പിറവിക്കുശേഷം ഏഴു ദശകം പിന്നിട്ട കേരളത്തിന്റെ കായികരംഗത്തെക്കുറിച്ചു ചിന്തിക്കുന്പോൾ ഉയർച്ചയും താഴ്ചയും തിരിച്ചുവരവും നിഴലിക്കുന്ന ചിത്രങ്ങളാണ് തെളിയുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ കായിക തലസ്ഥാനമായിരുന്നു കേരളം. എല്ലാ ഇനങ്ങളിലും രാജ്യാന്തര നിലവാരമുള്ള കായികപ്രതിഭകളെ നാം വളർത്തിയെടുത്തു.
ഐക്യകേരളം പിറന്നശേഷം വലിയ വളർച്ചയാണ് കേരളത്തിന്റെ കായികരംഗത്തിനുണ്ടായത്. വലിയൊരു താരനിരതന്നെ ഒളിമ്പിക്സിൽ പങ്കെടുത്തു. സൂപ്പർ ലീഗുകളിലൂടെ കളിയുടെ ആഗോളവത്കരണത്തിലും നാം പങ്കാളികളായി. മെസിയും റൊണാൾഡോയുമൊക്കെ നമ്മുടെ സ്വന്തം സഹോദരന്മാരായി.
എങ്കിലും കായികരംഗത്ത് നാം വളരുകയാണോ എന്ന ചോദ്യം എഴുപതു വർഷത്തിനുശേഷവും വളരെ പ്രസക്തമാണ്. സമീപകാലത്ത് തമിഴ്നാട്, ഹരിയാന, ഒഡീഷ പോലെ പല സംസ്ഥാനങ്ങളും നമ്മെ മറികടന്നു. അവർ കായികരംഗത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങി. നമ്മളാകട്ടെ പാരമ്പര്യം പറഞ്ഞ് "ഉള്ളത് വച്ച് ഉള്ളതുപോലെ' എന്ന നയത്തിലൊതുങ്ങി. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നമ്മൾ അവഗണിച്ചുവെന്നു പറയേണ്ടിവരും.
എവിടെയാണു പിഴച്ചത്? പരിശീലനരീതികളെ ഒരു പരിധിയിൽക്കവിഞ്ഞു കുറ്റം പറയാൻ കഴിയില്ല. അടിസ്ഥാനസൗകര്യങ്ങളാണു പ്രശ്നം. കേരളത്തിൽ സുസജ്ജമായ എത്ര സിന്തറ്റിക് ട്രാക്കുകളുണ്ട് എന്നു നോക്കിയാൽത്തന്നെ ചിത്രം വ്യക്തമാകും. പേരിന് പത്തും പതിനഞ്ചും ട്രാക്കുകളുണ്ട്. എന്നാൽ, ഒരു മീറ്റ് നടത്താന്‍ പറ്റുന്നത് നാലോ അഞ്ചോ മാത്രം. മെസി വരുന്നു എന്നു നമ്മള് കുറേ പറഞ്ഞു. എന്നാല്‍ മെസിക്കു കളിക്കാന്‍ പറ്റിയ, രാജ്യാന്തര ടീമുകള്‍ക്കു കളിക്കാന്‍ പറ്റിയ ഫുട്ബോള്‍ സ്റ്റേഡിയം എവിടെ?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കായികഖനിയാണ് കേരളം. ഇന്‍ഫ്രാസ്ട്രക്ചര്‍ അതിനനുസരിച്ച് മാറ്റിയാലേ പരിശീലന പദ്ധതികള്‍ വിജയിക്കൂ. അതുപോലെ നമുക്ക് നല്ലൊരു സ്പോര്‍ട്സ് സയന്‍സ് സെന്ററില്ല. തമ്മില്‍ ഭേദം തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ ഒരു സെന്റര്‍ മാത്രമാണ്. നല്ലൊരു സ്പോര്‍ട്സ് റിസര്‍ച്ച് സെന്റര്‍ നമുക്കില്ല. സ്പോര്‍ട്സ് സര്‍വകലാശാലയുമില്ല. ഇപ്പോ കുട്ടികളുടെ കഴിവിനനുസരിച്ചാണു പ്രകടനം. ഉള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു എന്നു മാത്രം.
