നിവിൻ പോളി നായകനാകുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടന്ന രസകരമായ ഒരു വാക്പോരാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രോളായി വരുന്നത്. ബി. ഉണ്ണികൃഷ്ണനെ ട്രോളി അത് സ്വയം ചോദിച്ചു വാങ്ങിയ ലിസ്റ്റിൻ എന്ന രീതിയിലാണ് ട്രോളുകൾ വരുന്നത്.
സിനിമാ മേഖലയിലെ വിലക്ക് പരോക്ഷമായി പരാമർശിച്ച ലിസ്റ്റിന്റെ വാക്കുകളാണ് ബി. ഉണ്ണികൃഷ്ണനെ ചൊടിപ്പിച്ചത്.
‘‘സാധാരണ സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. പക്ഷേ ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാൻ ചെയ്യുന്നതിന് ഇടയ്ക്ക് വേണം ഒരു സിനിമ സംവിധാനം ചെയ്യാൻ. ഒരുപാട് ടാസ്കുകൾ ചെയ്യുന്നതിനോടൊപ്പമാണ് ഉണ്ണിയേട്ടൻ സിനിമകൾ ചെയ്യുന്നത്.’’ ഇതായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ.
സിനിമാ സംഘടനകളുടെ തലപ്പത്തിരുന്ന് ബി. ഉണ്ണികൃഷ്ണൻ എടുക്കുന്ന തീരുമാനങ്ങളെയും സിനിമാ മേഖലയിലെ വിവാദങ്ങളെയും മുൻനിർത്തിയായിരുന്നു ലിസ്റ്റിന്റെ ഈ പരാമർശം.
ലിസ്റ്റിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ മൈക്കിന് മുന്നിലെത്തിയ ബി. ഉണ്ണികൃഷ്ണൻ രസകരമായ മറുപടിയുമായി രംഗത്തെത്തി. ‘‘ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു, പക്ഷേ എത്ര നിയന്ത്രിച്ചാലും ഉള്ളിലുള്ളത് പുറത്തു വരുന്നതുകൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.’’
ലിസ്റ്റിന്റെ സ്വതസിദ്ധമായ ശൈലിയെക്കുറിച്ചുള്ള ഉണ്ണികൃഷ്ണന്റെ ഈ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ചോദിച്ചു വാങ്ങിയ ട്രോൾ’ എന്ന രീതിയിലാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.
Tags : prathichaya movie prathichaya b unnikrishnan listin stephen