ഭാരതപ്പുഴയുടെ തീരത്ത് തിരുന്നാവയുടെ മണ്ണിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് നിഖില വിമലിന്റെ സഹോദരിയും സന്യാസിനിയുമായ അവന്തിക ഭാരതി. ആത്മീയതയുടെ പാത പിന്തുടർന്ന് അഖില എന്ന് പേര്മാറ്റി അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചയാളാണ് നിഖിലയുടെ സഹോദരി.
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.
ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.
സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു.
‘‘എന്തൊരു തേജസ്. എന്തൊരു ഐശ്വര്യം. പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. കണ്ടു, അവരും തിരുനാവായിൽ ഉണ്ട്. സന്തോഷം.’’നിസാരി മേനോൻ എന്ന ബ്ലോഗർ കുറിച്ചു.
അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.
സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില എന്ന അവന്തിക ഭാരതി.
Tags : nikhila vimal akhila bharathi malayalam movie