അകാലത്തിൽ വിടപറഞ്ഞ ബാലതാരം തരുണിയെ ഓർത്ത് സംവിധായകൻ വിനയൻ. അത്ഭുതബാലികയായിരുന്നു തരുണിയെന്നും ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുത അവർക്കുണ്ടായിരുന്നുവെന്നും വിനയൻ പറഞ്ഞു.
വിനയൻ സംവിധാനം ചെയ്ത് വെള്ളിനക്ഷത്രത്തിലൂടെയാണ് തരുണി മലയാളസിനിമയിലെത്തിയത്. അതേ വർഷം തന്നെ പൃഥ്വിരാജ് ചിത്രം സത്യത്തിലും തരുണി അഭിനയിച്ചിരുന്നു.
വെളളിനക്ഷത്രത്തിന്റെ ചിത്രീകരണവേളയില്‍ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്.
നാലു വയസുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം’ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ ‘സത്യ’ത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ..ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസുള്ളപ്പോൾ 2012ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു’. വിനയൻ കുറിച്ചു.
നാലാം വയസിലാണ് വെള്ളിനക്ഷത്രത്തിൽ തരുണി അഭിനയിക്കുന്നത്. ചിത്രത്തിലെ ‘കുക്കുറു കുക്കുകുറുക്കൻ’ ഇന്നും കുട്ടികളുടെ ഇടയിൽ തരംഗമാണ്.
വ്യവസായിയായ ഹരീഷ് സച്ച് ദേവിന്റെയും ഗീതയുടെയും മകളായി 1998മെയ് 14ന് മുംബൈയിലാണ് തരുണി ജനിച്ചത്.
2012 മേയ് 14ന് തന്റെ പതിനാലാം ജന്മദിനത്തില് നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസോം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അഗ്നി എയര്‍ ഡോര്‍ണിയര്‍ 228 എന്ന വിമാനത്തില്‍ അമ്മ ഗീതയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തരുണി വിമാനം തകര്‍ന്നാണ് മരണപ്പെട്ടത്. ജന്മദിനത്തിന്റെ അന്നു തന്നെയായിരുന്നു തരുണിയുടെ അന്ത്യവും.
Tags : Vinayan Taruni Sachdev