ഭരണഘടനാ ദിനമായി ആചരിച്ച നവംബർ 26 മുനമ്പത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു ദിനമായിരുന്നു-മുനമ്പംകാരുടെ ഭരണഘടനാപരമായ റവന്യു അവകാശങ്ങൾ സമ്പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഏവരും പ്രതീക്ഷിച്ച ദിനം. പ്രതീക്ഷകൾ പൂർണമായും പൂവിരിഞ്ഞില്ലെങ്കിലും, കരമടയ്ക്കാനുള്ള കോടതിവിധി ലഭിച്ചു എന്നത് മുനമ്പത്തിന് നേട്ടംതന്നെയാണ്.
വഖഫ് ബോർഡിന്റെ ഇടപെടൽ മൂലം തങ്ങൾക്ക് സ്വന്തം ഭൂമിയിൽ കരമടയ്ക്കാനാവില്ല എന്ന് 2022ൽ തിരിച്ചറിഞ്ഞ മുനമ്പംകാർ സംഘടിച്ച് ആരംഭിച്ച ഭൂസംരക്ഷണ സമിതി ആ വർഷം തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ ആവശ്യം തങ്ങളുടെ കരം ഒടുക്കുന്നതിനും പോക്കുവരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ബാധ്യതാരഹിത സർട്ടിഫിക്കറ്റിനും മറ്റുമുള്ള അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം എറണാകുളം ജില്ലാ കളക്ടർക്കും കൊച്ചി തഹസിൽദാർക്കും നൽകണമെന്നായിരുന്നു. അവർക്ക് അനുകൂലമായി അന്ന് സിംഗിൾ ബെഞ്ച് ഇടക്കാലവിധി പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ, അപ്പീൽ നൽകിയ വഖഫ് സംരക്ഷണ സമിതി ഡിവിഷൻ ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങി. അന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിനോട് ആവശ്യപ്പെട്ടത് കേസിൽ വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കാനാണ്. നിർഭാഗ്യവശാൽ, കേസു നടത്തിപ്പ് മുന്നോട്ടു പോയില്ല. ഈയിടെ ഭൂസംരക്ഷണ സമിതിയും നിയമ-റവന്യു വകുപ്പു മന്ത്രിമാരുമായി നടന്ന പലവിധ ചർച്ചകൾക്കു ശേഷമാണ് കേസ് മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായത്.
സർക്കാരിന്റെ സഹായം?
സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ മുനമ്പംകാർക്ക് അനുകൂലമായി കോടതിയിൽ എടുത്ത നിലപാടാണ് ഈ വിധിക്കു പിന്നിൽ എന്നാണ് ഭൂസംരക്ഷണ സമിതിയുടെ ഭാഷ്യം. കോടതി വിശദമായ വാദം കേൾക്കുകയോ, ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തിൽ, കരം അടയ്ക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാൻ തയാറാകണം എന്നാണ് അഡ്വക്കറ്റ് ജനറൽ വാദിച്ചത് എന്ന് നവംബർ 19ന് ജസ്റ്റീസ് സി. ജയചന്ദ്രൻ പുറപ്പെടുവിച്ച കല്പനയിൽ വ്യക്തമാകുന്നു. നവംബർ 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലും വെളിവാകുന്നത് അഡ്വക്കറ്റ് ജനറൽ കരം അടയ്ക്കാനുള്ള അനുവാദത്തിന് അനുകൂലമായ നിലപാടെടുത്തു എന്നാണ്.
കരമടയ്ക്കാനുള്ള സ്റ്റേ നീക്കി മുനമ്പംകാരെ തത്കാലം തൃപ്തിപ്പെടുത്താം എന്ന സർക്കാർ തന്ത്രം വിജയിച്ചു എന്നാണ് ഭൂസംരക്ഷണ സമിതി ഭാരവാഹികളുടെ പ്രതികരണങ്ങളിൽനിന്നു മനസിലാകുന്നത്. എന്നാൽ, സർക്കാരിന്റെ നിലപാടിലെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ട്. കൊച്ചി തഹസിൽദാർ വി.വി. ജയേഷ് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ, ഡിവിഷൻ ബെഞ്ചിന്റെ വിധി പരാമർശിച്ചുകൊണ്ട്, റവന്യു വകുപ്പ് കരം സ്വീകരിക്കുന്നതും റവന്യു സർട്ടിഫിക്കറ്റുകൾ നല്കുന്നതും നീതിയുക്തമായിരിക്കും എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെങ്കിലും, സർക്കാർ ഫയൽ ചെയ്ത അപേക്ഷയിൽ നികുതിയടയ്ക്കാനുള്ള അവകാശം മാത്രം നൽകാമെന്ന നിലപാടാണ് സ്വീകരിച്ചത്!
