നടന് ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ ബിജു മേനോൻ പങ്കെടുക്കുന്നില്ലെന്നും നിര്‍മാതാവിനു നഷ്ടമായത് 25 ലക്ഷം രൂപയാണെന്നും അദ്ദേഹം ഫെഫ്കയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന് പ്രമോഷനു ചെല്ലാത്തതുകൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന് കൂടെയാണ്. ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍നിന്നു കിട്ടുന്നതില്‍നിന്നു കുറഞ്ഞത്.
ചെറിയൊരു തുകയാണോ അത്? അതേ നടന് ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്കു പേര് പറയാനൊന്നും മടിയില്ല.
അദ്ദേഹം പോയിട്ടില്ല. പ്രമോഷന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോടു വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂയെന്നാണ്.
സിനിമ പ്രമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്നു കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം.
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ബി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്റെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാവ് - സംവിധായകൻ - പ്രൊഡക്ഷൻ കൺട്രോളർ - നടീനടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാകുകയാണ് ലക്ഷ്യം. ഷൂട്ടിംഗ് നീണ്ടുപോകാൻ കാരണം അഭിനേതാക്കളാണ്. പത്ത് ശതമാനം പോലും ടെക്നീഷ്യന്മാരുടെ പ്രശ്നമില്ല.പതിനാറ് മണിക്കൂർ ഷൂട്ടിംഗ് കാൾ ഷീറ്റ് എന്നത് 12 മണിക്കൂർ ആക്കി. അധികസമയത്തിന് ഓവർടൈം അനുവദിക്കും. വേതന വ്യവസ്ഥയിൽ തീരുമാനം പിന്നീടുണ്ടാകും. ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Tags : Biju Menon B. Unnikrishnan movie news