ദളപതി വിജയ്യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. ഉലകനായകന് കമല്ഹാസന് ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചകളിലേക്കാണ് കോളിവുഡ് നീങ്ങുന്നത്.
സിനിമയില്‍ വരുത്തുന്ന ഓരോ കട്ടിനും വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ഉലകനായകന് കമല്‍ ഹാസന്റെ ആവശ്യം. സെന്‍സര്‍ ബോര്‍ഡിന്റെ സുതാര്യമല്ലാത്ത നടപടികള്‍ സര്‍ഗാത്മകതയെ തടയുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സിനിമയുടെ റിലീസ് നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ കമല്‍ ഹാസന്, ഇത് ഒരു സിനിമയുടെ മാത്രം പ്രശ്നമല്ലെന്ന് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം സുതാര്യമായിരിക്കണം.
അത് അവ്യക്തതകളാല്‍ തളയ്ക്കപ്പെടരുത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് കൃത്യമായ നീതീകരണം നല്‍കണം. വ്യക്തതയില്ലാത്ത നടപടികള്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് കലയിലുള്ള വിശ്വാസം തകര്‍ക്കുകയും ചെയ്യുമെന്നും കമല്ഹാസന് പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ എല്ലാവരും ഈ വിഷയത്തില്‍ ഒന്നിക്കണമെന്നും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. വെള്ളിയാഴ്ച നടന്ന വാദത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും റിലീസ് ജനുവരി 21-ലേക്ക് നീട്ടുകയും ചെയ്തു.
വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ചിത്രമായതിനാല്‍ ആരാധകര്‍ക്കിടയില്‍ ജനനായകന് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രം തടസപ്പെട്ടത് തമിഴ് ചലച്ചിത്രമേഖലയിലും വലിയ ചര്‍ച്ചയാണ്.
Tags : Jana Nayakaan Kamal Haasan Censor Board