മകരുവിളക്ക് ദിവസം അനുമതിയില്ലാതെ ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് നരിവേട്ട സിനിമ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തണമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി.
നേരത്തേ ചിത്രീകരണത്തിന് അനുമതി തേടി സംഘം എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സിനിമ ചിത്രീകരണം എല്ലാ വശങ്ങളും നോക്കി മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനു നടപടി ക്രമങ്ങൾ ഏറെയുണ്ടെന്നും നിർദേശിച്ച് അനുമതി നിഷേധിച്ചിരുന്നു.
മകരജ്യോതി ദർശനത്തിനു ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ടിൽ തീർഥാടകർ കാത്തിരിക്കുന്നതു മകരവിളക്കു ദിവസം വൈകിട്ട് ചിത്രീകരിച്ചതായും അറിയുന്നു. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും.
Tags : Anuraj Manohar sannidhanam shooting without permission