സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിൽ സജ്ജീകരിച്ച ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാരം നേടിയ ആണുങ്ങൾ മുൻനിരയിലും സ്ത്രീകളെ രണ്ടാം നിരയിൽ ഇരുത്തിയതുമാണ് താരത്തെ ചൊടിപ്പിച്ചത്.
സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം ചോദ്യം ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.
"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വീഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസിൽ ചെറിയൊരു അസ്വസ്ഥത പടർത്തി.
സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ഒന്നാം നിരയിൽ മികച്ച നടിയായ ഷംലയ്ക്ക് മാത്രമാണ് ഇരിപ്പിടം ലഭിച്ചത്.
മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. എന്നാൽ പുരുഷൻമാരിൽ മികച്ച നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നിവരെല്ലാം ഒന്നാം നിരയിലായിരുന്നു.
Tags : Ahaana Krishna award ceremony seating arrangement