ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികളും പറയുന്നു.
സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾക്കും സംശയമുണ്ട്. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷയും നൽകി. ഗാസയിലെ ദഗ്മുഷ് ഗോത്രക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അന്പതിലധികം പേരെ ഹമാസ് വധിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കരാർ പ്രകാരം ഹമാസ് ഇതുവരെ ഇസ്രയേലിനു തിരികെ നൽകിയിട്ടുമില്ല.
ഈ പശ്ചാത്തലത്തിൽ ഹമാസ്-ഇസ്രയേൽ വെടിനിർത്തലിൽ ചരിത്രം ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അറബ്-ഇസ്രയേൽ സംഘർഷപരന്പരയിൽ വെടിനിർത്തൽ ഒരു തുടർക്കഥയാണ്. വെടിനിർത്തുന്നതു വീണ്ടും വെടിവയ്പ് ആരംഭിക്കാൻവേണ്ടി മാത്രമാണെന്നു സംശയിക്കത്തക്കവിധമാണ് മുൻ അനുഭവങ്ങൾ.
അറബ്-ഇസ്രയേൽ യുദ്ധം
ഇസ്രയേൽ എന്ന ആധുനിക രാഷ്ട്രം നിലവിൽ വന്നത് 1948 മേയ് 14നാണ്. 1947 നവംബർ 29ന് ഐക്യരാഷ്ട്രസഭയുടെ ഒരു തീരുമാനമുണ്ടായിരുന്നു, നിലവിലുള്ള പലസ്തീനെ രണ്ടായി വിഭജിച്ച് ഒരു യഹൂദരാഷ്ട്രം രൂപീകരിക്കുന്നതിന്. പലസ്തീന്റെ 55 ശതമാനവും ഇസ്രയേലിന്റെ 45 ശതമാനവും പലസ്തീൻകാർക്ക് എന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ 1948 മേയ് 14ന് ടെൽ അവീവിൽ ചേർന്ന യഹൂദ ദേശീയ സമിതിയുടെയും സയണിസ്റ്റ് ജനറൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനമാണ് ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതായി പ്രഖ്യാപിച്ചത്.
തൊട്ടടുത്ത ദിവസം മേയ് 15നുതന്നെ ഇസ്രയേലിനെതിരേ അറബ് രാഷ്ട്രങ്ങൾ യുദ്ധം പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഒരേസമയം ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രേലി ശിശുവിനെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം മറിച്ചായിരുന്നു. ഇസ്രയേൽ സൈന്യം ശത്രുരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. അമേരിക്കയും സോവ്യറ്റ് യൂണിയനും മധ്യസ്ഥരായി രംഗത്തുവന്നു. മേയ് അവസാനം വെടിനിർത്തലുണ്ടായി.
രണ്ടാം അറബ്-ഇസ്രയേൽ യുദ്ധം 1956 ഒക്ടോബർ 29ന് ആരംഭിച്ചു. നവംബർ ഏഴിനു വെടിനിർത്തലുണ്ടായി. ആറുദിന യുദ്ധം എന്ന് അറിയപ്പെടുന്ന മൂന്നാം അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കം 1967 ജൂൺ അഞ്ചിനായിരുന്നു. ഇസ്രയേലിന്റെ ഏകപക്ഷീയ വിജയത്തോടെ ജൂൺ പത്തിന് വെടിനിർത്തൽ നിലവിൽ വന്നു. ഇതുകൊണ്ടൊന്നും അറബ് രാഷ്ട്രങ്ങൾ പാഠം പഠിച്ചില്ല. വീണ്ടുമുണ്ടായി നാലാം അറബ്-ഇസ്രയേൽ യുദ്ധം. 1973 ഒക്ടോബർ ആറിനു തുടങ്ങിയ യുദ്ധം ഒക്ടോബർ 25ന് വെടിനിർത്തലോടെ അവസാനിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ഈ യുദ്ധങ്ങളിലൊന്നുപോലും ഇസ്രയേൽ ആരംഭിച്ചതല്ല എന്നതാണ്. ഇസ്രയേലിനെ നശിപ്പിച്ചേ അടങ്ങൂ എന്ന വൈരനിര്യാതന ബുദ്ധിയോടെ അറബ് രാഷ്ട്രങ്ങളാണ് ഓരോ ആക്രമണവും ആരംഭിച്ചത്. ഇസ്രയേലിന്റേതു പ്രത്യാക്രമണം മാത്രമായിരുന്നു. നാലു യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങാനുള്ള ദുര്യോഗം അറബ് രാഷ്ട്രങ്ങൾക്കായിരുന്നു. ഓരോ വെടിനിർത്തൽ കഴിയുന്പോഴും മധ്യസ്ഥ രാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി പിടിച്ചെടുത്ത ഭൂഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഇസ്രയേൽ നിർബന്ധിതമായിക്കൊണ്ടിരുന്നു.
