മലയാളസിനിമയുടെ സീൻ മാറ്റി മറിച്ച് വീണ്ടും മഞ്ഞുമ്മൽ ബോയ്സ്. പത്ത് സംസ്ഥാന പുരസ്കാരങ്ങളാണ് ചിദംബരവും കൂട്ടുകാരും വാരിക്കൂട്ടിയത്. മലയാളികൾ ഒന്നടങ്കം കഴിഞ്ഞ വർഷം ഏറ്റവുമധികം ആഘോഷിച്ച പേരായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
പുരസ്കാര പ്രഖ്യാപനത്തിലെ സമഗ്ര മേഖലയിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രകടനം നടത്തി. മികച്ച ചിത്രം, സംവിധായകൻ, ഛായഗ്രാഹകൻ, സ്വഭാവ നടൻ, തിരക്കഥാകൃത്ത്, ഗാനരചിതാവ്, കലാസംവിധായകൻ, ശബ്ദമിശ്രണം, ശബ്ദരൂപ കൽപന, പ്രൊസസിംഗ് ലാബ്/ കളറിസ്റ്റ് എന്നീ പത്ത് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
മഞ്ഞുമ്മൽ എന്ന കൊച്ചിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും കൊടൈക്കനാലിലേക്ക് വണ്ടികയറിയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കളിചിരികളും മാനസിക വ്യഥകളും അവർ ചെന്നുപെടുന്ന അതിഭീകരമായ പ്രതിസന്ധികളും എങ്ങനെ അതിനെ മറികടക്കുന്നു എന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
സൗഹൃദത്തിന് എത്രമാത്രം വിലയും ദൃഢതയുമുണ്ടെന്ന് മനസിലാക്കി തന്നൊരു ചിത്രവും കൂടിയാണിത്. തങ്ങളുടെ കൂട്ടുകാരനെ വിട്ടുകൊടുക്കാൻ മനസില്ലാത്തവരുടെ കഥ മികച്ച തിരക്കഥയോടെ അഭ്രപാളിയിലെത്തിച്ച ചിദംബരത്തിനാണ് ആദ്യത്തെ കൈയടി.
മികച്ച സംവിധായകനുള്ള പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടിയിരിക്കുന്നത് ചിദംബരമാണ്. ചിത്രത്തിലെ കുട്ടേട്ടനെ അനശ്വരമാക്കിയ സൗബിന് മികച്ച സ്വഭാവനടനുള്ള പുരസ്കാരവും ലഭിച്ചു. പാർശ്വവൽക്കരിപ്പെട്ട ജീവിതങ്ങളുടെ വേദനകളും രോഷവും വിയർപ്പു തുന്നിയിട്ട കുപ്പായത്തിലൂടെ ആവാഹിച്ചെടുത്ത വേടന് മികച്ച രചിതാവിനുള്ള അവാർഡ് നൽകിയതാണ് ജൂറിയുടെ മികച്ച തീരുമാനങ്ങളിലൊന്ന്.
ഷൈജു ഖാലിദിന്റെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ മഞ്ഞുമ്മൽ ബോയിസിനെ കണ്ടതെന്ന് പറയുന്നതാകും ഒരു കണക്കിന് ശരി. കാരണം ഷൈജു ഖാലിദ് ഒപ്പിയെടുത്ത ഓരോ ഫ്രെയിമും ഒന്നിനൊന്ന് മികച്ചതായിരുന്നു.
കലാസംവിധാനത്തിനുള്ള പുരസ്കാരത്തിനും ഏറ്റവും അർഹനായ വ്യക്തി ഗുണാ കേവും പരിസരവും അതിഗംഭീരമായി ഒരുക്കിയെടുത്ത അജയൻ ചാലിശേരി തന്നെയാണ്. അയാൾക്കല്ലാതെ മറ്റാർക്കാണ് ആ പുരസ്കാരം കൊടുക്കാനാകുക?. ഏറ്റവും മികച്ച കലാസൃഷ്ടി മലയാളസിനിമ കണ്ടതാണ് ഈ ചിത്രത്തിലൂടെ. ശബ്ദവും തിരക്കഥയും കളറിംഗുമടക്കം പത്തുമേഖലയും ഈ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. പ്രിയ മഞ്ഞുമ്മൽ ടീം അഭിനന്ദനങ്ങൾ.
Tags : Chidamabaram Manjummel Boys State film award Soubin Shahir Ajayan Chalissery Shyju Khalid