രൺവീർ സിംഗ് നായകനായ ധുരന്ദർ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്കേർപ്പെടുത്തി. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്.
സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരിക.
ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു.
ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ചിത്രത്തിന് പിന്നീട് പ്രദർശനാനുമതി നൽകിയില്ല.
Tags : Ranveer Singh Dhurandhar Gulf countries