സിനിമ, ടിവി, സെലിബ്രിറ്റികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ ഐഎംഡിബി 2025ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെയും വെബ് സീരീസുകളുടെയും പട്ടിക പ്രഖ്യാപിച്ചു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ 1: ചന്ദ്ര ഏറ്റവും മികച്ച പത്താം ചിത്രമായി പട്ടികയില്‍ ഇടം നേടി. പട്ടികയിലെ ഏക മലയാള സിനിമയും ഇതാണ്.
ഈ സിനിമയിലെ മികച്ച പ്രകടനത്തിന് 2025 ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കല്യാണി പ്രിയദര്ശന് ഏഴാം സ്ഥാനം നേടിയിരുന്നു. സൈയാര ആണ് ഏറ്റവും മികച്ച ചിത്രം. ഏറ്റവും ജനപ്രിയമായ വെബ് സീരീസായി ആര്യന് ഖാന് സംവിധാനം ചെയ്ത ദി ബാഡ്സ് ഓഫ് ബോളിവുഡിനെ തെരഞ്ഞെടുത്തു.
മഹാവതാര്‍ നരസിംഹ, ഛാവ, കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1, കൂലി, ഡ്രാഗണ്‍, സിതാരെ സമീന്‍ പര്, ദേവ, റെയ്ഡ് 2 എന്നിവയാണ് പട്ടികയിലെ യഥാക്രമം രണ്ട് മുതല്‍ ഒമ്പതാം സ്ഥാനം വരെയുള്ള സിനിമകള്‍. ബ്ലാക്ക് വാറണ്ട്, പാതാള്‍ ലോക് സീസണ്, മണ്ഡല മര്ഡേഴ്സ്, ഖൗഫ്, സ്പെഷ്യല്‍ ഓപ്സ് സീസണ്, കാക്കി: ദി ബംഗാള്‍ ചാപ്റ്റര്‍, ദി ഫാമിലി മാന്‍ സീസണ് 3, ക്രിമിനല്‍ ജസ്റ്റിസ്: എ ഫാമിലി മാറ്റര്‍ എന്നിവയാണ് മികച്ച ഇന്ത്യന്‍ വെബ് സീരീസുകള്‍.
2025 ജനുവരി 1നും നവംബര്‍ 30നും ഇടയില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുകയും, ഐഎംഡിബി ഉപയോക്താക്കളുടെ ശരാശരി റേറ്റിംഗ് ആറോ അതില്‍ കൂടുതലോ ഉള്ളതുമായ എല്ലാ സിനിമകളില്‍ നിന്നും, ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരുടെ പേജ് വ്യൂകളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രഖ്യാപിച്ചതെന്ന് ഐഎംഡിബി ഇന്ത്യ മേധാവി യാമിനി പട്ടോഡിയ പറഞ്ഞു.
Tags : Lokah IMDB 2025 popular Indian films KALYANI PRIYADARSHAN ARUN DOMINIC