ഭീകരരെ ആയുധമണിയിച്ചവർ
നാണംകെട്ട ഈ പരാജയപരന്പരകൾകൊണ്ടു മനം മടുത്തിട്ടാവാം 1973നു ശേഷം അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി നേർക്കുനേർ ഏറ്റുമുട്ടാൻ തുനിഞ്ഞില്ല. പകരം, അവർ ഭീകരസംഘടനകൾക്കു വെള്ളവും വളവും നൽകി. പിഎൽഒ, ഹമാസ്, ഹിസ്ബൊള്ള, ഹൂതികൾ തുടങ്ങിയവരെ തീറ്റിപ്പോറ്റിയതു മുഴുവൻ അറബ് രാഷ്ട്രങ്ങളാണ്. ഇതിൽ പിഎൽഒ മാത്രം ഇസ്രയേലിനോടുള്ള പക ഒട്ടൊന്നു കുറച്ച് പലസ്തീൻ രാഷ്ട്രസ്ഥാപനത്തിൽ ശ്രദ്ധവച്ചതും ചരിത്രം. മറ്റുള്ളവ അറബ് രാഷ്ട്രങ്ങൾ ആസ്ഥാനമാക്കി ഇപ്പോഴും ഇസ്രയേലിന്റെ നശീകരണത്തിനുവേണ്ടി പെടാപ്പാടു പെടുന്നു.
2005ൽ ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഹമൂദ് അഹമ്മദി നെജാദ് സ്ഥാനമേറ്റെടുത്തു നടത്തിയ പ്രഥമ പ്രസംഗത്തിൽ ഇറേനിയന് ജനതയ്ക്കു നൽകിയ വാഗ്ദാനം, ഇസ്രയേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും എന്നായിരുന്നു. അദ്ദേഹം 2009ൽ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ സ്ഥാനമൊഴിയുന്പോഴും അദ്ദേഹത്തിനു തന്റെ പ്രഥമ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല! ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയ് 2024 മേയ് 24ന് ടെഹ്റാനിലെ മോസ്കിൽ തോക്ക് കുത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾക്കു നൽകിയ റംസാൻ സന്ദേശത്തിൽ പറഞ്ഞത്, ഇസ്രയേലിനെ നശിപ്പിക്കണമെന്ന അള്ളാഹുവിന്റെ ആഗ്രഹം ഉടൻ സഫലമാക്കും എന്നായിരുന്നു!
പുതുതന്ത്രം
അറബ് രാഷ്ട്രങ്ങളുടെ പൊതുവേദിയായ അറബ് ലീഗിന്റെ പ്രഥമ സമ്മേളനം 1964 ജനുവരി 13-16 വരെ ഗാസയിൽ നടന്നു. സമ്മേളനത്തിലെ സുപ്രധാന പ്രഖ്യാപനം, തങ്ങളുടെ ലക്ഷ്യം ഇസ്രയേലിന്റെ സന്പൂർണ നാശമാണെന്നായിരുന്നു. ഒരു യുദ്ധത്തിലൂടെ അതു സാധ്യമല്ലെന്നു ബോധ്യമായപ്പോൾ ഭീകരസംഘടനകൾക്ക് ആയുധമെത്തിക്കുക എന്ന പുതുതന്ത്രം സ്വീകരിച്ചു. അറബ് രാഷ്ട്രങ്ങൾ മത്സരിച്ച് ഭീകരരെ ആയുധമണിയിച്ചു. ഇറാൻ മാത്രം ഒരുവർഷം ഹമാസിന് നൽകുന്നത് 350 മില്യൺ ഡോളറാണെന്നു പറയപ്പെടുന്നു.
ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ഏറ്റവും ഒടുവിലത്തെ സാഹസമായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രയേലിനു മേലുള്ള ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ ഒന്നു പകച്ചെങ്കിലും അന്നുതന്നെ അവർ തിരിച്ചടിച്ചു. അതാണ് രണ്ടുവർഷത്തിലധികം നീണ്ട ഗാസാ യുദ്ധമായി പരിണമിച്ചത്.
ഇതിനിടിയിലുമുണ്ടായി വെടിനിർത്തലുകൾ. 2023 നവംബർ 24നായിരുന്നു ആദ്യ വെടിനിർത്തൽ. അത് നവംബർ 30 വരെ ഏഴു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വെടിനിർത്തൽ 2025 ജനുവരി 15നായിരുന്നു. അതു 42 ദിവസം നീണ്ടു. വീണ്ടും ഫെബ്രുവരി 27 മുതൽ യുദ്ധം രൂക്ഷമായി. അതാണ് ഒക്ടോബർ പത്തിലെ വെടിനിർത്തലോടെ ശാന്തമായത്. പക്ഷേ, വെടിനിർത്തലുകളുടെ നിരാശാജനകമായ പരിണാമത്തിൽ കലാശിച്ചിരിക്കുകയാണ്, ലോകത്തിനാകെ ആശ്വാസം നൽകിയ ഒക്ടോബർ പത്തിലെ ഒത്തുതീർപ്പും.
ഓസ്ലോ കരാർ
ഈ വഴിക്കുണ്ടായ പ്രതീക്ഷാനിർഭരമായ ഒരു സമാധാന ഉടന്പടിയായിരുന്നു 1993ൽ പിഎൽഒയും ഇസ്രയേലും ഒപ്പുവച്ച ഓസ്ലോ കരാർ. വെസ്റ്റ് ബാങ്കും ഗാസയും ഉൾപ്പെട്ട പലസ്തീൻ രാഷ്ട്രത്തെയും അതിന്റെ തലവൻ യാസർ അരാഫത്തിന്റെ നേതൃത്വത്തെയും ഇസ്രയേൽ അംഗീകരിച്ചു. ഒപ്പം, ഇസ്രയേലിന്റെ പരമാധികാരത്തെയും യഹൂദരാഷ്ട്രമെന്ന യാഥാർഥ്യത്തെ പിഎൽഒയും അംഗീകരിച്ചു.
പക്ഷേ, സമാധാനകാംക്ഷികളുടെ എല്ലാ പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് ഇറാന്റെ സാന്പത്തിക സഹായത്തോടെ ഹമാസ് എന്ന ഭീകരസംഘടന കരാറിനെതിരേ രംഗത്തു വന്നു. ഹിസ്ബുള്ളയുടെയും ഹൂതികളുടെയും സഹകരണത്തോടെ അവർ ശക്തി പ്രാപിക്കുകയും ഇസ്രയേലിനെതിരേ നിരന്തരം ഭീകരാക്രമണങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിൽ സഹികെട്ടാണ് 1978 ജൂണിലും 1982 ജൂണിലും ഇസ്രയേൽ ലബനനിലെ പിഎൽഒ താവളങ്ങളെ ആക്രമിച്ചത്.
ഈ സംഘർഷങ്ങൾക്കിടയിലും അറബ് രാജ്യങ്ങളുമായി സമാധാനത്തിലാകാനുള്ള ചർച്ചകളിലും ഇസ്രയേൽ താത്പര്യത്തോടെ പങ്കെടുത്തിരുന്നു. എല്ലാ ചർച്ചകൾക്കും മുൻകൈയെടുത്തത് അമേരിക്കയായിരുന്നു. അങ്ങനെയാണ് 1994ൽ ഇസ്രയേൽ-ജോർദാൻ സമാധാന ഉടന്പടി ഒപ്പുവയ്ക്കപ്പെട്ടത്. വീണ്ടും 2020 സെപ്റ്റംബർ 15ന് വൈറ്റ് ഹൗസിൽവച്ച് യുഎഇ, ബഹറിൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളുമായി ഇസ്രയേൽ സമാധാന ഉടന്പടികളിൽ ഒപ്പുവച്ചു. ഇത്തരം ഉടന്പടികളുടെ തുടക്കം 1978ലായിരുന്നു. ഇതിന് മുൻകൈയെടുത്തത് പ്രസിഡന്റ് ജിമ്മി കാർട്ടറാണ്. 1978 മാർച്ചിൽ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന 12 ദിന ചർച്ചകൾക്കൊടുവിലാണ് ഉടന്പടി ഒപ്പുവയ്ക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 1978ലെ സമാധാന നൊബേൽ സമ്മാനം ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രയേൽ പ്രധാനമന്ത്രി ബനാഹെം ബഗിനും ലഭിച്ചു.