ആരോഗ്യമാണ് ഈ മണിക്കൂറിലെ സുപ്രധാനമായ കാര്യം. നമ്മൾ അങ്ങേയറ്റം അവഗണിക്കുന്നതും പല രാജ്യങ്ങളും പരമപ്രാധാന്യം നല്‍കുന്നതുമായ കാര്യമാണ് കായിക സാക്ഷരത എന്നത്. എല്‍കെജി മുതല്‍ ഏഴാംക്ലാസ് വരെയുള്ള സമഗ്ര പദ്ധതിയാണത്. എങ്ങനെയാണോ ഭാഷയും മറ്റു വിഷയങ്ങളും പഠിക്കുന്നത് അതുപോലെ കുട്ടി ശരിയായ രീതിയില്‍ നടക്കാനും ഇരിക്കാനും ഓടാനും എറിയാനും പിടിക്കാനും പഠിക്കണം. അടിസ്ഥാനചലനങ്ങൾ വികസിപ്പിക്കണം. അതുപോലെ, കായിക സ്കില്‍ വളർത്തണം. എങ്ങനെയാണ് പന്ത് നിയന്ത്രിക്കേണ്ടത്, പാസ് ചെയ്യേണ്ടത്, ഡ്രിബിള്‍ ചെയ്യേണ്ടത്, ടെന്നീസ് റാക്കറ്റ് പിടിക്കേണ്ടത്, ക്രിക്കറ്റ് ബാറ്റ് എങ്ങനെ പിടിക്കണം, നടക്കുമ്പോള്‍ കൈകള്‍ എങ്ങനെ വീശണം, പാദങ്ങള്‍ എങ്ങനെയായായിരിക്കണം, ഇരിക്കുമ്പോള്‍ അപ്പര്‍ ബോഡി എങ്ങനെയായിരിക്കണം ഇതെല്ലാം കൃത്യമായി കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ വളര്‍ന്നുവരുന്ന കുട്ടിക്ക് കായികരംഗം തെരഞ്ഞെടുക്കുമ്പോള്‍ മുന്നേറാൻ ബുദ്ധിമുട്ടുണ്ടാകില്ല. ദേശീയ അന്തര്‍ദേശീയ തലത്തിലെത്തിക്കാന്‍ പരിശീലകർക്കും എളുപ്പമാകും.
നമ്മുടെ രാജ്യത്ത് കായികസാക്ഷരത എന്ന ആശയമില്ല. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അതു നടപ്പാക്കണം. ഇങ്ങനെ ഏഴാംക്ലാസ് വരെ പ്രാഥമിക കാര്യങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ എട്ടാംക്ലാസ് മുതല്‍ മത്സരാധിഷ്ഠിത പരിശീലനത്തിലേക്കു പോകുന്നു. എല്ലാ കായിക ഇനങ്ങളുമായും പരിചയപ്പെടുന്നതുകൊണ്ട് പതിമൂന്നാം വയസ് മുതല്‍ അനുയോജ്യമായ ഇനം തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെ മുപ്പതു വയസു വരെ ശാസ്ത്രീയ രീതികളിലൂടെ പ്രകടനം മെച്ചപ്പെടുത്താനുമാകും. തെറ്റായ രീതിയില്‍ വന്നവരെ പതിനഞ്ചു വയസിനുശേഷം തിരുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.
കായിക സാക്ഷരത നടപ്പാക്കുന്പോൾ വേണ്ടത്ര കായികാധ്യാപകര്‍ വേണം. ഇപ്പോൾ എൽപി സ്കൂളിലും പ്ലസ് ടുവിലും ഒരു കായികാധ്യാപകൻ പോലുമില്ല. യുപിയിലും ഹൈസ്കൂളിലും നാമമാത്രം. ഇക്കാര്യത്തിൽ സർക്കാരിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണ്.
