ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.

ഭാസ്കർ സംവിധാനം ചെയ്ത തമിഴ് പതിപ്പായ ‘ബാംഗ്ലൂർ നാട്ട്ക്കൾ’ എന്ന ചിത്രത്തിൽ റാണ ദഗുബാട്ടി, ആര്യ, ബോബി സിംഹ, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരാണ് അഭിനയിച്ചത്.
റാണ, ഫഹദ് ഫാസിലിന്റെ കഥാപാത്രം കൈകാര്യം ചെയ്തപ്പോൾ ആര്യയാണ് ദുൽഖർ അവതരിപ്പിച്ച കഥാപാത്രമായി എത്തിയത്. നിവിൻ പോളിയുടെ വേഷം ചെയ്തത് ബോബി സിംഹയാണ്. ചിത്രം ബോക്സ്ഓഫിസിൽ വമ്പൻ പരാജയമായിരുന്നു, മലയാളത്തിലെ വിജയം ആവർത്തിക്കാൻ തമിഴ് പതിപ്പിനും ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും സാധിച്ചില്ല.
Tags : Rana Daggubati DULQUER SALMAAN BANGLORE DAYS TAMIL MALAYALAM