ദൃശ്യം 3യിൽ നിന്നും പിന്മാറിയ ബോളിവുഡ് താരം അക്ഷയ് ഖന്നയ്ക്കെതിരെ നിർമാതാക്കൾ നിയമനടപടിക്കൊരുങ്ങുന്നുവെന്ന് സൂചന.
അക്ഷയ് ഖന്നയ്ക്കെതിരെ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണെന്ന് പനോരമ സ്റ്റുഡിയോയുടെ നിർമാതാവ് കുമാർ മംഗത് പഥക് ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു.
"അക്ഷയ് ഖന്നയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നുതവണയാണ് അദ്ദേഹവുമായി ചർച്ചകൾ നടന്നത്. നിരവധി പുനരാലോചനകൾക്കുശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്റെ കഥാപാത്രത്തിന് വിഗ് വേണമെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചു. എന്നാൽ സംവിധായകൻ അഭിഷേക് പഥക് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി'.
"ദൃശ്യം 2ന്റെ തുടർച്ചയാണ് ദൃശ്യം 3. അതിൽ അക്ഷയ്യുടെ കഥാപാത്രത്തിന് വിഗ് ഇല്ല. അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അപ്പോഴും അക്ഷയ്ക്ക് ചുറ്റുമുള്ള ആളുകൾ, വീണ്ടും ഇതേ കാര്യം പറഞ്ഞ് നിർബന്ധിച്ചു. അക്ഷയ് വീണ്ടും ഞങ്ങളെ വിളിച്ച്, ഇതേ കാര്യം പറഞ്ഞു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ഞങ്ങളെ വിളിച്ച്, സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞത്'. നിർമാതാവ് ആരോപിക്കുന്നു.
"അക്ഷയ് സ്വയം ഒരു സൂപ്പർസ്റ്റാറായിട്ടാണ് ഇപ്പോൾ കരുതുന്നത്. വിജയം അദ്ദേഹത്തിന്റെ തലയിലേക്ക് കയറിയിരിക്കുന്നു. ദുരന്ധർ ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നത് താൻ കാരണമെന്നാണ് അദ്ദേഹം കരുതുന്നത്. അക്ഷയ് ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം സെക്ഷൻ 375 എന്ന സിനിമ ചെയ്യുന്നത്'.
"അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാരണം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കരുതെന്ന് പലരും ഞങ്ങളോട് പറഞ്ഞു. അത് സത്യമായിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഷൂട്ടിംഗ് പൂർത്തിയാക്കി. ആ സിനിമ അദ്ദേഹത്തിന് ഒരുപാട് അംഗീകാരം നൽകി. അതിനുശേഷമാണ് ഒട്ടേറെ അവസരങ്ങൾ ലഭിച്ചത്. അതിനുമുമ്പ് എത്രയോ വർഷങ്ങൾ അദ്ദേഹം വീട്ടിൽ വെറുതെയിരുന്നു. ഷൂട്ടിങ്ങിന് 10 ദിവസം മുമ്പാണ് സിനിമയിൽനിന്ന് പിൻമാറുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി 21 കോടിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്'-മംഗത് പഥക് വ്യക്തമാക്കി.
അതേസമയം, അക്ഷയ് ഖന്നയ്ക്ക് പകരം ജയ്ദീപ് അഹ്ലാവത് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തും.
Tags : Drishyam 3 Akshaye Khanna Dhurandhar Sue