സർക്കാരിന്റെ അതിക്രമം?
വഖഫ് ബോർഡിന്റെ ഭൂമികൊള്ളയ്ക്ക് ഒത്താശ ചെയ്ത്, 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ മരവിപ്പിച്ചത് വലിയ തെറ്റായിരുന്നു എന്ന് സർക്കാർതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്, രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ച കേരള സർക്കാർ നടപടി അസാധുവാക്കിയ ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ കൊടുത്ത അപ്പീലിൽ സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ നടത്തിയ വാദങ്ങൾ തന്നെയാണ്. മുനമ്പം വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ നടപടികൾ നിയമപരമായി നിലനില്ക്കുന്നതല്ലെന്ന ആ വാദങ്ങൾക്കുള്ള തെളിവുകൾ ഇഴകീറി പരിശോധിച്ചാണ് മുനമ്പം വഖഫ് ഭൂമിയല്ല എന്ന അതിശക്തമായ നിരീക്ഷണം രണ്ടംഗ ബെഞ്ച് നടത്തിയിട്ടുള്ളത്. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അത്ര കടുത്ത ഒരു നിരീക്ഷണത്തിന് കോടതി മുതിരില്ലെന്നും ജുഡീഷൽ കമ്മീഷന് അനുകൂലമായി അന്തിമവിധി നടത്തുക മാത്രമേ ചെയ്യൂ എന്നുമുള്ള പ്രതീക്ഷയിലായിരിക്കണം സർക്കാർ അത്തരം വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്.
മുനമ്പംകാരോട് റവന്യു വകുപ്പ് കാണിച്ചത് അതിക്രമമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു വായിക്കുന്ന ആർക്കും മനസിലാകും. ജസ്റ്റീസ് സുഷ്രുത് അർവിന്ദ് ധർമാധികാരിയും ജസ്റ്റീസ് ശ്യാംകുമാറും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അന്തിമവിധിയിലുള്ള നിരീക്ഷണങ്ങൾ നീതിബോധമുള്ള ആർക്കും ആനന്ദം നല്കുന്നതാണ്. മുനമ്പത്തെ വഖഫാക്കി പ്രഖ്യാപിച്ചുള്ള ബോർഡിന്റെ 2019ലെ വിജ്ഞാപനത്തെ ‘ഭൂമി കൊള്ളയ്ക്കുള്ള തന്ത്രം’ എന്നാണ് വിധിന്യായം വിശേഷിപ്പിക്കുന്നത് (പേജ് 6). മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ച ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇരുപത്തിയഞ്ചാം പേജിൽ ന്യായാധിപന്മാർ പ്രസ്താവിക്കുന്നു: “മുഴുവൻ നീക്കവും ഒരു തട്ടിപ്പായിരുന്നു; വാണിജ്യപരമായ സംഭവവികാസങ്ങൾ കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉയർന്ന വാണിജ്യ മൂല്യം കൈവരിച്ച ഈ വസ്തുവിൽ കണ്ണുവയ്ക്കുന്ന വെറും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് കേരള വഖഫ് ബോർഡ് പ്രവർത്തിച്ചത്.”
നൈയാമികമായ നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കാതെ വഖഫ് ബോർഡ് നല്കിയ ശിപാർശ ഫയലിൽ സ്വീകരിച്ച റവന്യു വകുപ്പും ആ ഭൂമികൊള്ളയ്ക്ക് കൂട്ടുനില്ക്കുകയായിരുന്നു. മുപ്പത്താറു വർഷം മുമ്പ് നിയമപരമായ രേഖകളോടെ വാങ്ങി ആധാരം ചെയ്ത് കരം അടച്ച് ഉപയോഗിച്ചുവന്നിരുന്ന ഭൂമി മുനമ്പംകാരുടേതല്ല എന്നു പറഞ്ഞ് അവരെ റവന്യു തടങ്കലിലാക്കി, അവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസമോ വിവാഹ ജീവിതമോ നിഷേധിക്കപ്പെടും വിധം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് അവരെ തള്ളിയിട്ടതും അവർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകളും അനുവാദങ്ങളും നിഷേധിച്ചതും സർക്കാരിന്റെ റവന്യു വകുപ്പാണ്.
