മമ്മൂട്ടി, മോഹന്‍ലാല്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറും രണ്ടു പേരുകളല്ല, അഭിമാനമാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി കരുത്തായി നിലകൊള്ളുന്ന, മലയാള സിനിമയുടെ പൂമുഖത്തെ രണ്ടു നെടുംതൂണുകള്‍. ഈ വര്‍ഷം ആരംഭിച്ചത് തന്നെ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാര പെരുമയിലാണ്.
തന്നിലെ നടനെ എന്നും തുടച്ചു മിനുക്കുന്ന മെഗാസ്റ്റാറിന് കഴിഞ്ഞ നാളുകളില്‍ പുരസ്കാരങ്ങളുടെ പെരുമഴ ആയിരുന്നു. കൊടുമണ്‍ പോറ്റി ആയുള്ള പകര്‍ന്നാട്ടത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ വേളയിലാണ് പത്മ പുരസ്കാരവും നടനെ തേടിയെത്തുന്നത്.
മമ്മൂട്ടിക്ക് പത്മ പുരസ്കാരത്തിനുള്ള പൂര്‍ണ യോഗ്യതയുണ്ടായിട്ടും കേന്ദ്രം തഴയുന്നതിനെതിരെ വിവാദം പുകയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഉയര്‍ന്ന അവാര്‍ഡുകള്‍ക്ക് മമ്മൂട്ടിയെ പിന്തുണയ്ക്കാത്തതിലെ അജണ്ടയെ കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ മലയാളത്തിന്റെ മമ്മൂക്കയ്ക്കും പത്മഭൂഷണ്‍ ലഭിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് നല്കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് മമ്മൂട്ടിയെ തേടി പത്മഭൂഷണ്‍ എത്തിയത്. 1998ല്‍ പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് ലഭിച്ചിരുന്നു. മമ്മൂട്ടിക്ക് പത്മഭൂഷണ്‍ കൂടി ലഭിച്ചതോടെ മലയാള സിനിമയ്ക്ക് തിളക്കം ഏറിയിരിക്കുകയാണ്. 2001ല്‍ പത്മശ്രീയും 2019ല്‍ പത്മഭൂഷണും നല്കി മോഹന്‍ലാലിനെ രാജ്യം ആദരിച്ചിട്ടുണ്ട്.
മികച്ച നടനുള്ള ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും മോഹന്‍ലാല്‍ നേടിയിട്ടുണ്ട്. പത്മശ്രീയും പത്മഭൂഷണും നേടിയ മമ്മൂട്ടിയും മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇത്രയധികം പുരസ്കാരങ്ങള്‍ മലയാളത്തിലേക്ക് എത്തിച്ച മറ്റ് നടന്മാരില്ല.
ബോണ്‍ ആക്ടര്‍ എന്ന പദവി എന്നും മോഹന്‍ലാലിന് സ്വന്തമാണ്. അതേസമയം, താന്‍ ബോണ്‍ ആക്ടറല്ല എന്ന് ധീരമായി പ്രഖ്യാപിച്ച വ്യക്തിയാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ ചന്തുവോ പഴശിയോ ആയാലും സേതുരാമന് ആയാലും അലക്സാണ്ടര്‍ ആയാലും ബിലാല്‍ ആയാലും ഭാസ്ക്കര പട്ടേലര് ആയാലും ഗുലാന് ആയാലും മാത്യു ദേവസി ആയാലും ഒരിടത്തും മമ്മൂട്ടി തോറ്റില്ല, പതറിയിട്ടുമില്ല.