കായികവിദ്യാഭ്യാസത്തിനു മറ്റു വിഷയങ്ങള്‍ക്കു നല്കുന്നത്ര പ്രാധാന്യം നല്‍കണം. ആവശ്യമുള്ള പീരീഡുകള്‍, കളിസ്ഥലങ്ങള്‍ എന്നിവ ഉണ്ടാകണം. ഇതുവഴി മികച്ച കായികതാരങ്ങള്‍ മാത്രമല്ല, നൂറു ശതമാനം ആരോഗ്യമുള്ള തലമുറകൂടിയാണുണ്ടാകുന്നത്. എല്ലാം വേണം വേണം എന്നു നമ്മള് ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ഇച്ഛാശക്തിയോടെ നടപ്പാക്കാറില്ല. കായികവിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയാല്‍ 2036ലെ ഒളിമ്പിക്സില്‍ പത്തിലധികം മെഡലുകള്‍ കേരളത്തില്‍നിന്നുതന്നെ ഉണ്ടാകും.
അതോടൊപ്പം അടിസ്ഥാനസൗകര്യങ്ങളിൽ വ്യക്തമായ ആസൂത്രണം വേണം. സ്പോര്‍ട്സ് സയന്‍സ് വികസിപ്പിക്കണം. "ട്രെയിന്‍ ദ ട്രെയിനര്‍' പ്രോഗ്രാം നടത്തണം. പരിശീലകര്‍ക്ക് ആധുനിക പരിശീലനരീതികളില്‍ റിഫ്രഷര്‍ കോഴ്സുകള്‍ നല്‍കണം. സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക് ഇപ്പോൾ ഭക്ഷണത്തിന്റെ പണം പോലും കിട്ടുന്നില്ല. നല്ല പരിശീലനകേന്ദ്രങ്ങള്‍ക്ക് ആവശ്യമായ പണം കിട്ടുന്നില്ല. ഇതെല്ലാം മാറണം. സ്പോർട്സിനു ചെലവാക്കുന്ന പണം കരുത്തുറ്റ രാജ്യത്തിനുവേണ്ടിയാണെന്ന കാര്യം മറക്കരുത്.
ഒരേ മനസ്, ഒരേ വികാരം
കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് മനോഭാവത്തിൽ വന്ന മാറ്റവും ശ്രദ്ധേയമാണ്. ഞങ്ങളൊക്കെ സ്പോർട്സ് ചെയ്തിരുന്ന സമയത്ത് ക്യാമ്പുകളിലൂടെ കൂട്ടായ്മ വളർത്തിയിരുന്നു. പരസ്പരം പങ്കിട്ടും പ്രോത്സാഹിപ്പിച്ചും ഒരേ മനസോടെ തികഞ്ഞ ടീം സ്പിരിറ്റോടെയായിരുന്നു മത്സരം. ഇപ്പോൾ കാര്യങ്ങൾ കൂറേക്കൂടി വ്യക്തിഗതമായി. സ്വന്തം പരിശീലകരായി. കൂട്ടായ പരിശീലനസാധ്യതകൾ കുറഞ്ഞു. എസ്.എസ്. കൈമൾ സാറിനെപ്പോലെയുള്ള പരിശീലകർ ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. റിലേ ടീം അംഗങ്ങൾ എപ്പോഴും ഒന്നിച്ചായിരിക്കണം എന്നത് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഒരേ മനസും ഒരേ വികാരവും അവരിലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. മാറുന്ന പരിതസ്ഥിതിയിൽ അന്നത്തെപ്പോലെ സാധ്യമാകില്ലായിരിക്കാം. എങ്കിലും കൂട്ടായ്മയുടെ സ്പിരിറ്റ് കായികവിദ്യാഭ്യാസത്തിന്റെ കാതലാണെന്നതു മറക്കരുത്.
Tags : Sports Sports literacy