അനന്തമായി നീളുന്ന പരിഹാരം
യഥാർഥത്തിൽ, കഴിഞ്ഞ നാലു വർഷത്തെ അനീതിക്ക് സർക്കാർ പ്രായശ്ചിത്തം ചെയ്യേണ്ടത് 610 കുടുംബങ്ങൾക്കും കനത്ത നഷ്ടപരിഹാരം നല്കിക്കൊണ്ടാണ്. ചുരുങ്ങിയ പക്ഷം, റവന്യു വകുപ്പിന് സംഭവിച്ച തെറ്റ് അംഗീകരിച്ച് സത്വരമായി റവന്യു അവകാശങ്ങൾ തിരികെ നല്കാൻ തങ്ങൾ തയാറാണെന്നു കോടതിയിൽ പ്രഖ്യാപിക്കാനെങ്കിലും സർക്കാർ തയാറാകണമായിരുന്നു. എന്നാൽ, അതിനു പകരം സർക്കാർ ശ്രമിക്കുന്നത്, നാലു വർഷം കൊണ്ട് പാപ്പരായിത്തീർന്നിട്ടുള്ള അവരിൽനിന്ന് കരം പിടിച്ചുവാങ്ങി അവരെ സുഖിപ്പിക്കാനാണ്! ഇവിടെ സുപ്രധാനമായ ഒരു ചോദ്യം ഉയരുന്നുണ്ട്...
കരമടയ്ക്കലാണോ ‘റവന്യു അവകാശങ്ങൾ’?
കരം അടയ്ക്കാൻ അനുവാദം വേണം എന്നതായിരുന്നില്ല, മറിച്ച് റവന്യു അവകാശങ്ങൾ സമ്പൂർണവും സത്വരവുമായി പുനഃസ്ഥാപിക്കണം എന്നതായിരുന്നു മുനമ്പംകാരുടെ മുറവിളി. കരം അടച്ചില്ലെങ്കിൽ പല കാര്യങ്ങൾക്കുമുള്ള റവന്യു വകുപ്പിന്റെ അനുവാദം ലഭിക്കില്ല എന്നതു ശരിയാണെങ്കിലും, കരമടയ്ക്കൽ ഒരു റവന്യു അവകാശമല്ല, റവന്യു കടമയാണ് എന്നതല്ലേ വസ്തുത? റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം എന്ന മുറവിളിക്കുള്ള ശരിയായ മറുപടി കരമടയ്ക്കാൻ അനുവാദം നല്കലല്ല.
ഭൂവുടമസ്ഥതയുള്ള ഒരാൾക്ക് സ്വന്തം ഭൂമിയുടെ മേൽ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. പോക്കുവരവ് നടത്താനുള്ള അവകാശമാണ് മുഖ്യമായത്. ഈ റവന്യു അവകാശത്തിന്റെ ആധികാരിക രേഖ പോക്കുവരവ് സർട്ടിഫിക്കറ്റാണ്. അതിലൂടെ മാത്രമേ ഭൂമിയുടെ മേലുള്ള സമ്പൂർണ അവകാശം ഉണ്ടാകൂ. സ്വന്തം ഭൂമി പോക്കുവരവു നടത്താനുള്ള മുനമ്പംകാരുടെ ഈ അവകാശം ഇപ്പോൾ റവന്യു വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.
ഭൂമി പണയം വയ്ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള അവകാശം ഭൂവുടമസ്ഥനുണ്ട്. അതിന് ആവശ്യമായ കൈവശാവകാശ രേഖയും ബാധ്യതരഹിത രേഖയും ലൊക്കേഷൻ സ്കെച്ചും ലഭിക്കാനുള്ള മുനമ്പംകാരുടെ അവകാശവും ഇപ്പോൾ റവന്യു വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.കൂടാതെ രജിസ്ട്രേഷൻ വകുപ്പിൽനിന്ന് കുടിക്കട സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അവകാശം സുപ്രധാനമാണ്. ഒരു മുന്നാധാരത്തിൽനിന്ന് കൈവശമുള്ള ആധാരം വരെയുള്ള സകല വിവരങ്ങളും അതിൽ ലഭ്യമായിരിക്കും. ഈ അവകാശങ്ങളെല്ലാം ഉടൻ പുനഃസ്ഥാപിക്കാൻ എന്തുകൊണ്ട് സർക്കാർ വക്കീൽ കോടതിയിൽ ആവശ്യപ്പെടുന്നില്ല എന്ന ചോദ്യം സുപ്രധാനമാണ്.
Tags : Munambam Constitution waqf board