ഞ കളിയിൽ 16 സിക്സും 20 ഫോറും ഉൾപ്പെടെ 175 റണ്ണെടുക്കുന്നു. അണ്ടർ 19 ലോക കപ്പ് ഇന്ത്യ നേടുകയും ചെയ്തു. പത്രങ്ങളിൽ വലിയ തലക്കെട്ടും വന്നു. നല്ലകാര്യം തന്നെ! എന്നാൽ, ഇതേ സൂര്യവംശി ഡിസംബറിൽ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരേ കൂടുതൽ റൺസെടുക്കാതെ പുറത്താവുമ്പോൾ അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ വൈഭവിനെ കൂക്കിവിളിച്ച് വളരെ മോശമായാണ് പെരുമാറിയതെന്നും നമ്മൾ കണ്ടു.
ഓസ്ട്രേലിയയിലെ പതിനെട്ടുകാരനായ സ്പ്രിന്റർ ഗൗട്ട് ഗൗട്ട് ഇപ്പോൾ ലോകത്ത് ചർച്ചാവിഷയമാണ്. ജന്മനാട് സുഡാനാണെങ്കിലും ഇപ്പോൾ ഓസ്ട്രേലിയയ്ക്കുവേണ്ടി മത്സരിക്കുന്നു. പതിനാലു വയസുള്ളപ്പോൾ 10.7 സെക്കൻഡുകൊണ്ട് നൂറു മീറ്റർ ഓടിയ താരമാണദ്ദേഹം. അണ്ടർ 18 മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റിക്കാർഡ് മറികടക്കുകയും ചെയ്തു.
ഇപ്പോഴും വിവിധ മത്സരങ്ങളിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. 2025ൽ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടക്കാനായില്ല. അതുകൊണ്ട് ഗൗട്ടിനെ ഓസ്ട്രേലിയക്കാർ കൂക്കിവിളിച്ചോ? ബ്രിസ്ബണിൽ നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം മികച്ച സമയം കണ്ടെത്തുകയും ചെയ്തു. ഭാവിയിൽ ഗൗട്ട് ഗൗട്ട് 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്റെ ലോക റിക്കാർഡ് തകർക്കുമെന്നാണ് കായികലോകം വിലയിരുത്തുന്നത്.
ക്രൊയേഷ്യൻ - സെർബിയൻ ദമ്പതിമാരുടെ മകളായി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ പതിനെട്ടു വയസുള്ള ഐവ ജോവിച്ച് മികച്ച ടെന്നീസ് താരമാണ്. വിമൻസ് ടെന്നീസ് അസോസിയേഷനിൽ ആദ്യ ഇരുപതു റാങ്കിംഗിനുള്ളിലാണ് ഇന്ന് ഐവയുടെ സ്ഥാനം. അമേരിക്കക്കാരും ലോകവും ആ പെൺകുട്ടിയെ പ്രശംസിക്കുന്നുണ്ട്. പക്ഷേ, ചില കളികളിൽ ജോവിച്ച് പരാജയപ്പെടുന്നുമുണ്ട്. എന്നാൽ, അവിടെയാരും കൂക്കിവിളിക്കുന്നില്ല.
അതായത്, ഓസ്ട്രേലിയയും അമേരിക്കയും രണ്ടു ലോകോത്തര കായികതാരങ്ങൾക്കായി കാത്തിരിക്കുമ്പോഴും അമിതപ്രശംസകൊണ്ട് അവരെ മൂടുന്നില്ല. അവരുടെ പരാജയങ്ങളിൽ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നുമില്ല. അതുകൊണ്ട് ക്രിക്കറ്റോ ഫുട്ബോളോ അത്ലറ്റിക്സോ എന്തുമാകട്ടെ, ഇന്ത്യക്കാർ സ്വന്തം കായികതാരങ്ങളോട് മാന്യമായി പെരുമാറേണ്ടത് അനിവാര്യമാണ്. വിജയങ്ങളിലെ അമിതമായ പ്രശംസയും പരാജയങ്ങളിലെ കളിയാക്കലുകളും പൂർണമായും ഒഴിവാക്കണം.
സഞ്ജു സാംസണെപ്പോലെയുള്ള കളിക്കാരുടെമേലുള്ള അധികസമ്മർദംകൊണ്ടാകാം അവർ പരാജയപ്പെടുന്നതും പിന്നീട് വാർത്താസമ്മേളനം വിളിക്കുന്നതും നാട്ടുകാരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ക്ഷമപറയുന്നതുമെല്ലാം. അധികമായ പുകഴ്ത്തലും ഇകഴ്ത്തലും അവസാനിപ്പിച്ചാൽ മാത്രമേ സമ്മർദമൊട്ടുമില്ലാതെ കളിക്കാർക്കു മികച്ച വിജയങ്ങൾ നേടാനാകൂ എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക!
Tags : Players peace mind Rishiraj sing sanju samson Vaibhav Suryavamshi