സിനിമയിലെ ന്യൂജെന്‍ തെരഞ്ഞെടുപ്പുകള്‍ നടന്റെ കരിയറില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ ആരംഭിച്ച് ഇന്ന് കളങ്കാവല്‍ വരെ എത്തി നില്ക്കുന്ന കരിയറില്‍ എന്നും നവാഗതരെയും പുതുതലമുറ സംവിധായകരെയും കൂടെ കൂട്ടാന്‍ താരം ശ്രമിച്ചിട്ടുണ്ട്. സങ്കീര്‍ണമായ മാനസികാവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളും മമ്മൂട്ടിക്ക് അനായാസമാണ്. പല സിനിമകളിലും പ്രതിഫലമില്ലാതെയും നടന് അഭിയിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചത്. മോഹന്‍ലാലിന്റെ വിരല്‍തുമ്പുകളും പുരികക്കൊടിയും പോലും അഭിനയിക്കും. മഞ്ഞില്‍ വിരഞ്ഞ പൂക്കളിലെ വില്ലന്‍ നരേന്ദ്രനായും പവിത്രത്തിലെ ചേട്ടച്ഛനായും സദയത്തിലെ സത്യനായും നാടോടിക്കാറ്റിലെ ദാസനായും മംഗലശേരി നീലകണ്ഠനായും ജഗന്നാഥനായും സേതുമാധവനായും മേജര്‍ മഹാദേവനായും ബെന്‍സ് ആയും എത്തിയ മോഹന്‍ലാല്‍ പ്രേക്ഷകമനസില്‍ എന്നും കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്.

എംജിആര്‍ ആയി നടന് പകര്‍ന്നാടിയ ഇരുവര്‍ അദ്ദേഹത്തിന്റെ അഭിനയശേഷി എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ്. ശരീരഭാഷയും മാനറിസങ്ങളും കൊണ്ട് അമ്മാനമാടുന്നതാണ് കാണാനാവുക. പുതിയ കാലത്തെ ചില സിനിമകളില്‍ കാലിടറിയപ്പോഴും പ്രേക്ഷകര്‍ എന്നും താരത്തെ നെഞ്ചോട് ചേര്‍ക്കാനുള്ള കാണം മുമ്പ് ചെയ്തു വച്ചിട്ടുള്ള അനശ്വര കഥാപാത്രങ്ങള്‍ കൊണ്ടുതന്നെയാണ്.
മാത്മല്ല, മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ എടുത്തു നോക്കിയാല്‍ ഈ പറയുന്ന താരരാജാക്കന്മാരെ അതില്‍ കാണാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. സിനിമകളില്‍ ഒന്നിലും മോഹന്‍ലാലോ മമ്മൂട്ടിയോ ഇല്ല, പകരം കഥാപാത്രങ്ങള്‍ മാത്രം. ഇത്രത്തോളം മികവാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മലയാളത്തില്‍ മറ്റ് അഭിനേതാക്കളില്ല.
ഇരുതാരങ്ങളുടെയും ആരാധകര്‍ ചിലപ്പോള്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും അവര്‍ എന്നും ജീവിതത്തില്‍ ഇച്ചാക്കയും ലാലും മാത്രമാണ്. പാന്‍ ഇന്ത്യന്‍ എന്നതിനപ്പുറം ലോകം മുഴുവന്‍ കാണുന്ന സിനിമയായി മലയാള സിനിമ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ പുരസ്കാരങ്ങളും ആഘോഷങ്ങളും ആവേശവും ഒന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലാണ് സൂപ്പര്‍ താരങ്ങള്‍. കാരണം കരിയറില്‍ വരാനിരിക്കുന്ന സിനിമകള്‍ നിര നിരയായി നില്‍ക്കുകയാണ്.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന പാട്രിയറ്റ് എന്ന ചിത്രത്തിനായി ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ മഹാ സംഭവമായി എത്തുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍ സ്റ്റാറുകൾ എന്ന് വിളിച്ചാലും അഭിനയം മോശമായാല്‍ തള്ളിക്കളയുന്നവരാണ് മലയാളി പ്രേക്ഷകര്‍. അതുകൊണ്ട് തന്നെ ഏതൊക്കെ പുത്തന്‍ ഉദയങ്ങള്‍ ഉണ്ടായാലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തട്ട് താണു തന്നെയിരിക്കും.
Tags : mammootty mohanlal padmabhooshan phalkeaward