എത്ര ഉടന്പടികൾ ഒപ്പുവയ്ക്കപ്പെട്ടിട്ടും മധ്യപൂർവ ദേശത്തിന് ഇന്നും സമാധനം കിട്ടാക്കനിയാണ്. പ്രത്യേകിച്ച് ഇസ്രയേലിന് ഇതിനൊരറുതി എന്നുണ്ടാകുമെന്ന് പ്രവചിക്കാൻ ആർക്കും കഴിയില്ലെന്നതാണ് വാസ്തവം. എങ്ങനെയുണ്ടാകും, അറബ് രാഷ്ട്രങ്ങളുടെ ഉള്ളിൽ ഒടുങ്ങാത്ത ഇസ്രയേൽ വിരോധം തിളച്ചുമറിയുന്പോൾ 1960 സെപ്റ്റംബറിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് നാസർ യുഎൻ ജനറൽ അസംബ്ലിയിൽ തന്റെ പ്രസംഗം ഉപസംഹരിച്ചതിങ്ങനെ: “പലസ്തീൻ പ്രശ്നത്തിന്റെ ഏക പരിഹാരം ഇസ്രയേലിന്റെ നിർമാർജനമാണ്.” 1967ൽ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ചേർന്ന അറബ് ലീഗ് ഉച്ചകോടി പ്രഖ്യാപിച്ചു: “ഇസ്രയേലുമായി സമാധാനമില്ല, അംഗീകരമില്ല, ചർച്ചയുമില്ല.” അതേ, യുദ്ധം എപ്പോഴും അടുത്താണ്. സമാധാനം അകലെയും.
ഉറക്കം വരാത്ത രാത്രികളും സമാധാനമില്ലാത്ത പകലുകളും
രണ്ടു സഹസ്രാബ്ദക്കാലം ജന്മഭൂമി നഷ്ടപ്പെട്ട് ലോകമെങ്ങും അലഞ്ഞുതിരിയേണ്ടിവന്ന ഇസ്രയേൽക്കാർക്ക് 1948ലെ രാഷ്ട്രസ്ഥാപനം ഏറെ പണിപ്പെട്ടിട്ടായാലും കൈവന്ന അപൂർവ സൗഭാഗ്യമായിരുന്നു. പക്ഷേ, സ്വന്തം മണ്ണിൽ ജീവിക്കാനും സ്വന്തം മണ്ണിൽ മരിക്കാനും ആഗ്രഹിച്ച അവരെ കാത്തിരുന്നത് ഉറക്കം വരാത്ത രാത്രികളും സമാധാനമില്ലാത്ത പകലുകളുമായിരുന്നു. സ്വന്തം ധൈഷണിക പ്രഭാവംകൊണ്ടാണവർ ഇത്രയും കാലത്തെ നിരന്തരമായ അയൽപക്കാക്രമണങ്ങളെല്ലാം അതിജീവിച്ചത്.
രണ്ട് ജനത പരസ്പരം സംഘർഷത്തിനു തയാറെടുത്ത് മുഖാമുഖം നൽക്കുന്ന മധ്യപൂർവദേശത്ത് സമാധാനം സമീപകാലത്തൊന്നും പ്രതീക്ഷിക്കാനാവില്ല. ഇസ്രയേൽക്കാരെ പുകച്ചു പുറത്തുചാടിച്ചോ കൊന്നൊടുക്കിയോ ആ ഭാഗം കൂടി തിരികെ പിടിക്കണമെന്ന് പലസ്തീൻ ജനത ആഗ്രഹിക്കുന്നു. അതേസമയം, ഐക്യരാഷ്ട്ര സഭ പലസ്തീൻ ജനതയ്ക്ക് ബാക്കിവച്ച 45 ശതമാനം ഭൂമികൂടി അതു തങ്ങളുടെ പൂർവ പിതാക്കന്മാരുടേതായതുകൊണ്ട് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഇസ്രയേലും കരുതുന്നു. രണ്ടുപേരും പരസ്പരം അംഗീകരിച്ച് രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി നിലകൊള്ളുകയേ പരിഹാരമുള്ളൂ.