അര നൂറ്റാണ്ടോളം കന്നട സിനിമകൾക്കായി കാമറ ചലിപ്പിച്ച മലയാളത്തിന്റെ സ്വന്തം എം.എസ്. രാജപ്പ ഓർമയായി. 2005ൽ സിനിമാലോകം വിട്ട രാജപ്പ മൈസൂരുവിലെ ജെപി നഗറിൽ വിശ്രമജീവിതം നയിച്ചുവരവെ കഴിഞ്ഞദിവസമാണു മരിച്ചത്. 97 വയസായിരുന്നു.
എറണാകുളം കുമ്പളങ്ങിയിലെ മുടവശേരി രാജപ്പൻ എന്ന രാജപ്പ 1955ൽ തന്റെ 25-ാമത്തെ വയസിൽ മൈസൂരുവിലേക്ക് വണ്ടി കയറിയതാണ്. ചെന്നെത്തിയത് മൈസൂരുവിലെ പ്രീമിയർ സ്റ്റുഡിയോയിലായിരുന്നു. കാമറ സഹായിയായി അവിടെ കൂടി. പിന്നീട് ഇവിടെനിന്ന് 200 ഓളം ചിത്രങ്ങളുടെ ചീഫ് അസിസ്റ്റന്റ് ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചു.
ധർമേന്ദ്ര ആദ്യമായി അഭിനയിച്ച ഷോല ഔർ സ്വപ്ന എന്ന സിനിമ അഭ്രപാളിയിൽ പകർത്തിയത് രാജപ്പയാണ്. കൃഷ്ണ സൈഗാൾ കാമറാമാനായ ഈ ചിത്രത്തിന്റെ ചീഫ് അസിസ്റ്റന്റ് കാമറാമാനായിരുന്നു ഇദ്ദേഹം. കന്നടയിലെ മാടിമനൈ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വന്തം നിലയ്ക്കു കാമറ ചലിപ്പിച്ചത്. കൂടാതെ കൊങ്കിണി, ലംബാണി ഭാഷകളിൽ ആദ്യമായി ഇറങ്ങിയ സിനിമകൾക്കുവേണ്ടിയും രാജപ്പ കാമറയേന്തി.
കന്നട സിനിമാലോകത്ത് ഏറെ പ്രശസ്തി നേടിയ രാജപ്പൻ മലയാളിയായിരുന്നെങ്കിലും മലയാളികൾക്ക് ഇദ്ദേഹം അജ്ഞാതനായിരുന്നു. വല്ലപ്പോഴുമൊക്കെ നാട്ടിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നും മലയാളത്തിനോടില്ല. ജീവിതപങ്കാളിയെ തെരഞ്ഞെടുത്തപ്പോഴും അതും കന്നടയിൽനിന്നുതന്നെയായി.
ഇതിനിടെ 1958ൽ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ കാമറ അസിസ്റ്റന്റായി പ്രവർത്തിച്ചതാണ് മലയാളസിനിമയുമായുള്ള ബന്ധം. മൈസൂരുവിൽ മൂവി ഇന്റർനാഷണൽ എന്നപേരിൽ സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങിയ ഇദ്ദേഹം ഇന്ത്യ എവരിഹോം ക്രൂസേഡ് എന്ന ആഗോള സംഘടനയ്ക്കുവേണ്ടി രണ്ടു ഡോക്യുമെന്ററി സിനിമകൾ ചെയ്തിട്ടുണ്ട്.
കൂടാതെ രണ്ട് ഹോളിവുഡ് സിനിമകൾക്കു പിന്നിലും പ്രവർത്തിച്ചു. ഇടക്കാലത്ത് മൂവിലാൻഡ് സിനിമാമാഗസിന്റെ മൈസൂരു കറൻസ്പോണ്ടന്റായി. ഇതിനിടയിൽ സിറ്റി ഫിലിം ജേർണലിസ്റ്റ് പ്രസിഡന്റ് പദവികൂടി അലങ്കരിച്ചിരുന്നു. കുറച്ചുകാലം ബിബിസിക്കുവേണ്ടിയും കാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ: സത്യപ്രേമകുമാരി. മകൾ: ചിത്ര. മരുമകൻ: രജനികാന്ത് രാജ അരസ്.
Tags : M.S. Rajappa cinematographer Kannada cinema.