ധർമേന്ദ്രയുടെ അന്ത്യകർമങ്ങൾക്കായി ഭാര്യ ഹേമമാലിനിയും മകൾ ഇഷ ഡിയോളും എത്തി. വിലെ പാർലെയിലെ ശ്മശാനത്തിലാണ് അന്ത്യകർമങ്ങൾ നടക്കുന്നത്. വിലെ പാർലെയിലെ പവൻസ് ഹാൻസ് ശ്മശാനത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ. ഷാരുഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവരെല്ലാം സ്ഥലത്തുണ്ട്.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
Tags : Hema Malini Dharmendra last rites bollywood