രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ വാർത്ത ഇരുവരും പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദിയെന്നും പ്രിയ കുറിച്ചു.
മൂത്ത മകൻ രണ്ടുവയസുകാരൻ മീറിനും തങ്ങളുടെ വളർത്തു നായകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഈ സന്തോഷ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്.
‘‘ഞങ്ങളുടെ ഏറ്റവും പുതിയ അംഗത്തിന്റെ വരവോടെ, വീട് കൂടുതൽ ഊഷ്മളമാകാൻ ഒരുങ്ങുന്നു! അതെ ! വീണ്ടും ഗർഭിണിയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും പ്രാർഥനയും വേണം സ്നേഹത്തോടെ, അറ്റ്ലി, പ്രിയ, മീർ, ബെക്കി, യൂക്കി, ചോക്കി, കോഫി, ഗൂഫി.’’ പ്രിയ അറ്റ്ലി കുറിച്ചു.
2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. മീര്‍ എന്നാണ് കുട്ടിയുടെ പേര്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം.
ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് വിജയ്യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി മാറി. ടെലിവിഷൻ അവതാരകയായിരുന്നു അറ്റ്ലിയുടെ ഭാര്യ പ്രിയ.
Tags : Atlee Priya Atlee pregnancy