ദിലീപ് നായകനായെത്തിയ ചിത്രം ഭഭബയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ. ചിത്രത്തിന്റെ ആദ്യ പകുതി മടുപ്പില്ലാതെ കാണാമെന്നും എന്നാൽ അമിത പ്രതീക്ഷയോടെ ചിത്രം കാണാൻ പോകേണ്ടതില്ലെന്നുമാണ് ആരാധകർ പറയുന്നത്.
ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീതും അഴിഞ്ഞാടിയ ആദ്യ പകുതി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം പകുതിയിലാണ് മോഹൻലാൽ എത്തുന്നത്.
സിനിമയുടെ ടാഗ്ലൈൻ സൂചിപ്പിക്കുന്നത് പോലെ തന്നെ ലോജിക്ക് തരിമ്പും ഇല്ലാത്ത മുഴുനീള മാഡ്നെസ് ആണ് ഫസ്റ്റ് ഹാഫ് എന്ന് പ്രേക്ഷകർ പറയുന്നു. ആരാധകർക്ക് വേണ്ടിയുള്ള ഫാൻസ് ഷോ രാവിലെ എട്ടിന് നടത്തി. തിയറ്ററുകളിൽ ദിലീപ് ആരാധകരുടെ ആഘോഷ പ്രകടനങ്ങളും നടക്കുകയാണ്.
ചിത്രം റിലീസിന് മുൻപ് തന്നെ റിക്കാർഡ് ടിക്കറ്റ് വിൽപന നടത്തിയിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്.
ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസിലൂടെ ചിത്രം നേടിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്തത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
Tags : Dileep Bhabhaba theatre response